കരുവന്നൂർ ബാങ്ക് തട്ടിപ്പ്: അന്വേഷിക്കാൻ സിബിഐ വരുമോ?; ഹർജി ഇന്ന് ഹൈക്കോടതിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st August 2022 08:05 AM  |  

Last Updated: 01st August 2022 08:05 AM  |   A+A-   |  

karuvannur bank loan fraud

ഫയല്‍ ചിത്രം

 

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പു കേസ് ഹൈക്കോടതി ഇന്ന് പരി​ഗണിക്കും. മുൻ ജീവനക്കാരനായ എം വി സുരേഷ് ആണ് ഹർജിക്കാരൻ. കഴിഞ്ഞ വർഷം ജൂലൈയിൽ  നൽകിയ ഹർജിയാണ് കോടതി പരി​ഗണിക്കുന്നത്. 104 കോടിരൂപയുടെ നിക്ഷേപ തട്ടിപ്പ് സി പി എം ഉന്നത നേതാക്കൾ ഇടപെട്ട് അട്ടിമറിക്കുകയാണെന്നും കോടതി മേൽനോട്ടത്തിൽ സി ബി ഐ കേസ് അന്വേഷിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.

നേരത്തെ ഹർജി പരി​ഗണിച്ചപ്പോൾ സർക്കാരും ബാങ്കും സി ബി ഐ അന്വേഷണത്തെ എതിർത്തിരുന്നു. ക്രൈംബ്രാ‌ഞ്ച് ഫലപ്രദമായ അന്വേഷണം നടത്തുന്നുണ്ടെന്നാണ് സർക്കാർ വാദിച്ചത്. നിക്ഷേപർക്ക് പണം നഷ്ടപ്പെടില്ലെന്ന് ബാങ്കും കോടതിയെ അറിയിച്ചിരുന്നു. എന്നാൽ വർഷം ഒന്ന് കഴി‌ഞ്ഞിട്ടും മുഴുവൻ പ്രതികളും കേസിൽ പ്രതിയായില്ല. തട്ടിപ്പ് പണം കണ്ടെടുക്കാനുള്ള നടപടിയും ഇതുവരെ ആയിട്ടില്ലെന്നും ചൂണ്ടിക്കാട്ടുന്നു.

കരുവന്നൂർ ബാങ്കിൽ ലക്ഷങ്ങളുടെ നിക്ഷേപം ഉണ്ടായിട്ടും ചികിത്സയ്ക്ക് പണം കിട്ടാതെ 70 കാരി മരിച്ച സംഭവം വിവാദമായിരിക്കെയാണ് സി ബി ഐ അന്വേഷണം തേടിയുള്ള ഹർജി ഹൈക്കോടതി പരിഗണിക്കുന്നത്. ഒരു വർഷം മുമ്പ്  6 പേരെ പ്രതിയാക്കി എൻഫോഴ്സ്മെന്റും കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അന്വേഷണം തുടങ്ങിയിരുന്നു. ബാങ്കിൽ കോടികളുടെ കള്ളപ്പണം ഉണ്ടെന്നും ഇവ വിദേശത്തേക്ക് കടത്തിയിട്ടുണ്ടെന്നുമായിരുന്നു ഇ ഡി വ്യക്തമാക്കിയത്. എന്നാൽ ഇഡിയുടെ കേസ് അന്വേഷണവും നിലച്ച മട്ടിലാണ്. 

നിക്ഷേപകർ നൽകിയ രണ്ടാമതൊരു ഹർജി കൂടി ഹൈക്കോടതിയുടെ മറ്റൊരു ബഞ്ച് ഇന്ന് പരിഗണിക്കുന്നുണ്ട് .ഈ ഹർജിയിൽ കാലാവധി പൂർത്തിയായ സ്ഥിരം നിക്ഷേപം പിൻവലിക്കാൻ എത്രപേർ അപേക്ഷ നൽകിയെന്നും, സർക്കാറിന് ഇക്കാര്യത്തിൽ എന്ത് ചെയ്യാൻ കഴിയുമെന്നും അറിയിക്കാൻ ജസ്റ്റിസ് ടി ആർ രവി നിർദ്ദേശം നൽകിയിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ

കളമശ്ശേരി ബസ് കത്തിക്കൽ: പ്രതികൾക്കുള്ള ശിക്ഷ ഇന്ന് 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ