'സാധാരണ വിടുവായിത്തമായി തള്ളിക്കളയാനാകില്ല'; പി സി ജോര്‍ജ് മാപ്പു പറയണം: സിപിഎം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th April 2022 08:33 PM  |  

Last Updated: 30th April 2022 08:33 PM  |   A+A-   |  

pc_george

പി സി ജോര്‍ജ് ഹിന്ദുമഹാസമ്മേളനത്തില്‍ പ്രസംഗിക്കുന്നു/ ഫെയ്സ്ബുക്ക്


തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയ മുന്‍ എംഎല്‍എ പിസി ജോര്‍ജിന് എതിരെ പ്രതികരണവുമായി സിപിഎം. മനുഷ്യ സൗഹാര്‍ദത്തിന് പേരുകേട്ട കേരളത്തില്‍ അത് തകര്‍ക്കുന്ന വിധത്തിലുള്ള വിദ്വേഷ പ്രസംഗം നടത്തിയ പി സി ജോര്‍ജിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു. 

തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദു മഹാ സംഗമമെന്ന പരിപാടിയിലാണ് പി സി ജോര്‍ജ് ഒരു മതവിഭാഗത്തിനെതിരെ തെറ്റായ പ്രചരണവുമായി രംഗത്ത് വന്നിട്ടുള്ളത്. കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം നടത്തുന്നതിന് എല്ലാ വര്‍ഗീയവാദികളും ബോധപൂര്‍വ്വമായ പദ്ധതികള്‍ നടപ്പിലാക്കുന്ന ഘട്ടത്തിലാണ് ഇത്തരമൊരു പ്രസംഗം പുറത്തു വന്നിട്ടുള്ളത്. ഇദ്ദേഹത്തിന്റെ സാധാരണ വിടുവായിത്തങ്ങളായി ഇതിനെ തള്ളിക്കളയാനാകില്ല. പ്രസ്താവന പിന്‍വലിച്ച് അദ്ദേഹം കേരളീയ സമൂഹത്തോട് മാപ്പ് പറയാന്‍ തയ്യാറാവണം. കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതിനുള്ള എല്ലാവിധ പരിശ്രമങ്ങളെയും ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്ന് നേരിടണം.- സിപിഎം പ്രസ്താവനയില്‍ പറഞ്ഞു. 

'കച്ചവടം ചെയ്യുന്ന മുസ്ലിങ്ങള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വ്വം കലര്‍ത്തുന്നു' എന്നായിരുന്നു പി സി ജോര്‍ജിന്റെ പ്രസംഗം. 'മുസ്ലിങ്ങള്‍ അവരുടെ ജനസംഖ്യ വര്‍ദ്ധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു, മുസ്ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്ലിങ്ങളായ കച്ചവടക്കാര്‍ അവരുടെ സ്ഥാപനങ്ങള്‍ അമുസ്ലിം മേഖലകളില്‍ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവര്‍ന്നു കൊണ്ടുപോകുന്നു.' എന്നും പി സി ജോര്‍ജ് പറഞ്ഞിരുന്നു.

സമകാലിക മലയാളം ബിഗ് ബ്രേക്കിങ്: 'സ്‌പോണ്‍സര്‍മാര്‍ക്ക് വേണ്ടി പാര്‍ട്ടി; പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി, മതം മാറ്റി': പെരുമ്പാവൂരിലെ ഗേള്‍സ് ഹോമിന് വിലക്ക്

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ