പണം മാത്രം എടുത്തു; എടിഎം ഉള്‍പ്പടെ രേഖകള്‍ ഉടമസ്ഥന് തിരിച്ചുനല്‍കി; കള്ളന്റെ 'സത്യസന്ധത'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th August 2022 10:31 AM  |  

Last Updated: 04th August 2022 10:31 AM  |   A+A-   |  

purse_lost_pti

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: അടിച്ചുമാറ്റിയ പഴ്‌സില്‍ നിന്നും പണംമാത്രമെടുത്ത് മറ്റ് രേഖകള്‍ അടങ്ങിയ പഴ്‌സ് തിരിച്ച് എല്‍പ്പിച്ച മോഷ്ടാവിന് ഉടമസ്ഥന്റെ നന്ദി പ്രകടനം. ചെക്യാട് പാറക്കടവ് സ്വദേശിയും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ മോഹനന്‍ പാറക്കടവാണ് പഴ്‌സ് തിരികെ നല്‍കിയ കള്ളന് സാമൂഹികമാധ്യമങ്ങള്‍ വഴി നന്ദിയറിയച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം.

ചിന്തന്‍ശിബിരം കഴിഞ്ഞുവരുമ്പോഴാണ് കോഴിക്കോട് ബസ്സ്റ്റാന്‍ഡ് പരിസരത്തുവെച്ചാണ് പഴ്‌സ് നഷ്ടമായത്. എടിഎം കാര്‍ഡ് ഉള്‍പ്പടെ വിവിധ രേഖകളും 700 രൂപയുമായിരുന്നു പഴ്‌സിലുണ്ടായിരുന്നത്. രാത്രിയില്‍ സുഹൃത്തിനോട് പണംവാങ്ങി നാട്ടിലെത്തി. പുതിയ എടിഎം കാര്‍ഡിന് അപേക്ഷിക്കുന്നതിനിടെയാണ് പോസ്‌റ്റോഫീസില്‍നിന്ന് ഫോണ്‍ വന്നത്. നഷ്ടപ്പെട്ട പഴ്‌സ് ലഭിച്ചിട്ടുണ്ടെന്നും പക്ഷേ, പണമില്ലെന്നും പോസ്‌റ്റോഫീസില്‍നിന്ന് അറിയിച്ചു. കാര്‍ഡുകള്‍ അതിലുണ്ടോ എന്നാണ് ആദ്യം തിരക്കിയതെന്നും മോഹനന്‍ പറഞ്ഞു. 

മോഹനന്റേത് ഉള്‍പ്പെടെ നാലു പഴ്‌സുകള്‍ പോക്കറ്റടിച്ച കള്ളന്‍ പണമെടുത്തശേഷം പഴ്‌സുകള്‍ തപാല്‍ബോക്‌സില്‍ നിക്ഷേപിക്കുകയായിരുന്നു. ഇതോടെയാണ് പണം മാത്രമെടുത്ത് കാര്‍ഡുകളും രേഖകളും തിരിച്ചുതന്ന പോക്കറ്റടിക്കാരനോട് സോഷ്യല്‍മീഡിയ വഴി മോഹനന്‍ നന്ദിയറിയിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

'പുള്ളാര് റബ്ബര്‍ ബാന്‍ഡ് അല്ല,വിട്ടത് പോലെ തിരിച്ചു വരാന്‍...'; അവധി പ്രഖ്യാപനം വൈകിയതില്‍ രൂക്ഷവിമര്‍ശനം; സ്‌കൂളിലെത്തിയവരെ തിരിച്ചയക്കേണ്ടെന്ന് കലക്ടര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ