മീനങ്ങാടിയില്‍ കടുവ ഇറങ്ങി, ജനവാസകേന്ദ്രത്തില്‍ റോഡിലൂടെ നടന്നുപോകുന്ന ദൃശ്യം പുറത്ത്; ഭീതിയില്‍ നാട്ടുകാര്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd August 2022 11:51 AM  |  

Last Updated: 03rd August 2022 11:51 AM  |   A+A-   |  

TIGER

മൈലമ്പാടിയില്‍ റോഡിലൂടെ നടന്നുപോകുന്ന കടുവയുടെ സിസിടിവി ദൃശ്യം

 

കല്‍പ്പറ്റ: വയനാട് മീനങ്ങാടിയില്‍ കടുവ ഇറങ്ങിയതോടെ നാട്ടുകാര്‍ ഭീതിയില്‍. മൈലമ്പാടിയില്‍ കടുവ റോഡിലൂടെ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കടുവയെ ഉടനെ തന്നെ പിടികൂടി ആശങ്ക പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കഴിഞ്ഞ ഒരുമാസമായി പ്രദേശത്ത് കടുവയുടെ സാന്നിധ്യമുള്ളതായി നാട്ടുകാര്‍ പരാതിപ്പെടുന്നുണ്ട്. അതിനിടെ ഇന്ന് പുലര്‍ച്ചെ ഒരു വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് കടുവയുടെ ദൃശ്യം പതിഞ്ഞത്. പുലര്‍ച്ചെ മൂന്ന് മണിയോടെ റോഡിലൂടെ കടുവ നടന്നുനീങ്ങുന്നതാണ് വീഡിയോയിലുള്ളത്.

അടുത്തിടെ പ്രദേശത്തുള്ള തോട്ടത്തില്‍ മാനിന്റെ ജഡം കണ്ടെത്തിയിരുന്നു. കടുവ കൊന്നുതിന്നതാണ് എന്ന നാട്ടുകാരുടെ പരാതിയില്‍ പ്രദേശത്ത് വനംവകുപ്പ് സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ ക്യാമറകളില്‍ കടുവയുടെ ദൃശ്യം പതിഞ്ഞിരുന്നില്ല. അതിനിടെയാണ് ജനവാസകേന്ദ്രത്തിലെ സിസിടിവിയില്‍ കടുവയുടെ ദൃശ്യം പതിഞ്ഞത്. 

ക്ഷീര കര്‍ഷകര്‍ കൂടുതലുള്ള മേഖലയാണിത്. കടുവ കടന്നുപോകുന്ന റോഡിന്റെ ഇരുവശങ്ങളിലും വീടുകള്‍ ഉണ്ട്്. കടുവയെ കണ്ടതോടെ നാട്ടുകാര്‍ക്ക് ഇടയില്‍ ഭീതി വര്‍ധിച്ചിരിക്കുകയാണ്. ഉടന്‍ തന്നെ കടുവയെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

അരയാള്‍ താഴ്ചയില്‍ ഗര്‍ത്തം; മൂവാറ്റുപുഴ പാലത്തിലൂടെ വാഹനഗതാഗതം നിരോധിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ