ഫാക്ട് ചെക്ക് ചെയ്യണമെന്ന് അതിഷി; പത്രക്കുറിപ്പ് എന്ന പേരില്‍ വാട്‌സ്ആപ്പ് ചാറ്റ്; എഎപി കേരള ഘടകം ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ശിവന്‍കുട്ടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th April 2022 02:54 PM  |  

Last Updated: 25th April 2022 03:30 PM  |   A+A-   |  

atishi-sivankutty

അതിഷി, വി ശിവന്‍കുട്ടി


ന്യൂഡല്‍ഹി/തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയില്‍ 'ഡല്‍ഹി മോഡല്‍' പഠിക്കാന്‍ കേരളത്തില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ രാജ്യതലസ്ഥാനത്ത് എത്തിയെന്ന ആം ആദ്മി പാര്‍ട്ടി എംഎല്‍എ അതിഷി മര്‍ലേനയുടെ ട്വീറ്റിനെ ചൊല്ലിയുള്ള വിവാദം അവസാനിക്കുന്നില്ല. ഡല്‍ഹി കാല്‍കജിയിലെ സ്‌കൂളുകളിലൊന്നില്‍ കേരളത്തില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ എത്തിയെന്നായിരുന്നു അതിഷിയുടെ ട്വീറ്റ്. ഡല്‍ഹി മോഡല്‍ പഠിക്കാനായി കേരളത്തില്‍ നിന്ന് ഉദ്യോഗസ്ഥരെ അയച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കിയതിന് പിന്നാലെ, വിഷയത്തില്‍ പ്രതികരണവുമായി എഎപി എംഎല്‍എ അതിഷി വീണ്ടും രംഗത്തെത്തി. 

വിഷയത്തില്‍ പ്രതികരിക്കുന്നതിന് മുന്‍പ് ഫാക്ട് ചെക് ചെയ്യുന്നത് നല്ലതാകും എന്നാണ് വാട്‌സ്ആപ്പിലൂടെ നല്‍കിയ പത്രക്കുറിപ്പ് പങ്കുവച്ച് അതീഷി ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതിന് മറുപടിയായി വിദ്യാഭ്യാസ കാര്യത്തില്‍ സഹകരണമാണ് കേരളം ആവശ്യപ്പെടുന്നതെന്നും വിവാദം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായും ശിവന്‍കുട്ടി കുറിച്ചു. കേരളത്തില്‍ നിന്നെത്തിയ ഉദ്യോഗസ്ഥര്‍ എന്ന പരാമര്‍ശം എഎപി കേരള ഘടകം തിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

'ഈ വിഷയത്തില്‍ ട്വീറ്റ് ചെയ്യുന്നതിന് മുന്‍പ്, ഫാക്ട് ചെക് ചെയ്യുന്നത് നന്നായിരിക്കും. എന്താണ് ഞങ്ങള്‍ പറഞ്ഞത് എന്നറിയാന്‍ പ്രസ് റിലീസ് നോക്കാവുന്നതാണ്' എന്നാണ് അതീഷിയുടെ ട്വീറ്റ്. പിന്നാലെ, ഇതിന് മന്ത്രി ശിവന്‍കുട്ടിയുടെ മറുപടിയെത്തി. 'ഇപ്പോള്‍ ഉണ്ടായ വിവാദത്തില്‍ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയതാണ്.   ‘officials from Kerala' എന്നാണ് താങ്കള്‍ ട്വീറ്റില്‍ ഉപയോഗിച്ചത്. അങ്ങനെ ഉദ്യോഗസ്ഥരെ കേരളത്തില്‍ നിന്ന് അയച്ചിട്ടില്ല എന്നാണ് ഞാന്‍ വ്യക്തമാക്കിയത്. ഇത് മനസിലാക്കി ആം ആദ്മി കേരള ഘടകം ഖേദം പ്രകടിപ്പിച്ചിട്ടുമുണ്ട്. അതിന്റെ സ്‌ക്രീന്‍ ഷോട്ട് ഈ പോസ്റ്റിനൊപ്പം ചേര്‍ക്കുന്നു. 

വിദ്യാഭ്യാസ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ എന്നല്ല രാജ്യങ്ങള്‍ തമ്മിലും കൊടുക്കല്‍ വാങ്ങലുകള്‍ നല്ലതാണ് എന്നതാണ് കേരളത്തിന്റെ പക്ഷം. പക്ഷെ ഇപ്പോള്‍ താങ്കളെ കണ്ട സംഘത്തിന് ഡല്‍ഹി മോഡല്‍ കേരളത്തിലെ എല്ലാ സ്‌കൂളുകളിലും എങ്ങിനെ നടപ്പാക്കാന്‍ പറ്റുമെന്ന് എനിക്ക് മനസിലാവുന്നില്ല. ഏതെങ്കിലും അസോസിയേഷന് കേരളത്തിലെ വിദ്യാഭ്യാസ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ ആകില്ല എന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണ്. ഇവിടെ ജനകീയ സര്‍ക്കാര്‍ ആണ് കാര്യങ്ങള്‍ നടപ്പാക്കുന്നത്.

പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം ഒരു മികച്ച മാതൃക തന്നെ സൃഷ്ടിച്ചിട്ടുണ്ട്. ഇക്കാര്യം കേരളത്തിലെത്തിയ ഡല്‍ഹിയില്‍ നിന്നുള്ള പ്രതിനിധി സംഘത്തെയും ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ വിവാദങ്ങള്‍ അല്ല, മികച്ച കൂട്ടായ്മ ആണ് വേണ്ടത് എന്നാണ് എന്റെ പക്ഷം.
ഈ വിവാദം ഇവിടെ അവസാനിപ്പിക്കാന്‍ ആണ് ഞാന്‍ ആഗ്രഹിക്കുന്നത്. വിദ്യാഭ്യാസ കാര്യത്തില്‍ സഹകരണം ആണ് കേരളം ആവശ്യപ്പെടുന്നത് എന്ന് ഞാന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു.'-അദ്ദേഹം കുറിച്ചു. 

അബദ്ധം പിണഞ്ഞു; ഖേദം പ്രകടിപ്പിച്ച് എഎപി 

ഡല്‍ഹിയിലെ വിദ്യാഭ്യാസ മോഡല്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ കേരളത്തിലെ ഉദ്യോഗസ്ഥര്‍ക്ക് താല്‍പ്പര്യമുണ്ട് എന്ന് എഎപി ദേശീയ വക്താവ് അതിഷി എംഎല്‍എ എന്ന അടിക്കുറിപ്പോടെ അതിഷിയുടെ ട്വീറ്റ് ആം ആദ്മി പാര്‍ട്ടി കേരള ഘടകം പങ്കുവച്ചതോടെയാണ് സംഭവം വിവാദമായത്. 

തുടര്‍ന്ന് ഡല്‍ഹി മോഡലിനേക്കുറിച്ചു പഠിക്കാന്‍ കേരള വിദ്യാഭ്യാസ വകുപ്പ് ആരെയും അയച്ചിട്ടില്ലെന്ന് വ്യക്തമാക്കി ശിവന്‍കുട്ടി രംഗത്തെത്തി. 
ഡല്‍ഹിയില്‍ നിന്ന് കേരള മോഡലിനെ കുറിച്ച് പഠിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ സഹായങ്ങളെ ഓര്‍മ്മപ്പെടുത്തുകയും ചെയ്തു. എ.എ.പി. എം.എല്‍.എ. സ്വീകരിച്ച 'ഉദ്യോഗസ്ഥര്‍' ആരാണെന്ന് അറിയാന്‍ താല്‍പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആപ്പിന് ആരോ 'ആപ്പ്' വച്ചതാണെന്ന് തോന്നുന്നു എന്നായിരുന്നു അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഇതിന് പിന്നാലെ, കേരളത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്ന നിലയില്‍ പോസ്റ്റ് ചെയ്തതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു എന്ന് വ്യക്തമാക്കി എഎപി കേരള ഘടകം ഫെയ്‌സ്ബുക്ക് പോസ്റ്റ് തിരുത്തി. 

വിഷയം ദേശീയ മാധ്യമങ്ങളും ഏറ്റു പിടിച്ചതോടെയാണ് വിശദീകരണമായി പത്രക്കുറിപ്പ് എന്ന പേരില്‍ വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുമായി അതിഷി ട്വീറ്റ് ചെയ്തത്. എന്നാല്‍ പത്രക്കുറിപ്പുകള്‍ ഇപ്പോള്‍ വാട്‌സആപ്പ് ചാറ്റായാണോ നല്‍കുന്നത് എന്ന് ചോദിച്ച് എഎപി വിമര്‍ശകരും രംഗത്തെത്തിയിട്ടുണ്ട്. 

കേരളത്തിലെ സിബിഎസ്ഇ സ്‌കൂള്‍ മാനേജ്മെന്റ് അസോസിയേഷന്‍ റീജണല്‍ സെക്രട്ടറി വിക്ടര്‍ ടിഐ, കോണ്‍ഫെഡറേഷന്‍ ഓഫ് കേരള സഹോദയ കോംപ്ലക്‌സസ് ട്രഷറര്‍ ഡോ. എം ദിനേഷ് ബാബു എന്നിവരായിരുന്നു ഡല്‍ഹിയിലെ സ്‌കൂള്‍ സന്ദര്‍ശിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കാം സര്‍ക്കാര്‍ എന്തിനാണ് ഭയക്കുന്നത്? ചീഫ് സെക്രട്ടറിക്കും മുകളിലോ കെ റെയില്‍ എംഡി?: വി ഡി സതീശന്‍

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ