നടക്കുന്നത് മാവോയിസ്റ്റ് മോഡല്‍ സമരം; പിന്നില്‍ എല്‍ഡിഎഫ് വീണ്ടും വരുമെന്ന ഉത്കണ്ഠ: എം വി ജയരാജന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th April 2022 04:29 PM  |  

Last Updated: 30th April 2022 04:29 PM  |   A+A-   |  

mv jayarajan

ഫയല്‍ ചിത്രം


കണ്ണൂര്‍: കെ റെയിലിനെതിരെ നടക്കുന്നത് മാവോയിസ്റ്റ് മോഡല്‍ സമരമാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ഭൂമിയേറ്റെടുത്തു എന്ന് പറഞ്ഞാണ് കല്ല് പറിക്കുന്നത്. സാങ്കേതികവിദ്യ ഉപയോഗിച്ച് സര്‍വേ നടത്തിയാലും പ്രതിഷേധമുണ്ടാകില്ലെന്ന് പറയാനാവില്ല. ഭൂവുടമകളുടെ ആശങ്ക പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഭൂമി ഏറ്റെടുത്തവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കണം. ഭൂവുടമകളുമായി ചര്‍ച്ച ചെയ്യേണ്ടതുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യണം. ഇതിന് സര്‍ക്കാര്‍ സന്നദ്ധമാണെന്നും മൊബൈല്‍ സമരക്കാരാണ് സമരം നടത്തുന്നതെന്നും ജയരാജന്‍ പറഞ്ഞു.

2016ല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ മാനിഫെസ്റ്റോയില്‍ ഉണ്ടായിരുന്ന ദേശീയ പാത, ജലപാത, ഗെയില്‍ പൈപ്പ്‌ലൈന്‍ വികസന പദ്ധതികള്‍ക്ക് ജനങ്ങള്‍ അംഗീകാരം നല്‍കുകയും 2016ല്‍ എല്‍ഡിഎഫ് അധികാരത്തിലെത്തുകയും ചെയ്തു. അതില്‍ അസാധ്യമെന്ന് കണ്ട പലതും നടപ്പാക്കി. അതുകൊണ്ട് തന്നെ ഇത്തരം ഒരു പദ്ധതിയും നടപ്പാക്കാനുള്ള ജനകീയ പിന്തുണ എല്‍ഡിഎഫ് സര്‍ക്കാരിനുണ്ട്. 

ഈ പദ്ധതികളെല്ലാം നടപ്പിലാക്കി കഴിഞ്ഞാല്‍ വരാനിരിക്കുന്ന 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും എല്‍ഡിഎഫ് അധികാരത്തിലേക്ക് വന്നേക്കും എന്ന ഉത്കണ്ഠയാണ് യുഡിഎഫിനേയും ബിജെപിയേയും എസ്ഡിപിഐയേയും ജമാഅത്ത് ഇസ്ലാമിയേയും ഇത്തരം ഒരു അക്രമ സമരത്തിന് പ്രേരിപ്പിക്കുന്നത്. സമരം നടത്തിക്കൊട്ടേ. എന്നാല്‍ കല്ല് പിഴുതെടുക്കലും ഉദ്യോഗസ്ഥനെ മര്‍ദിക്കുന്നത് ഉള്‍പ്പെടെയുള്ള അക്രമ സമരങ്ങള്‍ ഒഴിവാക്കുക. ഗാന്ധിയന്‍ സമരം നടത്തണമെന്നാണ് നേരത്തെ ഇവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്നത് മുഴുവന്‍ മാവോയിസ്റ്റ് മോഡല്‍ സമരമാണെന്നും ജയരാജന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം  'കുറ്റികള്‍ പിഴുതെറിയാന്‍ സിപിഐക്കാരും; ആദ്യം സ്വന്തം പാര്‍ട്ടിക്കാരെ ബോധ്യപ്പെടുത്തൂ': കാനത്തിന് എതിരെ സതീശന്‍

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ