സമരം തുടര്‍ന്നാല്‍ ഹര്‍ജിയില്‍ ഉത്തരവ് പറയില്ല; കെഎസ്ആര്‍ടിസിയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം; ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd August 2022 05:03 PM  |  

Last Updated: 02nd August 2022 05:03 PM  |   A+A-   |  

highcourt

ഫയല്‍ ചിത്രം

 

 

കൊച്ചി: കെഎസ്ആര്‍ടിസിയിലെ തൊഴിലാളി സമരത്തിനെതിരെ ഹൈക്കോടതി. യൂണിയനുകള്‍ സ്ഥാപനത്തെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഇപ്പോള്‍ നടക്കുന്ന സമരം കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തില്ലെന്ന ഉറപ്പിന്റെ ലംഘനമല്ലേയെന്നും കോടതി ചോദിച്ചു. ഹൈക്കോടതി വിഷയം പരിഗണിക്കുമ്പോള്‍ എന്തിനാണ് സമരം?. പരമാവധി ഷെഡ്യൂളുകള്‍ വര്‍ധിപ്പിച്ച് ഇറക്കാന്‍ കഴിയുന്ന ബസുകളെല്ലാം റോഡില്‍ ഇറക്കണം. ഇതിന് തൊഴിലാളികള്‍ സഹകരിക്കണം.തൊഴിലാളികളുടെ ആവശ്യം എല്ലാം കോടതി പരിഗണിക്കുന്നുണ്ടെന്നും സമരം തുടര്‍ന്നാല്‍ ഹര്‍ജിയില്‍ ഉത്തരവ് പറയില്ലെന്നും കോടതി മുന്നറിയിപ്പ് നല്‍കി. കേസ് 17 ന് വീണ്ടും പരിഗണിക്കും. 

ശമ്പള വിതരണം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ  പരാമര്‍ശം. അതേസമയം ജീവനക്കാര്‍ക്ക് അഞ്ചാം തീയതിക്ക് മുന്‍പായി ശമ്പളം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സാവാകാശം തേടി. അഞ്ചാം തീയതിയ്ക്ക് മുന്‍പായി ശമ്പളം നല്‍കുന്നത് സംബന്ധിച്ച് നടപടികളെടുക്കാന്‍ സര്‍ക്കാരിനോടും കെഎസ്ആര്‍ടിസിയോടും ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇക്കാര്യത്തില്‍ ഒരുമാസം കൂടി സാവാകാശം വേണമെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. 

അഞ്ചാം തീയതിക്ക് മുന്‍പ് തന്നെ ശമ്പളം നല്‍കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. കെഎസ്ആര്‍ടിസിയെ സ്വയം പര്യാപ്തമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. കെഎസ്ആര്‍ടിസിയെ നവീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രൊഫ. സുശീല്‍ ഖന്നയെ നിയോഗിച്ചത്. തൊഴിലാളികളുടെ എതിര്‍പ്പ് മൂലം സുശീല്‍ ഖന്ന റിപ്പോര്‍ട്ടിലെ പല തീരുമാനങ്ങളും നടപ്പിലാക്കാന്‍ വൈകിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ

കൂടുതല്‍ മഴ തൃശൂരില്‍; നാലിടത്ത് പെയ്തത് അതിതീവ്ര മഴ; മുന്നറിയിപ്പില്‍ മാറ്റം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ