കെ റെയില്‍ കല്ലിടല്‍: ധര്‍മ്മടത്ത് പ്രതിഷേധം; എഞ്ചിനീയര്‍ക്ക് നേരെ കയ്യേറ്റം; മുഴപ്പിലങ്ങാടും സംഘര്‍ഷം
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th April 2022 02:25 PM |
Last Updated: 29th April 2022 02:25 PM | A+A A- |

സില്‍വര്‍ലൈന്‍ കല്ലിടലിനെതിരെ പ്രതിഷേധം/ ടിവി ദൃശ്യം
കണ്ണൂര്‍: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് വേണ്ടിയുള്ള കല്ലിടലിനെതിരെ ധര്‍മ്മടത്തും പ്രതിഷേധം. പ്രതിഷേധക്കാര്‍ ഉദ്യോഗസ്ഥരെ തടഞ്ഞു. പ്രതിഷേധം വകവെക്കാതെ കല്ലിടാനുള്ള ഉദ്യോഗസ്ഥരുടെ ശ്രമത്തിനിടെ, കെ റെയില്‍ എഞ്ചിനീയര്‍ അരുണിന് നേരെ കയ്യേറ്റമുണ്ടായി.
കെ റെയില്‍ ഉദ്യോഗസ്ഥര്‍ തള്ളിമാറ്റിയെന്ന് പ്രതിഷേധക്കാരും ആരോപിച്ചു. കല്ലിടാന്‍ അനുവദിക്കില്ലെന്നാണു പ്രതിഷേധക്കാരുടെ നിലപാട്. കെ റെയില്‍ എഞ്ചിനീയറെ കയ്യേറ്റം ചെയ്തത് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരെ പ്രതിഷേധക്കാര്‍ അസഭ്യം വിളിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു.
കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. പ്രതിഷേധിക്കുന്ന നാട്ടുകാരെ അറസ്റ്റുചെയ്തു നീക്കാന്‍ പൊലീസ് ശ്രമിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ ഉടലെടുത്തു.
നാട്ടുകാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു. പ്രതിഷേധിച്ച നാലുപേരെ പൊലീസ് അറസ്റ്റു ചെയ്തു. പ്രതിഷേധത്തിനിടെ ഉദ്യോഗസ്ഥര്‍ രണ്ടു വീടുകളില്‍ സില്‍വര്‍ലൈന്‍ കല്ലുകള്‍ സ്ഥാപിച്ചു. സ്ത്രീകള്‍ അടക്കമുള്ള പ്രതിഷേധക്കാര്‍ ഏതാനും കല്ലുകള്‍ പിഴുതുമാറ്റുകയും ചെയ്തു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ