'ഇതൊക്കെ മതേതരം; ശ്രീകൃഷ്ണനും ബാലഗോകുലവും ഭയങ്കര വര്‍ഗ്ഗീയം'; കെ സുരേന്ദ്രന്‍

മേയര്‍ക്കെതിരെ സിപിഎം നടപടിക്ക് ഒരുങ്ങുന്നത് മുസ്ലീം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാനാണ്.
മഅ്ദനിക്കൊപ്പം എല്‍ഡിഎഫ് യുഡിഎഫ് നേതാക്കള്‍
മഅ്ദനിക്കൊപ്പം എല്‍ഡിഎഫ് യുഡിഎഫ് നേതാക്കള്‍

കോഴിക്കോട്: ബാലഗോകുലം മാതൃസമ്മേളനത്തില്‍ പങ്കെടുത്ത കോഴിക്കോട് മേയര്‍ ബിന ഫിലിപ്പിനെ പരസ്യമായി തള്ളിപ്പറഞ്ഞ സിപിഎം നടപടിയെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സിപിഎം നിലപാട് അവരുടെ ഇരട്ടനീതിയുടെ ഉദാഹരണമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. 'ഇതൊക്കെ മതേതരം. ശ്രീകൃഷ്ണനും ബാലഗോകുലവും ഭയങ്കര വര്‍ഗ്ഗീയം. ഇരട്ടത്താപ്പേ നിന്റെ പേരോ സിപിഎം'  എന്ന തലക്കെട്ടോടെ മുസ്ലീം സംഘടനകളുടെ പരിപാടികളിലും, പിഡിപി നേതാവ് മഅ്ദനിക്കൊപ്പവും പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കൊപ്പവും നില്‍ക്കുന്ന സിപിഎം നേതാക്കളുടെ ചിത്രവും സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചു. 

മുസ്ലീം സംഘടനകളുടെ എല്ലാ പരിപാടിയിലും മുഖ്യമന്ത്രി അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. മേയര്‍ക്കെതിരെ സിപിഎം നടപടിക്ക് ഒരുങ്ങുന്നത് മുസ്ലീം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാനാണ്. ന്യൂനപക്ഷ വര്‍ഗീയതയെ സിപിഎം താലോലിക്കുന്നു. സിപിഎമ്മിന് വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

ബാലഗോകുലത്തിന്റെ സ്വത്വ2022 മാതൃസമ്മേളനത്തിലായിരുന്നു കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് കഴിഞ്ഞ ദിവസം പങ്കെടുത്തത്. വിവാദം ദുഃഖകരമാണ്. അമ്മമാരുടെ കൂട്ടായ്മയിലാണ് പങ്കെടുത്തത്. ബാലഗോകുലം ആര്‍എസ്എസിന്റെ പോഷകസംഘടനയാണെന്ന് തോന്നിയിട്ടില്ല. കുട്ടികളെ ഉണ്ണിക്കണ്ണനെപ്പോലെ കരുതണമെന്നാണ് പറഞ്ഞത്. ശിശുപരിപാലനത്തെക്കുറിച്ചാണ് പറഞ്ഞത്. പോകരുതെന്ന് പാര്‍ട്ടി കര്‍ശനമായി പറഞ്ഞിട്ടില്ലെന്നും വിവാദത്തില്‍ ബീന ഫിലിപ്പ് പ്രതികരിച്ചിരുന്നു. 

അതേസമയം, ബീന ഫിലിപ്പിനെ പരസ്യമായി തള്ളിപ്പറഞ്ഞ് കൊണ്ട് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ രംഗത്തെത്തി. ആര്‍എസ്എസ്  നിയന്ത്രണത്തിലുള്ള സംഘടന സംഘടിപ്പിച്ച വേദിയില്‍ മേയര്‍ പങ്കെടുത്ത് സംസാരിച്ച നിലപാട് ശരിയായില്ല.  മേയറുടെ സമീപനം സിപിഎം എല്ലാ കാലവും ഉയര്‍ത്തിപ്പിടിച്ചു വരുന്ന പ്രഖ്യാപിത നിലപാടിന് കടക വിരുദ്ധമാണ്. ഇത്  സിപിഎമ്മിന് ഒരു വിധത്തിലും അംഗീകരിക്കാവില്ല. അക്കാരണം കൊണ്ട് തന്നെ ഇക്കാര്യത്തിലുള്ള മേയറുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറയാന്‍ പാര്‍ട്ടി തീരുമാനിച്ചതായി പി മോഹനന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com