എയിംസ് കോഴിക്കോട്ട്; നടപടികള്‍ വേഗത്തിലാക്കി സംസ്ഥാന സര്‍ക്കാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th April 2022 09:53 PM  |  

Last Updated: 26th April 2022 09:57 PM  |   A+A-   |  

AIIMS

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കേരളത്തില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) സ്ഥാപിക്കാന്‍ അനുമതി ലഭിച്ച സാഹചര്യത്തില്‍ നടപടികള്‍ വേഗത്തിലാക്കി സംസ്ഥാന സര്‍ക്കാര്‍. കോഴിക്കോട് കിനാലൂരില്‍ എയിംസിനായി കണ്ടെത്തിയ ഭൂമി ആരോഗ്യവകുപ്പിന് കൈമാറാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവ് പുറത്തിറക്കി. വ്യവസായ വകുപ്പിന്റേതാണ് ഈ ഭൂമി.

കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നത് പരിഗണനയിലാണെന്ന വിവരം കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പ്രകാരം എല്ലാ സംസ്ഥാനങ്ങളിലും എയിംസ് സ്ഥാപിക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നയമെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ കെ മുരളീധരന്‍ എംപിക്ക് നല്‍കിയ കത്തില്‍ പറഞ്ഞു.

കേരളാ എയിംസിന് തത്വത്തില്‍ അംഗീകാരം നല്കുന്നതിനുവേണ്ടി ഇപ്പോള്‍ കേന്ദ്ര ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണെന്ന് അറിയിച്ചു. ധനമന്ത്രാലയമാണ് തുടര്‍നടപടികള്‍ സ്വീകരിക്കുക. അതിന് ശേഷമാകും അന്തിമതീരുമാനം വരിക.

കോഴിക്കോട് കിനാലൂരില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത 200 ഏക്കര്‍ ഭൂമി എയിംസിന് അനുയോജ്യമാണ് എന്ന നിലപാട് ആരോഗ്യവകുപ്പ് നേരത്തെ സ്വീകരിച്ചിരുന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ വിദഗ്ധസമിതിയാവും പരിശോധന നടത്തി സ്ഥലം സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുക. കാസര്‍ഗോഡ് ജില്ലയില്‍ എയിംസിനായി സമരം നടക്കുന്നുണ്ട്‌.

ഈ വാര്‍ത്ത കൂടി വായിക്കാം

ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണം കടത്തിയ സംഭവത്തില്‍ നിര്‍മ്മാതാവിനും പങ്കെന്ന് കസ്റ്റംസ്

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ