തൃശൂര്‍ പൂരത്തിന് കോവിഡ് നിയന്ത്രണങ്ങള്‍ ഇല്ല; പൂര്‍വ്വാധികം ഭംഗിയായി നടത്തുമെന്ന് ദേവസ്വം മന്ത്രി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th April 2022 07:39 PM  |  

Last Updated: 24th April 2022 07:39 PM  |   A+A-   |  

thrissur pooram

തൃശൂര്‍ പൂരം, ഫയൽ ചിത്രം

 

തൃശ്ശൂര്‍: ഇത്തവണ തൃശൂര്‍ പൂരം പൂര്‍വ്വാധികം ഭംഗിയായി നടത്തുമെന്ന്  ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ .ഇക്കുറി കോവിഡ് നിയന്ത്രണങ്ങള്‍ ഇല്ല. എന്നാല്‍ മാസ്‌കും  സാനിറ്റൈസറും അടക്കമുള്ള സ്വയം സുരക്ഷ ഉറപ്പാക്കണം. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

ദേവസ്വങ്ങളുടെ   സാമ്പത്തിക പ്രതിസന്ധി പരിഹരിച്ച് മുന്നോട്ട് പോകാന്‍ മന്ത്രിമാരുടെ നേതൃത്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. തേക്കിന്‍കാട് മൈതാനത്തെ ബാരിക്കേഡ് നിര്‍മ്മിക്കാനും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ദേവസ്വങ്ങള്‍ക്കു മേല്‍ അധിക ബാധ്യത വരുത്തില്ല. 
രണ്ട് വര്‍ഷത്തെ കോവിഡ് പ്രതിസന്ധി  തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് സാമ്പത്തികമായി അമിത ഭാരം ഉണ്ടാക്കിയെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍ ഇടപെടല്‍. പരമാവധി തര്‍ക്കങ്ങള്‍ ഒഴിവാക്കി പൂരം ഭംഗിയായി നടത്താന്‍ സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചു.  

ഏതാണ്ട് 15 ലക്ഷത്തോളം ആളുകളെ ആണ് ഇത്തവണ പൂരത്തിന് പ്രതീക്ഷിക്കുന്നത്. വെടികെട്ട് മുന്‍ വര്‍ഷങ്ങളിലേത് പോലെ നടത്താന്‍ അനുമതി ലഭിച്ചിട്ടുണ്ട്. മെയ് 10നാണ് തൃശൂര്‍ പൂരം.കഴിഞ്ഞ വര്‍ഷം പൂരത്തോടനുബന്ധിച്ച ചടങ്ങുകള്‍ നടത്തിയിരുന്നുവെങ്കിലും പൂര നഗരിയിലേക്ക് ആരെയും പ്രവേശിപ്പിച്ചിരുന്നില്ല. ഈ വര്‍ഷം പൂരപ്രേമികള്‍ക്ക് പൂര നഗരയില്‍ പ്രവേശനം ഉണ്ടാകും.

ഈ വാർത്ത വായിക്കാം

'ഗുരുവായൂരപ്പന്റെ കടാക്ഷം'; പ്രഥമ അഷ്ടപദി പുരസ്‌കാരം പയ്യന്നൂര്‍ കൃഷ്ണമണി മാരാര്‍ക്ക്

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ