ജിഷ്ണുവിന്റെ തലയ്ക്കും വാരിയെല്ലിനും സാരമായി പരിക്കേറ്റു; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; വീണുകിടന്ന സ്ഥലം ഡോക്ടര്‍മാര്‍ പരിശോധിക്കും
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th April 2022 07:39 PM |
Last Updated: 27th April 2022 07:51 PM | A+A A- |

പ്രതീകാത്മക ചിത്രം
കോഴിക്കോട്: ചെറുവണ്ണൂരിലെ ജിഷ്ണുവിന്റെ ദൂരൂഹമരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ജിഷ്ണുവിന്റെ തലയ്ക്കും വാരിയെല്ലിനും സാരമായി മുറിവേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പരിക്കുകളാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
ഒരു മതിലിന് സമീപത്താണ് ജിഷ്ണുവിനെ ദുരൂഹസാഹചര്യത്തില്‍ വീണ് കിടക്കുന്നത് കണ്ടത്. അതിനിടെ സംഭവസ്ഥലത്തുവച്ച് ഒരാള്‍ ഓടിപോയതായി നാട്ടുകാരും ആരോപിച്ചിരുന്നു. ഒരു കേസുമായി ബന്ധപ്പെട്ട് പൊലീസ് ജിഷ്ണുവിനെ അന്വേഷിച്ച് വീട്ടിലെത്തിയതിന് പിന്നാലെയാണ് വീട്ടിലേക്കുള്ള നടപ്പാതയില്‍ ജിഷ്ണു ബോധമില്ലാതെ കിടക്കുന്നത് കണ്ടെത്തിയത്.
ജിഷ്ണുവിന്റെ ശരീരത്തിലുള്ളത് സാരമായി പരിക്കുകളാണ്. വാരിയെല്ല് ഒടിഞ്ഞ് ഉള്ളിലേക്ക് കയറിയിട്ടുണ്ട്. ജിഷണു വീണുകിടന്ന സ്ഥലം ഡോക്ടര്‍മാരുടെ സംഘം നാളെ സന്ദര്‍ശിക്കും. അതിന് ശേഷം ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയതായി പൊലീസ് പറഞ്ഞു.
അതേസമയം മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പിതാവ് സുരേഷ് കുമാര്‍. രാത്രി വീട്ടില്‍ നിന്ന് പുറത്തുപോയ മകനെ അന്വേഷിച്ച് പൊലീസ് വീട്ടില്‍ എത്തിയിരുന്നു. അവര്‍ തിരിച്ചുപോയ ശേഷമാണ് മകനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കാണുന്നത്. മകന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും സുരേഷ് കുമാര്‍ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ