ഇടുക്കിയിലും നാളെ അവധി

മഴ ശക്തമായ സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലും അവധി പ്രഖ്യാപിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: മഴ ശക്തമായ സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലും അവധി പ്രഖ്യാപിച്ചു. നേരത്തെ കനത്തമഴയെ തുടര്‍ന്ന് തിരുവനന്തപുരം, പത്തനംതിട്ട കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലും അതത് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരുന്നു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. തിരുവനന്തപുരം ജില്ലയ്ക്ക് സമാനമായി
മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു.

പത്തനംതിട്ട ജില്ലയില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷവും നാളെയുമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്. അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

കോട്ടയത്ത് പ്രഫഷനല്‍ കോളജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അവധിയാണ്. എറണാകുളത്തും പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയാണ് അവധി. ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.

വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു

മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ അടച്ചു. വെള്ളിയാഴ്ച വരെയാണ് അടച്ചത്. അതിരപ്പിള്ളി മലക്കപ്പാറ റോഡില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതിശക്തമായ മഴയ്ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലും, മലയോരമേഖലകളില്‍ മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാലും ജില്ലയില്‍ സുരക്ഷയുടെ ഭാഗമായി നിയന്ത്രണങ്ങളും/നിരോധനങ്ങളും ഏര്‍പ്പെടുത്തിയതായി ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയിലെ മലയോര മേഖലകളിലുള്ള രാത്രികാല യാത്ര അടിയന്തിര സാഹചര്യങ്ങളില്‍ ഒഴികെ ഇന്ന് മുതല്‍ നിരോധിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യം, പൊലീസ്, റവന്യൂ സിവില്‍ ദുരന്തനിവാരണം, തദ്ദേശസ്വയംഭരണം. ഫയര്‍ ആന്‍ഡ് റസ്‌ക്യു, സിവില്‍ സപ്ലൈസ്, കേരള വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി എന്നിവ ഉള്‍പ്പെടെയുള്ള അവശ്യ സര്‍വീസുകളിലെ ജീവനക്കാര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രം ഈ സമയത്ത് യാത്ര ചെയ്യുന്നതിന് ഇളവ് അനുവദിക്കും.

ജില്ലയിലെ എല്ലാവിധ ഓഫ് റോഡ് ട്രക്കിംങ്ങ്, എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങള്‍, ജലാശയങ്ങളിലുള്ള മല്‍സ്യബന്ധനങ്ങള്‍, വിനോദ സഞ്ചാരത്തോടനുബന്ധിച്ചുള്ള സ്വകാര്യ ബോട്ടുകള്‍ ഉള്‍പ്പെടെയുള്ള എല്ലാവിധ ബോട്ടിംങ്ങ് എന്നിവ താല്‍ക്കാലികമായി നിരോധിച്ചു. ജലാശയങ്ങളിലും അപകടകരമായ മേഖലകളിലും ഫോട്ടോ എടുക്കുന്നതും വീഡിയോ ചിത്രികരണവും ഒഴിവാക്കണം. മലയോര മേഖലകളില്‍ വാഹനം അമിത വേഗത്തില്‍ ഓടിക്കരുതെന്നും മതിയായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടോ എന്നും ബന്ധപ്പെട്ട വകുപ്പുകള്‍ ഉറപ്പുവരുത്തേണ്ടതാണ്.


സംസ്ഥാനത്ത് നാലുദിവസം അതിതീവ്രമഴ; റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് നാലുദിവസം അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലാണ് റെഡ് അലര്‍ട്ട്. തൃശൂര്‍ മലപ്പുറം ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

ബുധനാഴ്ച 12 ജില്ലകളിലാണ് റെഡ് അലര്‍ട്ട്. കണ്ണൂര്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും കാസര്‍കോട് ജില്ലയില്‍ റെഡ് അലര്‍ട്ടുമാണ്. വ്യാഴാഴ്ച എറണാകുളം മുതല്‍ കാസര്‍കോട് വരെയാണ് റെഡ് അലര്‍ട്ട് പ്രഖ്യാപച്ചത്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരത്തും കൊല്ലത്തും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com