ബദല്‍മാര്‍ഗം കണ്ടെത്തി; വൈദ്യുതി നിയന്ത്രണം രണ്ട് ദിവസം മാത്രം; കെ കൃഷ്ണന്‍കുട്ടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th April 2022 07:33 PM |
Last Updated: 28th April 2022 07:33 PM | A+A A- |

കെ കൃഷ്ണന്‍കുട്ടി
തിരുവനന്തപുരം: രാത്രികാലങ്ങളില്‍ ഏര്‍പ്പെടുത്തിയ വൈദ്യുത നിയന്ത്രണം രണ്ടു ദിവസത്തേക്ക് മാത്രമെന്ന് വൈദ്യുതിമന്ത്രി കെ കൃഷ്ണന്‍കുട്ടി. കല്‍ക്കരി ക്ഷാമം കാരണമുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ആന്ധ്രയിലെ കമ്പനിയുമായി ചേര്‍ന്ന് ബദല്‍ മാര്‍ഗം കണ്ടെത്തിയതായും പരമാവധി ഉപയോഗം കുറച്ച് ഉപയോക്താക്കള്‍ സഹകരിക്കണമെന്നും വൈദ്യുതി മന്ത്രി പറഞ്ഞു.
താപവൈദ്യുതിയുടെ ഉല്‍പ്പാദനം കുറഞ്ഞതോടെ 10.7 ജിഗാ വാട്ടിന്റെ കുറവ് രാജ്യത്ത് നേരിടുന്നുണ്ട്. 14 സംസ്ഥാനങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. സംസ്ഥാനത്ത് വ്യാഴാഴ്ച വൈകിട്ട് 6.30 മുതല്‍ രാത്രി 11.30 വരെയാണ് നിയന്ത്രണം.
മൈഥോണ്‍ പവര്‍ സ്റ്റേഷന്‍ (ജാര്‍ഖണ്ഡ്) 135 മെഗാവാട്ട് ഉല്‍പാദനക്കുറവ് അറിയിച്ചിട്ടുണ്ട്. അതിനാല്‍ സംസ്ഥാനത്ത് 400 മുതല്‍ 500 മെഗാവാട്ട് വരെ വൈദ്യുതി കുറച്ചായിരിക്കും വൈകിട്ട് ലഭ്യമാകുക. ഇത് തരണം ചെയ്യാനായാണ് വൈദ്യുതി ഉപയോഗത്തില്‍ വൈകിട്ട് 6.30 മുതല്‍ രാത്രി 11.30 വരെ ക്രമീകരണം ഏര്‍പ്പെടുത്തുന്നുണ്ട്.
സംസ്ഥാനത്ത് ഇന്നു വൈകിട്ട് ആറിനും 11.30 നും മധ്യേ 15 മിനിട്ട് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം. നഗരങ്ങളിലും ആശുപത്രികളിലും വൈദ്യുതി നിയന്ത്രണമില്ല. കേന്ദ്ര വൈദ്യുതി വിഹിതത്തില്‍ 400 മുതല്‍ 500 മെഗാവാട്ട് വരെ കുറവ് വന്നതിനാലാണ് നിയന്ത്രണം.