കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: നിക്ഷേപകര്‍ക്ക് പണം നല്‍കുന്നത് നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd August 2022 02:15 PM |
Last Updated: 02nd August 2022 02:15 PM | A+A A- |

ഫയല്‍ ചിത്രം
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകര്‍ക്ക് പണം നല്‍കുന്നത് നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവ്. ചികിത്സ പോലുള്ള അടിയന്തര ആവശ്യമുള്ളവര്‍ക്ക് മാത്രം പണം തിരിച്ചുനല്‍കാം. ആര്‍ക്കൊക്കെ പണം നല്‍കി എന്നത് സംബന്ധിച്ച് കോടതിയെ ധരിപ്പിക്കുകയും വേണം. ഓഡിറ്റ് റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി.
സ്വതന്ത്ര ഓഡിറ്റ് വേണോയെന്ന് പരിശോധിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. പണം തിരിച്ചുനല്‍കുമ്പോള്‍ ക്രമക്കേട് നടക്കാന്‍ സാധ്യതയുണ്ടെന്നും, സ്വാധീനമുള്ളവര്‍ക്ക് പണം കിട്ടാന്‍ സാധ്യതയേറെയാണെന്നും വിലയിരുത്തിയാണ് നിര്‍ത്തിവെക്കാന്‍ കോടതി ഉത്തരവിട്ടത്. പണം എങ്ങനെ തിരിച്ചുനല്‍കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ കൃത്യമായ പ്ലാന്‍ തയ്യാറാക്കി അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
കരുവന്നൂര്‍ ബാങ്കില്‍ സ്ഥിര നിക്ഷേപത്തിന്റെ കാലാവധി പൂര്‍ത്തിയായിട്ടും പണം ലഭിക്കാത്തത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് ടി ആര്‍ രവിയുടെ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. നിലവില്‍ 60 ലക്ഷം രൂപ മാത്രമാണ് ബാങ്കിന്റെ കൈവശമുള്ളതെന്ന് ബാങ്ക് കോടതിയെ അറിയിച്ചു.
കാലാവധി പൂര്‍ത്തിയായ 142 കോടിയുടെ സ്ഥിരനിക്ഷേപം നല്‍കാനുണ്ടെന്ന് ബാങ്ക് കോടതിയെ അറിയിച്ചു. 284 കോടിയുടെ നിക്ഷേപവും ഉണ്ട്. ബാങ്കിന്റെ ആസ്തി വിറ്റിട്ടാണെങ്കിലും നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുമെന്ന് ബാങ്ക് അറിയിച്ചു. ഹര്‍ജി പത്താം തീയതി കോടതി വീണ്ടും പരിഗണിക്കും.
ഈ വാർത്ത കൂടി വായിക്കൂ
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കി പോക്‌സ്
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ