പൊലീസുകാരെ പറ്റിച്ചു ഒന്നരക്കോടി തട്ടി; മുങ്ങി നടന്നത് നാല് വർഷം; മുൻ പൊലീസ് ഉദ്യോ​ഗസ്ഥൻ പിടിയിൽ

പൊലീസുകാരായ സഹപ്രവർത്തകരെക്കൊണ്ട് സൊസൈറ്റിയിൽ നിന്നു വായ്പ എടുപ്പിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്
അമീർ ഷാ
അമീർ ഷാ

കോട്ടയം: ലാഭം വാ​ഗ്ദാനം ചെയ്ത് പൊലീസുകാരെ കബളിപ്പിച്ച് ഒന്നരക്കോടി രൂപയുമായി മുങ്ങിയ മുൻ പൊലീസ് ഉദ്യോ​ഗസ്ഥൻ പിടിയിൽ. കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശി അമീർ ഷാ (43)ആണ് അറസ്റ്റിലായത്. തമിഴ്നാട്ടിൽ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

2017- 18ൽ പൊലീസുകാരായ സഹപ്രവർത്തകരെക്കൊണ്ട് സൊസൈറ്റിയിൽ നിന്നു വായ്പ എടുപ്പിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. സഹപ്രവർത്തകരായ പലരിൽ നിന്നും അഞ്ച് ലക്ഷം മുതൽ 25 ലക്ഷം വരെ ഇയാൾ വാങ്ങി. സൊസൈറ്റിയിൽ അടയ്ക്കുവാനുള്ള പ്രതിമാസ തവണയും, ലാഭമായി 15,000 മുതൽ 25,000 വരെയും വാഗ്ദാനം ചെയ്താണ് ഇയാൾ പണം വാങ്ങിയത്.

ആദ്യ ആറ് മാസം ഇത്തരത്തിൽ വായ്പ അടയ്ക്കുകയും ലാഭം കൃത്യമായി നൽകുകയും ചെയ്തു. ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കുന്നതിലൂടെയാണ് ലാഭം നൽകാനുള്ള തുക ലഭിക്കുന്നതെന്നാണ് ഇയാൾ ഇടപാടുകാരെ വിശ്വസിപ്പിച്ച‌ത്. 

എന്നാൽ ഒരുവർഷം കഴിഞ്ഞപ്പോൾ ഇയാൾ മുങ്ങി. ചിലർ പരാതി നൽകി. തുടർന്ന് ഇയാളെ 2019ൽ സർവീസിൽ നിന്ന്‌ പിരിച്ചുവിട്ടു. 

തട്ടിപ്പിനിരയായ കുറച്ചു പേർ മാത്രമേ പരാതി നല്കിയുള്ളൂ. വകുപ്പുതല നടപടി ഭയന്ന് പണം നൽകിയ പൊലീസുകാരിൽ ഏറിയ പങ്കും പരാതി നൽകിയിട്ടില്ല.  

പരാതിപ്രകാരം, ഒന്നരക്കോടിയോളം രൂപയുടെ കണക്കാണ് പുറത്തുവന്നത്. എന്നാൽ ആറ് കോടിയിലധികം രൂപ ഇയാൾ തട്ടിയെടുത്തതായി സൂചനയുണ്ട്. അന്വേഷണം നടക്കുന്നതിനിടെയാണ് ഇയാൾ മുങ്ങിയത്. ഒടുവിൽ ഇക്കൊല്ലം ഇടുക്കി ഡിസിആർബി കേസന്വേഷണം ഏറ്റെടുത്തു.

ഇടുക്കി ഡിസിആർബി ഡിവൈഎസ്പി ജിൽസൺ മാത്യുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി വിയു കുര്യാക്കോസിന്റെ നിർദേശപ്രകാരം അമീർ ഷായെ തമിഴ്‌നാട്ടിൽ നിന്നു അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com