സില്‍വര്‍ ലൈന്‍ തുടക്കത്തില്‍ ലാഭമാകുമെന്ന് പ്രതീക്ഷിക്കേണ്ട; അതിവേഗ ട്രെയിനിന് വേണ്ടത് സ്റ്റാന്റേര്‍ഡ് ഗേജ്: സംവാദത്തില്‍ സുബോധ് ജെയിന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th April 2022 02:09 PM |
Last Updated: 28th April 2022 02:09 PM | A+A A- |

സില്‍വര്‍ ലൈന്‍ സംവാദത്തില്‍ സുബോധ് ജെയിന്‍
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ തുടക്കത്തില്‍ ലാഭകരമാകുമെന്ന് പ്രതീക്ഷിക്കേണ്ടെന്ന് റിട്ട. റെയില്‍വെ ബോര്‍ഡ് അംഗം സുബോധ് ജെയിന്‍.
വായ്പയ്ക്ക് പത്തുവര്‍ഷം മൊറട്ടോറിയം ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ റെയില്‍ സംഘടിപ്പിച്ച സില്‍വര്‍ ലൈന്‍ സംംവാദത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സ്റ്റാന്റേര്‍ഡ് ഗേജില്‍ അതിവേഗ ട്രെയിന്‍ കൊണ്ടുവരുന്നതിനോടുള്ള വിമര്‍ശനത്തിനും അദ്ദേഹം മറുപടി നല്‍കി. അതിവേഗ ട്രെയിനിന് സ്റ്റാന്റേര്‍ഡ് ഗേജാണ് വേണ്ടത് എന്നാണ് കേന്ദ്രസര്‍ക്കാര്‍ നയം. യാത്ര, ചരക്ക് നീക്ക ആവശ്യങ്ങള്‍ക്ക് ബ്രോഡ് ഗേജ് ലൈനുകള്‍ എന്നാണ് റെയില്‍വെയുടെ ചിന്താഗതി-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ നിലവിലുള്ള റെയില്‍വെ സംവിധാനത്തില്‍, പാത ഇരട്ടിപ്പിക്കാതെ രാജധാനിയും ശതാബ്ദിയുമുള്‍പ്പെടെയുള്ള ട്രെയിനുകള്‍ കൂടുതല്‍ വേഗത്തിലാക്കാന്‍ സാധിക്കില്ല. ടെക്‌നോളജി അപ്‌ഗ്രേഡ് ചെയ്യുക എന്നതാണ് മുന്നിലുള്ള ഏക വഴിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാത ഇരട്ടിപ്പിക്കല്‍ വൈകുന്നത് പ്രശ്‌നമാണെന്ന് സംവാദത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ ആര്‍വിജി മേനോന്‍ പറഞ്ഞിരുന്നു. സില്‍വര്‍ ലൈന്‍ പോലുള്ള പദ്ധകളിലേക്ക് കടക്കുന്നതിന് മുന്‍പ് പാത ഇരട്ടിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. വളവുകള്‍ നിവര്‍ത്താനും പുതിയ പാതയുണ്ടാക്കാനും സ്ഥലമേറ്റെടുക്കണമെന്ന് ആര്‍വിജി മേനോന്‍ പറഞ്ഞിരുന്നു. സില്‍വര്‍ ലൈന്‍ വന്നാലും സമാനമായ പ്രശ്‌നമുണ്ടാകുമെന്നും പലയിടത്തും പാതയ്ക്ക് വളവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
5.55ന് ജനശതാബ്ദിയില്‍ തിരുവനന്തപുരത്ത് നിന്ന് കയറിയില്‍ 9.15ന് എറണാകുളത്തെത്താം. അത് ഒട്ടും മോശമല്ല. ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായാല്‍ എളുപ്പത്തില്‍ എത്തും. ജനസാമാന്യത്തിന് പ്രയോജനപ്പെടുന്ന വികസനമാണ് വേണ്ടത്. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പല പ്രശ്‌നങ്ങളുമുണ്ട്. സ്റ്റാന്റേര്‍ഡ് ഗേജിലാണ് എന്നത് പ്രശ്‌നമാണ്. ബ്രോഡ്‌ഗേജില്‍ വന്ദേ ഭാരത് എക്‌സ്പ്രസ് പോലുള്ള സെമി ഹൈസ്്പീഡ് ട്രെയിനുകള്‍ ഓടിക്കുന്നുണ്ട്. 160 കിലോമീറ്റര്‍ സ്പീഡിലേ പോകൂ എന്ന് മോശമായിട്ട് പറയുന്നു. ഒളിമ്പിക്‌സ് റെയിസിന് പോവുകയല്ല. 200 കിലോമീറ്റര്‍ ആയാലെ പറ്റുള്ളു എന്നൊക്കെ പറയുന്നത് ആരെ പറ്റിക്കാനാണ്?
'ഇന്ത്യയിലുണ്ടാക്കുന്ന ബ്രോഡ്‌ഗേജിലുള്ള വേഗത കൂടിയ ട്രെയിനുകള്‍ എന്തുകൊണ്ട് പരീക്ഷിച്ചുകൂടാ? സില്‍വര്‍ ലൈന്‍ സ്റ്റാന്റേര്‍ഡ് ഗേജ് മതിയെന്ന് ഏത് പ്രക്രിയയിലൂടെയാണ് തീരുമാനിച്ചത്? അത് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കില്ലേ?
ഞങ്ങള്‍ തീരുമാനിച്ചു, ഇതാണ് വികസനം, ഇതിനെ എതിര്‍ക്കുന്നവരെല്ലാം മോശക്കാരാണ് എന്നുപറയുന്നത് സമ്മതിച്ചുകൊടുക്കാന്‍ പറ്റില്ല. ജപ്പാന്‍കാര്‍ കടം തരുന്നത് നമ്മള്‍ നന്നാകാന്‍ വേണ്ടിയല്ല. അവരുടെ സാമ്പത്തിക നേട്ടത്തിന് വേണ്ടിയാണ്. ഈ ചര്‍ച്ച മൂന്നാലു കൊല്ലം മുന്‍പ് നടത്തേണ്ടതായിരുന്നു. ഞങ്ങളിത് തീരുമാനിച്ചു കഴിഞ്ഞു, എന്തുവില കൊടുത്തും നടപ്പാക്കും എന്നത് ഭീകരമായ പ്രസ്താവനയാണ്. ഇനി വേണമെങ്കില്‍ നിങ്ങളുമായി ചര്‍ച്ച നടത്താം എന്ന് പറയുന്നത് മര്യാദകേടാണ്.'-അദ്ദേഹം പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കാം 'ഒളിമ്പിക്‌സ് റെയിസിന് പോവുകയല്ലല്ലോ'; എന്തുവില കൊടുത്തും നടപ്പാക്കും എന്നു പറയുന്നത് മര്യാദകേട്: സംവാദത്തില്‍ ആര്‍വിജി മോനോന്‍
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ