പഠിച്ച പണി പതിനെട്ടും നോക്കി; ഒടുവില്‍ കുട്ടിയെയും എടുത്ത് ഫയര്‍ഫോഴസ് ഓഫീസിലേക്ക് ഓടി; തലയില്‍ കുടുങ്ങിയ പാത്രം മുറിച്ചുമാറ്റി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th August 2022 08:42 PM  |  

Last Updated: 05th August 2022 08:42 PM  |   A+A-   |  

fire_force

ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പാത്രം മുറിച്ചുമാറ്റുന്നു

 

കോഴിക്കോട്: കളിക്കുന്നതിനിടെ പാത്രം തലയില്‍ കുടുങ്ങിയ രണ്ടു വയസുകാരന് രക്ഷകരായി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍. കോഴിക്കോട് കുതിരവട്ടം സ്വദേശി സജീവ് കുമാറിന്റെ മകന്‍ അമര്‍നാഥിന്റെ തലയിലാണ് പാത്രം കുടുങ്ങിയത്. പാത്രം മുറിച്ച് മാറ്റി അഗ്‌നി രക്ഷാസേന കുട്ടിയെ രക്ഷപ്പെടുത്തി.  കളിച്ചു കൊണ്ടിരിക്കെ രണ്ടുവയസുകാരന്റെ തലയില്‍ അലൂമിനിയം പാത്രം കുടുങ്ങുകയായിരുന്നു. വീട്ടുകാര്‍ ഏറെ ശ്രമിച്ചിട്ടും പുറത്തെടുക്കാന്‍ സാധിക്കാത്തതോടെയാണ് ഫയര്‍ഫോഴ്‌സിന്റ സഹായം തേടിയത്. 
 
തലയില്‍ പാത്രം കൂടുങ്ങിയ അമര്‍നാഥിനെയും എടുത്ത് വീട്ടുകാരും സമീപവാസികളും നാല് കിലോമീറ്റര്‍ അകലെയുള്ള മീഞ്ചന്ത അഗ്‌നിരക്ഷാ സേനയുടെ ഓഫീസിലേക്കെത്തി. അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥരുടെ സഹായത്തില്‍ പാത്രം മുറിച്ചു മാറ്റുകയായിരുന്നു. പാത്രം തലയില്‍ നിന്ന് എടുത്തതോടെയാണ് മാതാപിതാക്കളുടെ ശ്വാസം നേരെ വീണത്. 

പാത്രം, മോതിരം എന്നിവ കുടങ്ങി നിരവധി പേരാണ് സഹായത്തിനായി ഫയര്‍ഫോഴ്‌സിനായി സമീപിക്കാറുള്ളത്. കുട്ടികളാണ് ഏറെയും ഇത്തരം അപകടങ്ങളില്‍പ്പെടുന്നത്. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ രക്ഷാപ്രവര്‍ത്തനം നടത്തുന്നത് അപകടമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

ആലപ്പുഴ‌യിൽ നാളെ അവധി; പത്തനംതിട്ടയിൽ ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ