തിരുവനന്തപുരത്ത് വീട്ടില്‍ കിടപ്പുരോഗിയായ വയോധിക മരിച്ച നിലയില്‍; ഭര്‍ത്താവ് ഷോക്കേറ്റ് ബാത്ത്‌റൂമില്‍, അന്വേഷണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st April 2022 05:01 PM  |  

Last Updated: 21st April 2022 05:01 PM  |   A+A-   |  

death

പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: വീടിനുള്ളില്‍ വയോധികയെ മരിച്ചനിലയിലും ഭര്‍ത്താവിനെ ഷോക്കേറ്റ് അവശനായനിലയിലും കണ്ടെത്തി. പാപ്പനംകോട് വിശ്വംഭരം റോഡില്‍ താമസിക്കുന്ന ഗിരിജാകുമാരിയെയാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഭര്‍ത്താവ് സദാശിവന്‍ നായര്‍ ശൗചാലയത്തില്‍ ഷോക്കേറ്റ് കിടക്കുകയായിരുന്നു. അവശനായിരുന്ന ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വ്യാഴാഴ്ച ഉച്ചയോടെ ദമ്പതിമാരുടെ മകന്‍ വീട്ടില്‍ എത്തിയപ്പോഴാണ് ഗിരിജാകുമാരിയെ മരിച്ചനിലയില്‍ കണ്ടത്. മകന്‍ വീട്ടില്‍ എത്തിയപ്പോള്‍ വാതില്‍ പൂട്ടിയനിലയിലായിരുന്നു. ഏറെനേരം വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്തുകടന്നതോടെയാണ് ഗിരിജാകുമാരിയെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. കട്ടിലില്‍ കിടക്കുന്നനിലയിലായിരുന്നു മൃതദേഹം.

മുറിയിലെ ശൗചാലയത്തിലാണ് സദാശിവന്‍നായരെ ഷോക്കേറ്റ് അവശനായനിലയില്‍ കണ്ടെത്തിയത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം. ഇദ്ദേഹം സ്വയം വൈദ്യുതാഘാതം ഏല്‍പ്പിച്ചതാണെന്നും പൊലീസ് കരുതുന്നു. സംഭവത്തില്‍ നേമം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, ഗിരിജാകുമാരി എങ്ങനെയാണ് മരിച്ചതെന്ന് സംബന്ധിച്ച് ഇതുവരെ വ്യക്തതയില്ല. ഇക്കാര്യങ്ങളടക്കം കണ്ടെത്താന്‍ വിശദമായ അന്വേഷണം നടത്തണമെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ 20 വര്‍ഷമായി സദാശിവന്‍ നായരും കിടപ്പുരോഗിയായ ഗിരിജാകുമാരിയും മാത്രമാണ് വിശ്വംഭരം റോഡിലെ വീട്ടില്‍ താമസം.

ഈ വാര്‍ത്ത കൂടി വായിക്കൂ  ശ്രീനിവാസന്‍ വധക്കേസ്: നാലു പേര്‍ കസ്റ്റഡിയില്‍; കൊലപാതകം ആസൂത്രണം ചെയ്തത് മോര്‍ച്ചറിക്ക് പിന്നില്‍ വെച്ച്: എഡിജിപി 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ