'സുരേന്ദ്രന്റെ വാക്കുകളില്‍ യാഥാസ്ഥിതിക വാദികളുടെ അടക്കിപ്പിടിച്ച തേങ്ങല്‍; ആധുനിക മനുഷ്യര്‍ക്ക് സംഗീതം പോലെ ആസ്വദിക്കാന്‍ കഴിയും'

വൈക്കത്തെ എഐടിയുസി ചെത്തു തൊഴിലാളി യൂണിയന്‍ ഓഫീസ് പ്രവര്‍ത്തിക്കുന്ന ഇണ്ടംതുരിത്തി മന സര്‍ക്കാര്‍ തിരിച്ചുപിടിക്കണമെന്ന  കെ സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക് എതിരെ മുല്ലക്കര രത്‌നാകരന്‍
കെ സുരേന്ദ്രന്‍, ഇണ്ടംതുരുത്തി മന
കെ സുരേന്ദ്രന്‍, ഇണ്ടംതുരുത്തി മന


കൊച്ചി: വൈക്കത്തെ എഐടിയുസി ചെത്തു തൊഴിലാളി യൂണിയന്‍ ഓഫീസ് പ്രവര്‍ത്തിക്കുന്ന ഇണ്ടംതുരിത്തി മന സര്‍ക്കാര്‍ തിരിച്ചുപിടിക്കണമെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക് എതിരെ സിപിഐ നേതാവും മുന്‍ മന്ത്രിയുമായ മുല്ലക്കര മുല്ലക്കര രത്‌നാകരന്‍.
'ഇണ്ടംതുരുത്തി മന എന്നത് സുരേന്ദ്രന്‍ പരാമര്‍ശിച്ചതുപോലെ മഹാത്മാ ഗാന്ധിയുടെ സന്ദര്‍ശനത്തിന്റെ സ്മാരകമല്ല. ഇന്ത്യയുടെ ആത്മാവിനെ തൊട്ടുണര്‍ത്തിയ ഗാന്ധിയെപ്പോലും പുറത്തുനിര്‍ത്തിയ ജാതീയതയുടെ ഗര്‍വ്വിന്റെ സ്മാരകമാണ്. അത്തരം അധികാരഗര്‍വ്വില്‍ പിന്നോക്കജാതിക്കാരുടെ ആരാധനാസ്വാതന്ത്ര്യവും അവകാശങ്ങളും നിഷേധിച്ചിരുന്നവരുടെ വസതി ചെത്തുതൊഴിലാളികളുടെ ഓഫീസ് ആയിമാറിയതാണ് കേരളത്തിന്റെ ചരിത്രത്തിന്റെ നേര്‍ക്കാഴ്ച. ചരിത്രത്തിലൂടെ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേയ്ക്കുള്ള മനുഷ്യമനസിന്റെ ഒരു തീര്‍ത്ഥാടനമാണത്. ആ യാത്രയില്‍ ഒപ്പം കൂടാന്‍ യാഥാസ്ഥിതികര്‍ക്ക് എല്ലാക്കാലത്തും പ്രയാസമുണ്ട്. അത്തരം യാഥാസ്ഥിതികവാദികളുടെ അടക്കിപ്പിടിച്ച തേങ്ങലാണ് സുരേന്ദ്രന്റെ പ്രസ്താവനയിലൂടെ കേള്‍ക്കാന്‍ കഴിയുക. ആ തേങ്ങല്‍ ആധുനിക മനുഷ്യര്‍ക്ക് സംഗീതം പോലെ ആസ്വദിക്കാന്‍ കഴിയും. ആ തേങ്ങല്‍ പുരോഗതിയിലേയ്ക്കുള്ള യാത്രയില്‍ നമുക്കെല്ലാം പ്രചോദനമാണ്.'- മുല്ലക്കര രത്കനാകരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് മഹാത്മാ ഗാന്ധി സന്ദര്‍ശിച്ച ഇണ്ടംതുരിത്തി മന എങ്ങനെ സിപിഐയുടെ ഓഫീസായി എന്നറിയില്ലെന്നും അത് സര്‍ക്കാര്‍ തിരിച്ചെടുക്കണമെന്നും കഴിഞ്ഞദിവസം സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ, ഇണ്ടംതുരിത്തി മനയില്‍ ഗാന്ധിജിയെ പ്രവേശിപ്പിച്ചിട്ടില്ലെന്നും പുറത്തിരുത്തുകയാണ് ഉണ്ടായതെന്നും ചൂണ്ടിക്കാട്ടി സിപിഐ നേതാക്കള്‍ രംഗത്തുവന്നിരുന്നു. 


മുല്ലക്കര രത്‌നാകരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇണ്ടംതുരുത്തിമന ഒരു പ്രതീകമാണ്. കേരളത്തിലെ ജന്മിത്വത്തിന്റെയും ജാതിവ്യവസ്ഥയുടെയും ഇരുണ്ടകാലത്തുനിന്ന് വര്‍ഗസമരത്തിലൂടെ ഇന്നത്തെ കേരളസമൂഹത്തിലേയ്ക്കുള്ള പരിണാമത്തിന്റെ പ്രതീകം. ജന്മിത്വം മനുഷ്യമനസുകളില്‍ ഉണ്ടാക്കിയ ധാരണകളുടെയും വേദനകളുടെയും തുടര്‍ച്ചയായി നവോത്ഥാന നായകര്‍ ജ്വലിപ്പിച്ച ഉണര്‍വ്വിന്റെ തീ പ്രതിഷേധത്തിന്റെ അഗ്‌നികുണ്ഡമായി വളര്‍ന്നതിന്റെ ഫലമാണ് ഇണ്ടംതുരുത്തി മനയിലെ ചെത്തുതൊഴിലാളി യൂണിയന്റെ ഓഫീസ്.

ഇണ്ടംതുരുത്തി മന എന്നത് ശ്രീ സുരേന്ദ്രന്‍ പരാമര്‍ശിച്ചതുപോലെ മഹാത്മാ ഗാന്ധിയുടെ സന്ദര്‍ശനത്തിന്റെ സ്മാരകമല്ല. ഇന്ത്യയുടെ ആത്മാവിനെ തൊട്ടുണര്‍ത്തിയ ഗാന്ധിയെപ്പോലും പുറത്തുനിര്‍ത്തിയ ജാതീയതയുടെ ഗര്‍വ്വിന്റെ സ്മാരകമാണ്. അത്തരം അധികാരഗര്‍വ്വില്‍ പിന്നോക്കജാതിക്കാരുടെ ആരാധനാസ്വാതന്ത്ര്യവും അവകാശങ്ങളും നിഷേധിച്ചിരുന്നവരുടെ വസതി ചെത്തുതൊഴിലാളികളുടെ ഓഫീസ് ആയിമാറിയതാണ് കേരളത്തിന്റെ ചരിത്രത്തിന്റെ നേര്‍ക്കാഴ്ച. ചരിത്രത്തിലൂടെ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേയ്ക്കുള്ള മനുഷ്യമനസിന്റെ ഒരു തീര്‍ത്ഥാടനമാണത്. ആ യാത്രയില്‍ ഒപ്പം കൂടാന്‍ യാഥാസ്ഥിതികര്‍ക്ക് എല്ലാക്കാലത്തും പ്രയാസമുണ്ട്. അത്തരം യാഥാസ്ഥിതികവാദികളുടെ അടക്കിപ്പിടിച്ച തേങ്ങലാണ് സുരേന്ദ്രന്റെ പ്രസ്താവനയിലൂടെ കേള്‍ക്കാന്‍ കഴിയുക. ആ തേങ്ങല്‍ ആധുനിക മനുഷ്യര്‍ക്ക് സംഗീതം പോലെ ആസ്വദിക്കാന്‍ കഴിയും. ആ തേങ്ങല്‍ പുരോഗതിയിലേയ്ക്കുള്ള യാത്രയില്‍ നമുക്കെല്ലാം പ്രചോദനമാണ്.

ഇന്നുകാണുന്ന ഈ പുരോഗമനകേരളത്തെ ഇവിടുത്തെ നവോത്ഥാന നായകരും കമ്യൂണിസ്റ്റ് പാര്‍ട്ടിയും കൂടി ചോരയൊഴുക്കിയും സമരം ചെയ്തും നേടിയെടുത്തതാണ്. ഇണ്ടംതുരുത്തിമനയിലൂടെ യഥാര്‍ത്ഥ കേരളത്തെ തിരിച്ചുപിടിക്കും എന്ന സുരേന്ദ്രന്റെ പ്രസ്താവന സംഘപരിവാറിന്റെ അജണ്ടയുടെ പ്രഖ്യാപനമാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെന്ന പോലെ കേരളത്തിന്റെ നവോത്ഥാനത്തില്‍ ഒരു പങ്കുമില്ലാത്ത ആര്‍എസ്എസിന് പഴയ ജന്മിത്വ-ജാതികേരളത്തെ തിരിച്ചുപിടിക്കാന്‍ തോന്നുന്നത് സ്വാഭാവികം മാത്രം. അത് നാമൊരു വെല്ലുവിളിയായിത്തന്നെ കാണേണ്ടതുണ്ട്. ഊഴിയം വേലയും അയിത്തവുമെല്ലാം സുരേന്ദ്രാദികള്‍ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുമെന്ന് വേണം കരുതാന്‍.

ഇണ്ടംതുരുത്തി മനയുടെ പൂമുഖത്ത് പിന്നോക്ക ജാതിക്കാര്‍ക്ക് വേണ്ടി ചര്‍ച്ചയ്ക്ക് പോയ ഗാന്ധി എക്കാലത്തും ഹിന്ദുത്വത്തിന്റെ ശത്രുവായിരുന്നു. ഹിന്ദുത്വരാഷ്ട്രീയത്തിന്റെ തോക്കിലെ വെറുപ്പിന്റെ തീയുണ്ടയാണ് ഗാന്ധിയുടെ ജീവനെടുത്തത്. ആ അരുംകൊലയുടെ രാഷ്ട്രീയം ഉള്ളില്‍പ്പേറുന്ന ഉത്തരേന്ത്യന്‍ കാവിരാഷ്ട്രീയത്തിന്റെ വക്താക്കള്‍ക്ക് ഗാന്ധിജിയെ അംഗീകരിക്കാന്‍ കഴിയില്ല. ഇണ്ടംതുരുത്തിയിലെ ചെത്തുതൊഴിലാളി യൂണിയന്‍ ഓഫീസിനെയും അംഗീകരിക്കാന്‍ കഴിയില്ല.

സുരേന്ദ്രന്റെ പാര്‍ട്ടിയ്ക്കും സംഘപരിവാറിനും ഇണ്ടംതുരുത്തിമനയിലെ ചെത്തുതൊഴിലാളി യൂണിയന്‍ ഓഫീസ് വലിയ അസ്വസ്ഥതയുണ്ടാക്കുന്നുണ്ടാകും. പക്ഷേ പഴയ ജന്മിത്വ ഭൂതകാലം അയവിറക്കി മാരാര്‍ജി മന്ദിരത്തില്‍ ഇരിക്കുകയേ തല്‍ക്കാലം നിര്‍വ്വാഹമുള്ളൂവെന്ന് സംഘപരിവാറുകാര്‍ ഉള്‍ക്കൊള്ളുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com