'മുസ്ലിങ്ങള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ കലര്‍ത്തുന്നു'; പി സി ജോര്‍ജിന്റെ വിദ്വേഷപ്രസംഗത്തിനെതിരെ പരാതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th April 2022 11:38 AM  |  

Last Updated: 30th April 2022 11:48 AM  |   A+A-   |  

pc_george

പി സി ജോര്‍ജ് ഹിന്ദുമഹാസമ്മേളനത്തില്‍ പ്രസംഗിക്കുന്നു/ ഫെയ്സ്ബുക്ക്

 


തിരുവനന്തപുരം: മുന്‍ എംഎല്‍എ പി സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗത്തിനെതിരെ പരാതി. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ആണ് പ്രസംഗത്തിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയത്. ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തുന്ന അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു വിദ്വേഷപരാമര്‍ശങ്ങള്‍. 

പി സി ജോര്‍ജിന്റെ പ്രസംഗം മുസ്ലിം സമുദായത്തെ സംശയത്തിന്റെ മുനയില്‍ നിര്‍ത്താനും മറ്റു സമുദായത്തിലെ വിശ്വാസികള്‍ക്കും മുസ്ലിങ്ങള്‍ക്കും ഇടയില്‍ വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാനും കാരണമാകുന്നുവെന്ന് പരാതിയില്‍ പറയുന്നു. 

'കച്ചവടം ചെയ്യുന്ന മുസ്ലിങ്ങള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വ്വം കലര്‍ത്തുന്നു, മുസ്ലിങ്ങള്‍ അവരുടെ ജനസംഖ്യ വര്‍ദ്ധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു, മുസ്ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്ലിങ്ങളായ കച്ചവടക്കാര്‍ അവരുടെ സ്ഥാപനങ്ങള്‍ അമുസ്ലിം മേഖലകളില്‍ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവര്‍ന്നു കൊണ്ടുപോകുന്നു.' തുടങ്ങിയ ആരോപണങ്ങളാണ് പി സി ജോര്‍ജ് പ്രസംഗത്തില്‍ ഉന്നയിച്ചതെന്ന് പരാതിയില്‍ പറയുന്നു.

സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ ഭരിക്കുന്നത് അവസാനിപ്പിക്കണമെന്ന് പി സി ജോര്‍ജ് പ്രസംഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനായുള്ള ഇടപെടല്‍ ഹൈന്ദവ സംഘടനകള്‍ ഏറ്റെടുക്കണം. ക്ഷേത്ര ഭരണത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില്‍ ഒരു പൈസ പോലും കാണിക്കയായി നല്‍കരുത്. സര്‍ക്കാരിന് കടമെടുക്കാനുള്ള സ്ഥാപനങ്ങളാണ് ഹൈന്ദവ ക്ഷേത്രങ്ങളെന്നും പി സി ജോര്‍ജ് ആരോപിച്ചു. 

ജോർജിനെതിരെ കേസെടുത്ത് ജയിലിലിടണമെന്ന് ഷാഫിയും ബൽറാമും

പി സി ജോര്‍ജ്ജിന്റെ പ്രസംഗത്തിനെതിരെ ഷാഫി പറമ്പില്‍ എംഎല്‍എയും രംഗത്തെത്തി. തമ്മിലടിപ്പിക്കല്‍ ശ്വാസവായുവും തൊഴിലുമാക്കിയ പി സി ജോര്‍ജ്ജിനെ കേസെടുത്ത് ജയിലിലിടാന്‍ പൊലീസ് തയ്യാറാകണം. സാംക്രമിക രോഗമായി പടരാന്‍ ആഗ്രഹിക്കുന്ന വര്‍ഗ്ഗീയതയുടെ സഹവാസിയാണ് പി സി ജോര്‍ജെന്നും ഷാഫി പറമ്പില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഹീനമായ വർഗീയത പൊതുവേദികളിൽ പ്രചരിപ്പിക്കുന്ന പി സി ജോർജിനെതിരെ നിയമാനുസരണം കേസെടുക്കാൻ കേരളാ പൊലീസിന് എന്താണ് തടസ്സം എന്നു മനസ്സിലാവുന്നില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാം ചോദിച്ചു. എന്തു അടവുനയത്തിന്റെ ഭാഗമാണെങ്കിലും ശരി, ഈ നിലയിൽ അപകടകരമായ വെറുപ്പ് വളർത്തുന്നവർക്കു മുൻപിൽ ആഭ്യന്തര വകുപ്പ് ഇനിയും കയ്യും കെട്ടി നോക്കി നിൽക്കുകയാണെങ്കിൽ കേരളത്തിൽ അതിന്റെ പ്രത്യാഘാതം ഭയാനകമായിരിക്കുമെന്നും ബൽറാം ഫെയ്സ്ബുക്കിൽ കുറിച്ചു.

സംഘപരിവാറിന്റെ മെഗാഫോണായി പി സി ജോര്‍ജ് അധഃപതിച്ചെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ പറഞ്ഞു. വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ പി സി ജോര്‍ജ് ശ്രമിക്കരുതെന്ന് കെ മുരളീധരന്‍ എംപിയും ആവശ്യപ്പെട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കാം

വിജയ് ബാബുവിന് എതിരെ പുതിയ പരാതി ലഭിച്ചിട്ടില്ല, മുന്‍കൂര്‍ ജാമ്യാപേക്ഷ അറസ്റ്റിനു തടസ്സമല്ല: കമ്മിഷണര്‍

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ