ഇടമലയാര്‍ ഡാം തുറക്കേണ്ടി വരില്ലെന്ന് വിലയിരുത്തല്‍; 'പെരിയാറില്‍ ആശങ്ക വേണ്ട'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th August 2022 05:00 PM  |  

Last Updated: 06th August 2022 05:00 PM  |   A+A-   |  

rajeev

മന്ത്രി രാജീവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകനയോഗം/ ഫെയ്‌സ്ബുക്ക്‌

 

കൊച്ചി: ഇടമലയാര്‍ ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചുവെങ്കിലും അണക്കെട്ട് തുറക്കേണ്ടി വരില്ലെന്ന് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍. നിലവിലെ സാഹചര്യത്തില്‍ ഡാം തുറക്കേണ്ട സ്ഥിതി ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് കെഎസ്ഇബി, ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി എറണാകുളം ജില്ലാ കലക്ടര്‍ ഡോ. രേണുരാജ് അറിയിച്ചു. 

അണക്കെട്ടിലെ ജലനിരപ്പ് 162.5 മീറ്റര്‍ എത്തിയാല്‍ മാത്രമേ തുറക്കുന്നതിനെ കുറിച്ച് തീരുമാനിക്കുകയുള്ളൂ. ഡാമിന്റെ പരമാവധി നിരപ്പ് 171 മീറ്റര്‍ ആണ്. ഡാമിന്റെ വൃഷ്ടി പ്രദേശത്തു മഴ മാറി നില്‍ക്കുകയും ഡാമിലേക്കുള്ള നീരൊഴുക്ക് കുറയുകയും ചെയ്തതിനാല്‍ പരമാവധി നിലയിലേക്ക് ജലനിരപ്പ് ഇപ്പോള്‍ ഉയരാനുള്ള സാധ്യതയില്ല എന്നാണ് വിലയിരുത്തല്‍.

ഇടമലയാര്‍ ഡാം തുറക്കേണ്ടി വന്നാല്‍ വെള്ളം ആദ്യമൊഴുകി എത്തുന്നത് ഭൂതത്താന്‍കെട്ടിലേക്കാണ്. ഭൂതത്താന്‍കെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും നിലവില്‍ തുറന്നിരിക്കുകയാണ്. പെരിയാറിലെ ജലനിരപ്പ് കഴിഞ്ഞ ദിവസങ്ങളേക്കാള്‍ താഴ്ന്ന നിലയിലാണെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. 

ഇടുക്കി അണക്കെട്ടില്‍ നിന്നും നാളെ രാവിലെ 10 മണി മുതല്‍ 50 ക്യുമെക്‌സ് നിരക്കില്‍ പെരിയാറിലേക്ക് ജലമൊഴുക്കും. പെരിയാറിലെ ജലനിരപ്പില്‍ കാര്യമായ വ്യതിയാനം ഇതുമൂലം ഉണ്ടാകാനിടയില്ല. തീര നിവാസികള്‍ അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. 

ഇടുക്കി ഡാം തുറന്നാലും പെരിയാറിലെ ജലനിരപ്പ് സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് മന്ത്രി പി രാജീവും അഭിപ്രായപ്പെട്ടു. പെരിയാര്‍ തീരത്ത് എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. ഒരു ഷട്ടര്‍ 70 സെന്റിമീറ്റര്‍ ഉയര്‍ത്തി 50 ക്യൂമെക്‌സ് വെള്ളമാണ് തുറന്നുവിടുക.

ഈ വാര്‍ത്ത കൂടി വായിക്കൂ

നീരൊഴുക്ക് ശക്തമായി; ഇടുക്കി ഡാം നാളെ രാവിലെ 10 ന് തുറക്കും; പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ