'ഹൈക്കമാന്‍ഡ് തീരുമാനിക്കും'; സ്ഥാനാർത്ഥിത്വ സാധ്യത തള്ളാതെ ഉമ തോമസ്; ആദ്യമായി പൊതുവേദിയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th April 2022 12:38 PM |
Last Updated: 29th April 2022 12:38 PM | A+A A- |

ഉമ തോമസ് സത്യാഗ്രഹ വേദിയില്‍/ ടിവിദൃശ്യം
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യത തള്ളാതെ അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ ഭാര്യ ഉമ തോമസ്. സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആണ് തീരുമാനിക്കേണ്ടത്. തനിക്ക് അതില്‍ ഒന്നും പറയാനാകില്ല. തനിക്ക് ഒരുപാട് ആലോചിക്കാനുണ്ട്. ആലോചിച്ചശേഷം തീരുമാനം എന്തായാലും മാധ്യമങ്ങളെ അറിയിക്കുമെന്നും ഉമ തോമസ് പറഞ്ഞു.
പിടി തോമസിന്റെ മരണശേഷം തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിയായി ഉമ തോമസിന്റെ പേര് കോണ്‍ഗ്രസ് ക്യാമ്പുകളില്‍ സജീവമായി ഉയര്‍ന്നുകേട്ടിരുന്നു. ഇതിനിടെ ഇതാദ്യമായി ഉമ തോമസ് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് നടന്‍ രവീന്ദ്രന്‍ നടത്തുന്ന സത്യാഗ്രഹസമരത്തിലാണ് ഉമ തോമസ് പങ്കെടുത്തത്.
എറണാകുളം ഗാന്ധി സ്ക്വയറിൽ ഫ്രണ്ട്സ് ഓഫ് പിടി ആന്റ് നേച്ചർ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് രവീന്ദ്രന്‍ സത്യഗ്രഹ സമരം ഇരിക്കുന്നത്. 'പി ടി തോമസ് ഉണ്ടായിരുന്നു എങ്കില്‍ നടിക്കൊപ്പം ഉറച്ച് നിന്നേനെ. സംഭവദിവസം പി ടി തോമസ് അനുഭവിച്ച സമ്മര്‍ദ്ദം നേരിട്ട് കണ്ടിട്ടുണ്ട്'. കേസിൽ അന്വേഷണത്തിന് മേൽനോട്ടം വഹിച്ച ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റിയത് പ്രതികളെ രക്ഷപ്പെടുത്താനുള്ള കുതന്ത്രമെന്നും ഉമ തോമസ് പറഞ്ഞു.
സിനിമ മേഖലയിൽ നിന്ന് ആദ്യമായാണ് അതിജീവിതയ്ക്ക് പിന്തുണയുമായൊരു നടൻ പ്രത്യക്ഷ സമരത്തിനിറങ്ങുന്നത്. നടി ആക്രമിക്കപ്പെട്ട് അഞ്ചുവർഷം പിന്നിടുമ്പോഴും അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം തുടരുന്നു എന്നാരോപിച്ചാണ് നടൻ രവീന്ദ്രൻ അടക്കുമുള്ളവരുടെ പ്രതിഷേധം. നടിയെ ആക്രമിച്ച കേസിൽ പ്രധാനസാക്ഷിയായിരുന്നു പി ടി തോമസ്. പി ടി തോമസിന്റെ ഇടപെടലിലൂടെയാണ് പൊലീസ് അന്വേഷണം ശക്തമായത്. സത്യാഗ്രഹ സമരത്തിൽ കൊച്ചി മുൻ മേയർ സൗമിനി ജെയിൻ, സി ആർ നീലകണ്ഠൻ, എ ജയശങ്കർ തുടങ്ങിയവർ പങ്കെടുത്തു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ