'വെള്ളത്തില്‍ ചാടാനും ചൂണ്ടയിടാനും പോകല്ലേ...'; കുട്ടികളോട് ആലപ്പുഴ കലക്ടര്‍, ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd August 2022 07:54 PM  |  

Last Updated: 03rd August 2022 07:54 PM  |   A+A-   |  

krishnatheja

വി ആര്‍ കൃഷ്ണതേജ/ഫെയ്‌സ്ബുക്ക്

 

ആലപ്പുഴ: കനത്ത മഴയെത്തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധിയാണ്. അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള  ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. അവധിയാണെന്ന് കരുതി കുട്ടികള്‍ വെള്ളത്തില്‍ ചാടാനോ ചൂണ്ടയിടാനോ പോകരുത് എന്നാണ് കലക്ടര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. 

ശ്രീറാം വെങ്കിട്ടരാമനെ കലക്ടറായി നിയമിച്ചതിന് പിന്നാലെ ഓഫ് ചെയ്ത കലക്ടറുടെ ഔദ്യോഗിക പേജിലെ കമന്റ് ഓപ്ഷനും ഓണ്‍ ആക്കിയിട്ടുണ്ട്. ഇതിന് പിന്നാലെ നിരവധിപേരാണ് പേജില്‍ കമന്റുമായി എത്തിയിരിക്കുന്നത്. 

ആലപ്പുഴ കലക്ടറുടെ പോസ്റ്റ് ഇങ്ങനെ: 

പ്രിയ കുട്ടികളെ,
ഞാന്‍ ആലപ്പുഴ ജില്ലയില്‍ കലക്ടറായി ചുമതല ഏറ്റെടുത്തത് നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ. എന്റെ ആദ്യ ഉത്തരവ് തന്നെ നിങ്ങള്‍ക്ക് വേണ്ടിയാണ്. നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ്. നാളെ നിങ്ങള്‍ക്ക് ഞാന്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്ന് കരുതി വെള്ളത്തില്‍ ചാടാനോ ചൂണ്ട ഇടാനോ പോകല്ലേ. നമ്മുടെ ജില്ലയില്‍ നല്ല മഴയാണ്. എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കണം. അച്ചന്‍ അമ്മമാര്‍ ജോലിക്ക് പോയിട്ടുണ്ടാകും. അവരില്ലെന്ന് കരുതി പുറത്തേക്ക് ഒന്നും പോകരുത്. പകര്‍ച്ചവ്യാധി അടക്കം പകരുന്ന സമയമാണ്. പ്രത്യേകം ശ്രദ്ധിക്കണം. കൃത്യ സമയത്ത് ഭക്ഷണം കഴിക്കണം. അവധിയെന്ന് കരുതി മടി പിടിച്ച് ഇരിക്കാതെ പാഠ ഭാഗങ്ങള്‍ മറിച്ചു നോക്കണം. നന്നായി പഠിച്ച് മിടുക്കരാകൂ...സനേഹത്തോടെ...

ഈ വാര്‍ത്ത കൂടി വായിക്കൂ  മഴക്കാല ഡ്രൈവിംഗ്: അപകടം ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ