ജലനിരപ്പ് ഉയര്‍ന്നു; അണക്കെട്ടുകള്‍ തുറക്കുന്നു; വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st August 2022 06:56 AM |
Last Updated: 01st August 2022 06:56 AM | A+A A- |

ചിത്രം: ഫെയ്‌സ്ബുക്ക്
തിരുവനന്തപുരം: കനത്തമഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ അണക്കെട്ടുകള്‍ നിറയുന്നു. തിരുവനന്തപുരം പേപ്പാറ ഡാമിന്റെ നാലു ഷട്ടറുകളും രാവിലെ ഏഴു മണിക്ക് ഉയര്‍ത്തും. അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ പുലര്‍ച്ചെ കൂടുതല്‍ ഉയര്‍ത്തി.
രണ്ടാമത്തെ ഷട്ടര്‍ 20 സെ മീ ഉയര്‍ത്തി. മൂന്നാം ഷട്ടര്‍ 30 സെ മീ, നാലാം ഷട്ടര്‍ 20 സെ മീ. എന്നിങ്ങനെ ഉയര്‍ത്തിയിരിക്കുകയാണ്. പാലക്കാട് കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ രാവിലെ 11 മണിയ്ക്ക് തുറക്കും. നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
ഇടുക്കിയിലെ കല്ലാര്‍കുട്ടി, പാംബ്ല അണക്കെട്ടുകള്‍ നിലവില്‍ തുറന്നിരിക്കുകയാണ്. വലിയ അണക്കെട്ടുകളായ ഇടുക്കി, മുല്ലപ്പെരിയാര്‍ എന്നിവിടങ്ങളില്‍ മുന്‍വര്‍ഷത്തേക്കാള്‍ ജലം ഉണ്ടെങ്കിലും നിലവില്‍ തുറക്കേണ്ട സാഹചര്യമില്ലെന്നാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്.
സംസ്ഥാനത്ത് തീവ്ര മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ നിരവധി വിനോദസഞ്ചാരകേന്ദ്രങ്ങള്‍ അടച്ചു. തിരുവനന്തപുരത്തെ പൊന്മുടി, കല്ലാര്‍, മങ്കയം വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു.
കോട്ടയത്തെ മലയോരമേഖലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിട്ടുണ്ട്. ഗവി ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള യാത്രക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ മലയോരമേഖലകളിലേക്ക് രാത്രി ഏഴുമണിയ്ക്ക് ശേഷമുള്ള യാത്ര ജില്ലാഭരണകൂടം നിരോധിച്ചിട്ടുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ