പ്രിയ വര്‍ഗീസിന്റെ നിയമനം; കണ്ണൂര്‍ വിസിയോട് വിശദീകരണം തേടി ഗവര്‍ണര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th August 2022 03:30 PM  |  

Last Updated: 06th August 2022 03:30 PM  |   A+A-   |  

priya_varghees

പ്രിയ വര്‍ഗീസ്

 

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയില്‍ മലയാളം അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിനെ നിയമിച്ചതില്‍ വിസിയോട് വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രിയ വര്‍ഗീസിന്റെ നിയമനം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്‌സിറ്റി ഫോറം നല്‍കിയ പരാതിയിലാണ് നടപടി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യയാണ് പ്രിയ വര്‍ഗീസ്. 

യുജിസി ചട്ടപ്രകാരമുള്ള എട്ടു വര്‍ഷത്തെ അധ്യാപന പരിചയമില്ല, കൂടുതല്‍ യോഗ്യതയുള്ളവരെ ഒഴിവാക്കിയാണ് പ്രിയയ്ക്ക് നിയമനം നല്‍കിയത് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിയമനത്തിന് പിന്നാലെ ഉയര്‍ന്നിരുന്നു. 

തൃശൂര്‍ കേരള വര്‍മ്മ കോളജില്‍ അധ്യാപികയായിരുന്നു പ്രിയ വര്‍ഗീസ്. കഴിഞ്ഞ നവംബറില്‍ വിസി യുടെ കാലാവധി നീട്ടുന്നതിനു തൊട്ടു മുന്‍പ് മലയാളം അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിനായി അഭിമുഖം നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് നല്‍കിയത് വിവാദമായിരുന്നു. വിവാദത്തെ തുടര്‍ന്ന് നിയമനം നല്‍കാതെ റാങ്ക് പട്ടിക മാറ്റിവെച്ചിരിക്കുകയായിരുന്നു.

എന്നാല്‍ കഴിഞ്ഞ മാസം ചേര്‍ന്ന സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് ലഭിച്ച പട്ടിക അംഗീകരിച്ചു. പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് നല്‍കിയതിനുള്ള പരിതോഷികമായാണ് ഡോ ഗോപിനാഥ് രവീന്ദ്രന് കണ്ണൂര്‍ സര്‍വകലാശാലയില്‍ വിസി ആയി പുനര്‍നിയമനം ലഭിച്ചതെന്ന് ആക്ഷേപമുണ്ടായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം 'കറുത്ത മാസ്‌കിനോട് പോലും അസഹിഷ്ണുത';സിപിഐ ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്ക് രൂക്ഷ വിമര്‍ശനം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ