നാളെ തിരുവനന്തപുരത്തും അവധി; പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല

ഇതോടെ അവധി പ്രഖ്യപിച്ച ജില്ലകളുടെ എണ്ണം പതിനൊന്നായി
ചിത്രം: എക്‌സ്പ്രസ്
ചിത്രം: എക്‌സ്പ്രസ്

തിരുവനന്തപുരം: കനത്ത മഴതുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണല്‍ കൊളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. എന്നാല്‍ മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. ഇതോടെ അവധി പ്രഖ്യപിച്ച ജില്ലകളുടെ എണ്ണം പതിനൊന്നായി. 

വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനതംതിട്ട, പാലക്കാട് ജില്ലകളിലാണ് നേരത്തെ അവധി പ്രഖ്യാപിച്ചത്. പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

എംജി സര്‍വകലാശാല ബുധനാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. സംസ്‌കൃത ശര്‍വകലാശാലയും പരീക്ഷ മാറ്റിയിട്ടുണ്ട്.

മഴ തുടരുന്ന സാഹചര്യത്തില്‍ നാളെ നടക്കേണ്ട സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം മാറ്റിവച്ചു. വയനാട് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കു പ്രവേശനം വിലക്കി കലക്ടര്‍ ഉത്തരവിറക്കി.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ മുന്നറിയിപ്പു പ്രകാരം പത്തു ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസര്‍ക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ശേഷിച്ച ജില്ലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചു.

കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവുമധികം മഴ ലഭിച്ചത് തൃശൂരിലെ ഏനാമാക്കലില്‍. 24 സെന്റിമീറ്റര്‍ മഴയാണ് ഇവിടെ പെയ്തത്. കൊച്ചി വിമാനത്താവളത്തില്‍ 23 സെന്റിമീറ്റര്‍ മഴയാണ് ഈ സമയം കൊണ്ടു പെയ്തത്.

ഇരുപത്തിനാലു മണിക്കൂറിനിടെ ചാലക്കുടിയില്‍ 21 സെന്‍ിമീറ്ററും ആലുവയില്‍ 18 സെന്റിമീറ്ററും മഴ ലഭിച്ചു. ഈ നാലിടത്താണ് ഇന്നലെ വൈകിട്ടും ഇന്നുമായി അതിതീവ്രമഴ പെയ്തത്. സംസ്ഥാനത്ത് വ്യാഴാഴ്ച വരെ അതിതീവ്ര മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

ഏഴു ഡാമുകളില്‍ റെഡ് അലര്‍ട്ട്

നാളെയും സമാനമായ മുന്നറിയിപ്പാണ് കാലാവസ്ഥാ കേന്ദ്രം പുറത്തുവിട്ടിട്ടുള്ളത്. വ്യാഴാഴ്ച ഏഴു ജില്ലകളിലാണ് റെഡ് അലര്‍ട്ട്. വെള്ളിയാഴ്ചയോടെ മഴ കുറയുമെന്നാണ് ഇപ്പോഴത്തെ പ്രവചനം.

സംസ്ഥാനത്ത് മഴ ശക്തമായതോടെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഏഴു ഡാമുകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. ഇടുക്കിയിലെ പൊന്മുടി, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, കുണ്ടള, പത്തനംതിട്ടയിലെ മൂഴിയാര്‍, തൃശൂരിലെ പെരിങ്ങല്‍കുത്ത് എന്നീ ഡാമുകളിലാണ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചത്.

മങ്കര, മംഗലം ഡാമുകളില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ 35 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. കനത്ത മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിയായാണ് ഡാം തുറക്കുന്നതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇന്നലെ ഷട്ടറുകള്‍ 20 സെന്റിമീറ്റര്‍ ഉയര്‍ത്തിയിരുന്നു. പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.

ഭൂതത്താന്‍കെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നിരിക്കുകയാണ്.തൃശ്ശൂര്‍ പെരിങ്ങല്‍കുത്ത് ഡാമിന്റെ നാലാം നമ്പര്‍ വാല്‍വ് കൂടി രാവിലെ 4.30 ന് തുറന്നിരുന്നു.തിരുവനന്തപുരം പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ 250 സെന്റിമീറ്റര്‍ ഉയര്‍ത്തിയിരുന്നു. ഇത് രാവിലെയോടെ 270 സെന്റീമീറ്ററായി ഉയര്‍ത്തി. കൂടാതെ അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ആകെ 530 സെന്റീമീറ്ററാക്കി ഉയര്‍ത്തിയിട്ടുമുണ്ട്. പത്തനംതിട്ട ജില്ലയിലെ പ്രധാനപ്പെട്ട ഡാമുകളായ കക്കി ആനത്തോട് റിസര്‍വോയറില്‍ ആകെയുള്ള സംഭരണശേഷിയുടെ 65.11 %വും പമ്പ ഡാമിന്റെ 35.81 % വുമാണ് നിലവില്‍ നിറഞ്ഞിട്ടുള്ളത്.

മലങ്കര ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന് ഭാഗമായി ഡാമിലെ ആറ് സ്പില്‍വേ ഷട്ടറുകള്‍ 120 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി 300.03 ഘന അടി ജലം പുറത്തേക്ക് ഒഴുക്കുവിടുന്നുണ്ട്. പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കുണ്ടള ജലസംഭരണിയുടെ വൃഷ്ടിപ്രദേശത്ത് കനത്ത മഴയും നീരൊഴുക്കും കാരണം ജലനിരപ്പ് ഉയരുകയാണ്. കുണ്ടള ജലസംഭരണിയിലെ അധിക ജലം ഘട്ടം ഘട്ടമായി പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ട്. കുണ്ടള അണക്കെട്ടിലെ അഞ്ച് ഷട്ടറുകള്‍ 50 സെന്റീ മീറ്റര്‍ വീതം ആവശ്യാനുസരണം തുറന്ന് 60 ക്യൂമെക്‌സ് വരെ കുണ്ടളയാറു വഴി മാട്ടുപ്പെട്ടി സംഭരണിയിലേക്ക് ഒഴുക്കിവിടും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com