സഹായം ആവശ്യപ്പെട്ട് കോള്‍ വന്നിട്ടില്ല, തൃക്കാക്കര സ്‌റ്റേഷനില്‍ ആംബുലന്‍സ് ഇല്ല; ജോണ്‍ പോളിനെ സഹായിക്കുന്നതില്‍ വീഴ്ചയില്ലെന്ന് ബി സന്ധ്യ

സഹായം ആവശ്യപ്പെട്ട് ഫയര്‍ഫോഴ്‌സിന് കോള്‍ വന്നിട്ടില്ലെന്നും ബി സന്ധ്യ വ്യക്തമാക്കി
ഫയര്‍ഫോഴ്‌സ് മേധാവി ബി സന്ധ്യ, ജോണ്‍ പോള്‍
ഫയര്‍ഫോഴ്‌സ് മേധാവി ബി സന്ധ്യ, ജോണ്‍ പോള്‍

തിരുവനന്തപുരം:  കട്ടിലില്‍ നിന്ന് നിലത്ത് വീണ് മണിക്കൂറുകളോളം എഴുന്നേല്‍ക്കാന്‍ കഴിയാതെ കിടന്ന തിരക്കഥാകൃത്ത് ജോണ്‍ പോളിനെ സഹായിക്കുന്നതില്‍ അഗ്നിസുരക്ഷാ വിഭാഗത്തിന് വീഴ്ചയില്ലെന്ന് ഫയര്‍ഫോഴ്‌സ് മേധാവി ബി സന്ധ്യ. സഹായം ആവശ്യപ്പെട്ട് ഫയര്‍ഫോഴ്‌സിന് കോള്‍ വന്നിട്ടില്ലെന്നും ബി സന്ധ്യ വ്യക്തമാക്കി.

അപകടസമയത്താണ് ഫയര്‍ഫോഴ്‌സ് ആംബുലന്‍സുകള്‍ ഉപയോഗിക്കുന്നത്. ജോണ്‍പോളിനെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് ആംബുലന്‍സ് ചോദിച്ചപ്പോള്‍ കൊടുത്തില്ല എന്നത് വാസ്തവിരുദ്ധമാണ്. സഹായത്തിന് വിളിച്ച തൃക്കാക്കര സ്‌റ്റേഷനില്‍ ആംബുലന്‍സില്ല എന്നും സന്ധ്യ മറുപടി നല്‍കി.

ജോണ്‍ പോളിന്റെ മരണവുമായി ബന്ധപ്പെട്ട് നടന്‍ ജോളി ജോസഫ് കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലുകള്‍ ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് ബി സന്ധ്യയുടെ വിശദീകരണം. ജനുവരി 21 ന് കട്ടിലില്‍ നിന്ന് വീണതിനെ തുടര്‍ന്ന് മണിക്കൂറുകളോളം എഴുന്നേല്‍ക്കാന്‍ കഴിയാതെ കിടന്നതാണ് ജോണ്‍ പോളിന്റെ ആരോഗ്യം മോശമാകാന്‍ കാരണമായത് എന്നാണ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ജോളി ജോസഫ് പറയുന്നത്. നിലത്തു വീണു പോയ ജോണ്‍ പോള്‍ സാറിനെ എഴുന്നേല്‍പ്പിക്കാന്‍ ആബുലന്‍സിനേയും ഫയര്‍ഫോഴ്‌സിനേയും പലതവണ വിളിച്ചെന്നും എന്നാല്‍ ആരും വരാന്‍ തയാറായില്ല എന്നുമാണ് ജോളി ജോസഫ് കുറിച്ചത്.

ജനുവരി 21 നാണ് കട്ടിലില്‍ നിന്നു വീണെന്നു പറഞ്ഞ് ജോണ്‍ പോള്‍ ജോളി ജോസഫിനെ വിളിക്കുന്നത്. ഷൂട്ടിങ് ലൊക്കേഷനിലായതിനാല്‍ അദ്ദേഹത്തിനെത്താനായില്ല. പകരം നടന്‍ കൈലാസും ഭാര്യയുമാണ് ജോണ്‍ പോള്‍ സാറിന്റെ വീട്ടില്‍ എത്തുന്നത്. ശരീരഭാരം ഉള്ളതിനാല്‍ ഇവര്‍ക്ക് ജോണ്‍ പോളിന് എഴുന്നേല്‍പ്പിക്കാനായില്ല. സഹായത്തിന് നിരവധി തവണ ആംബുലന്‍സിനെയും ഫയര്‍ ഫോഴ്‌സിനേയും വിളിച്ചിട്ടും ഇങ്ങിനെയുള്ള ജോലികള്‍ ചെയ്യില്ലെന്നു പറഞ്ഞ് വരാന്‍ തയാറായില്ല. പുലര്‍ച്ചെ രണ്ടു മണിയോടെ എറണാകുളം മെഡിക്കല്‍ സെന്ററിലെ ആംബുലന്‍സുമായി എത്തിയ പൊലീസുകാരുടെ സഹായത്തോടെയാണ് ജോണ്‍ പോളിനെ എഴുന്നേല്‍പ്പിച്ച് കട്ടിലിലേക്ക് മാറ്റിക്കിടത്തുന്നത്. അന്നു മുതല്‍ അദ്ദേഹത്തിന്റെ ആരോഗ്യം മോശമായെന്നും ജോളി ജോസഫ് പറയുന്നു. 

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com