ദൃശ്യങ്ങള്‍ തുറക്കാതെ മറ്റൊരു ഫോണിലേക്ക് അയച്ചു?; കേസ് അട്ടിമറിക്കുന്നുവെന്ന നടിയുടെ ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതിയില്‍ 

ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് പരിശോധനയ്ക്ക് അയക്കാന്‍ വിചാരണ കോടതി അനുമതി നിഷേധിച്ചതും നടി ചൂണ്ടിക്കാട്ടിയിരുന്നു
കേസിലെ പ്രതി ദിലീപ് /ഫയല്‍ ചിത്രം
കേസിലെ പ്രതി ദിലീപ് /ഫയല്‍ ചിത്രം

കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നു എന്നാരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ അക്രമത്തിനിരയായ യുവനടിയുടെ അഭിഭാഷക ഉന്നയിച്ചിരുന്നു.  ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് പരിശോധനയ്ക്ക് അയക്കാന്‍ വിചാരണ കോടതി അനുമതി നിഷേധിച്ചതും നടി ചൂണ്ടിക്കാട്ടിയിരുന്നു. 

കേസില്‍ അനുബന്ധകുറ്റപത്രം നല്‍കിയ സാഹചര്യത്തില്‍ ഇതിന്റെ പകര്‍പ്പ് തേടി നടി വിചാരണ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇത് കൂടി കിട്ടിയ ശേഷമാകും ഹൈക്കോടതിയിലെ ഹര്‍ജിയില്‍ അതിജീവിത കൂടുതല്‍ വാദങ്ങള്‍ ഉയര്‍ത്തുക. ഇതിനിടെ വിചാരണ നീണ്ടുപോകുന്നത് ചോദ്യം ചെയ്ത് കേസിലെ എട്ടാം പ്രതി ദിലീപ് സുപ്രീം കോടതിയെയും സമീപിച്ചിട്ടുണ്ട്.

അതേസമയം, നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ വിവോ ഫോണ്‍ ഉപയോഗിച്ച് പരിശോധിച്ചെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ കോടതിയും അന്വേഷണ സംഘവും വ്യക്തത വരുത്തിയിട്ടില്ല. വിചാരണക്കോടതിയുടെ കസ്റ്റഡിയില്‍ ഇരിക്കെ ട്രഷറിയില്‍ സൂക്ഷിച്ചിരുന്ന മെമ്മറി കാര്‍ഡ് വിവോ ഫോണില്‍ ഇട്ട് പരിശോധിച്ചെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ നടിയുടെ ദൃശ്യങ്ങളുള്ള എട്ട് ഫോള്‍ഡറുകളും വിവോ ഫോണ്‍ ഉപയോഗിച്ച് തുറന്നിട്ടില്ല. ദൃശ്യം തുറക്കാതെ തന്നെ മറ്റൊരു ഫോണിലേക്ക് അയച്ചിരിക്കാനുളള സാധ്യതയാണ് ക്രൈംബ്രാഞ്ച് വിലയിരുത്തുന്നത്.

ദൃശ്യം തുറന്ന് നോക്കാതെ തന്നെ മെമ്മറി കാര്‍ഡിന്റെ ദൃശ്യങ്ങള്‍ ആന്‍ഡ്രോയിഡ് ഫോണില്‍ നിന്ന് മറ്റൊരു ഫോണിലേക്ക് അയക്കാനോ കൈമാറാനോ കഴിയും. വിവോ ഫോണില്‍ ഇട്ട മെമ്മറി കാര്‍ഡിലെ ഫോള്‍ഡറുകള്‍ ഒന്നും തുറക്കാതെ ലോംഗ് പ്രസ് ചെയ്താല്‍ മറ്റൊരു ഫോണിലേക്ക് ഇവ ഷെയര്‍ ചെയ്യാനാകും. നടിയുടെ ഇത്തരത്തില്‍ ദൃശ്യങ്ങള്‍ മറ്റൊരു ഫോണിലേക്ക് ടെലഗ്രാം വഴിയോ വാട്‌സ്ആപ് വഴിയോ അയച്ചിരിക്കാനുളള സാധ്യതയുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തല്‍. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com