റിസോര്‍ട്ട് പാട്ടത്തിനു നല്‍കി പണം തട്ടി; നടന്‍ ബാബുരാജിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd April 2022 08:25 PM  |  

Last Updated: 23rd April 2022 08:25 PM  |   A+A-   |  

BABURAJ

ഫയല്‍ ചിത്രം

 

കൊച്ചി: മൂന്നാറില്‍ റിസോര്‍ട്ട് പാട്ടത്തിനു നല്‍കി പണം തട്ടിയെന്ന പരാതിയില്‍ നടന്‍ ബാബുരാജിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. നടന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് പാട്ടത്തിന് നല്‍കി പണം തട്ടിയെന്നായിരുന്നു പരാതി. 

മൂന്നാര്‍ കമ്പ് ലൈനില്‍ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് പാട്ടത്തിനു നല്‍കി 40 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി. കോതമംഗലം ഊന്നുകല്‍ സ്വദേശി എസ് അരുണ്‍ കുമാറാണ് പരാതി നല്‍കിയത്. വഞ്ചനാക്കുറ്റത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പള്ളിവാസല്‍ പഞ്ചായത്തില്‍ റിസോര്‍ട്ട് ഇരിക്കുന്ന സ്ഥലത്തിന്റെ പട്ടയം നിയമപ്രകാരമല്ലെന്നും സ്ഥലം ഒഴിയണമെന്നും ബാബുരാജിന് ദേവികുളം ആര്‍ഡിഒ നോട്ടീസ് നല്‍കിയിരുന്നു. ഇക്കാര്യം മറച്ചുവച്ച് 2020 ഫെബ്രുവരിയില്‍ 40 ലക്ഷം വാങ്ങി 11 മാസത്തേക്കു റിസോര്‍ട്ട് പാട്ടത്തിനു നല്‍കിയെന്നാണ് അരുണിന്റെ പരാതി.

1993ല്‍ സമ്പാദിച്ച അനധികൃതമായ വൃന്ദാവന്‍ പട്ടയത്തിലാണ് റിസോര്‍ട്ടെന്നു മനസിലായതോടെ കരാര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടന്‍ തയാറായില്ലെന്നും അരുണ്‍ പറയുന്നു. കോടതിയുടെ നിര്‍ദേശപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും പലപ്രാവശ്യം വിളിപ്പിച്ചിട്ടും ബാബുരാജ് സ്‌റ്റേഷനില്‍ ഹാജരായില്ലെന്നും പൊലീസ് പറഞ്ഞു.

അരുണിന്റെ പരാതിയില്‍ കഴമ്പില്ലെന്നാണ് ബാബുരാജിന്റെ വിശദീകരണം. 2020ല്‍ അരുണിനെ ഏല്‍പിച്ച റിസോര്‍ട്ടിനു 11 മാസം വാടക ലഭിക്കാതെ വന്നതോടെ താന്‍ കോടതിയെ സമീപിച്ചെന്നും അരുണ്‍ റിസോര്‍ട്ട് നടത്തുന്നതു കോടതി വിലക്കിയെന്നും ബാബുരാജ് പറയുന്നു.

ഈ വാര്‍ത്ത വായിക്കാം

'ഓപ്പറേഷന്‍ മത്സ്യ';1707 കിലോ കേടായ മത്സ്യം പിടിച്ചെടുത്തു, ചെക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കും: മന്ത്രി വീണാ ജോര്‍ജ്

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ