'ജനങ്ങളുടെ സ്വപ്‌നമായാലേ ജനം ത്യാഗം സഹിക്കൂ': ഡോ. ആര്‍ വി ജി മേനോന്‍

എന്തു വില കൊടുത്തും നടപ്പാക്കുമെന്നത് ശാസ്ത്രീയ സമീപനം അല്ലെന്നും ആര്‍വിജി മേനോന്‍ പറഞ്ഞു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് എതിര്‍പ്പുന്നയിച്ച വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ നടത്തുന്ന സംവാദത്തില്‍ ഇ ശ്രീധരനെ ക്ഷണിക്കാത്തതില്‍ വിമര്‍ശനം. ഇ ശ്രീധരനെ സര്‍ക്കാര്‍ ഗൗരവത്തോടെ കേള്‍ക്കണമെന്ന് ഡോ. ആര്‍ വി ജി മേനോന്‍ പറഞ്ഞു. റെയില്‍വേ വികസനത്തില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച വിദഗ്ധന്‍ ഇ ശ്രീധരന്‍ ആണെന്ന് അദ്ദേഹം പറഞ്ഞു. 

ഇ ശ്രീധരന്‍ തെരഞ്ഞെടുപ്പില്‍ ഏതു പാര്‍ട്ടിക്ക് വേണ്ടി നിന്നു എന്നുള്ളതല്ല കാര്യം. അദ്ദേഹത്തിന് ഈ കാര്യത്തിലുള്ള അറിവാണ് പ്രധാനം. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് ഈ വിഷയത്തില്‍ പറയാനുള്ളത് സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതാണ്. അത് ഗൗരവബുദ്ധിയോടെ തന്നെ സര്‍ക്കാര്‍ പരിഗണിക്കേണ്ടതാണ്. 

ഗതാഗത പ്രശ്‌ന പരിഹാരത്തിനാണെങ്കില്‍ സില്‍വര്‍ ലൈനല്ല, പാത ഇരട്ടിപ്പിക്കലാണ് വേണ്ടത്. അതോടൊപ്പം സിഗ്നലിങ് ആധുനികവത്കരിക്കണം. സില്‍വര്‍ ലൈനോ ബുള്ളറ്റ് ട്രെയിനോ പോലുള്ള തീരെ സ്റ്റോപ്പ് കുറവായ ട്രെയിനുകളല്ല നമുക്ക് ആവശ്യമെന്നും ആര്‍ വി ജി മേനോന്‍ പറയുന്നു. 

ഇപ്പോഴെങ്കിലും കെ റെയിലും സര്‍ക്കാരും ജനങ്ങളില്‍ നിന്നും വിദഗ്ധരില്‍ നിന്നും അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ തീരുമാനിച്ചത് നല്ല കാര്യമാണ്. പാനല്‍ ചര്‍ച്ചകളിലൂടെ തീരുമാനമെടുക്കാന്‍ പറ്റുന്നതല്ല. പാനല്‍ ചര്‍ച്ചയല്ല എല്ലായിടത്തും തുറന്ന ചര്‍ച്ച തന്നെ വേണം. എങ്കിലേ എല്ലാ കാഴ്ചപ്പാടുകളും പ്രതിഫലിക്കുകയുള്ളൂ. 

ഡിപിആറില്‍ വേണ്ട കാര്യങ്ങള്‍ ഇല്ല. സാധാരണ ഡിപിആറില്‍ കാണേണ്ട പല സംഗതികളും ഇല്ല. ഡിപിആറില്‍ ഉണ്ടാകേണ്ട ആവശ്യഘടകം ബദലുകളുടെ പരിശോധനയാണ്. വേണ്ടത്ര പരിസ്ഥിതി പഠനം നടന്നതായി ഡിപിആറില്‍ പറയുന്നില്ല. 

സില്‍വര്‍ ലൈന്‍ ആരുടേയോ സ്വപ്‌നമായിട്ട് കാര്യമില്ല. ജനങ്ങളുടെ സ്വപ്‌നമായാലേ ജനം ത്യാഗം സഹിക്കൂ. എന്തു വില കൊടുത്തും നടപ്പാക്കുമെന്നത് ശാസ്ത്രീയ സമീപനം അല്ലെന്നും ആര്‍വിജി മേനോന്‍ പറഞ്ഞു. എന്താണോ അതിന് വില, ആ വില കൊടുക്കാന്‍ കേരളത്തിന് കഴിയുമോ, കേരളസമൂഹം തയ്യാറാണോ തുടങ്ങിയ കാര്യങ്ങള്‍ ജനങ്ങളുമായി ചേര്‍ന്ന് ചര്‍ച്ച ചെയ്യേണ്ടതുണ്ട്. നവകേരളത്തിലെ വികസനം ഇതുവരെ ചെയ്ത തെറ്റുകള്‍ തിരുത്തിയാകണം വിഭാവനം ചെയ്യേണ്ടതെന്നും ആര്‍വിജി മേനോന്‍ അഭിപ്രായപ്പെട്ടു. 

സംവാദം ഏപ്രിൽ 28 ന്

സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് എതിര്‍പ്പ് ഉയരുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ സംവാദം സംഘടിപ്പിക്കുന്നത്. ഏപ്രിൽ 28ന് മാസ്കറ്റ് ഹോട്ടലാണ് വേദിയായി നിശ്ചയിച്ചിരിക്കുന്നത്.പദ്ധതിയെ എതിർക്കുന്ന, സിൽവർലൈൻ ഡിപിആർ തയാറാക്കുന്നതിനു രൂപീകരിച്ച സമിതിയിൽ ഉണ്ടായിരുന്ന റിട്ട. ചീഫ് ബ്രിഡ്ജ് എൻജിനീയർ അലോക് വർമ, ആര്‍വിജി മേനോൻ, ജോസഫ് സി മാത്യു എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്.

കെ–റെയിലിനു വേണ്ടി റെയിൽവേ ബോർഡ് മുൻ അംഗം സുബോധ് ജെയിൻ, കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എസ് എൻ രഘുചന്ദ്രന്‍നായർ തുടങ്ങിയവർ സംസാരിക്കും. സയൻസ് ആൻഡ് ടെക്നോളജി പ്രിന്‍സിപ്പൽ സെക്രട്ടറി കെ പി സുധീർ ആണ് മോഡറേറ്റർ. ചർച്ച കേൾക്കാൻ 50 ക്ഷണിക്കപ്പെട്ട അതിഥികളുണ്ടാകും. മാധ്യമങ്ങൾക്കും ചർച്ചയിലേക്ക് ക്ഷണമുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com