താഴാതെ ജലനിരപ്പ്; മുല്ലപ്പെരിയാറിൽ നിന്നും കൂടുതൽ വെള്ളം ഒഴുക്കും; ഇടമലയാർ തുറന്നു; പെരിയാർ തീരത്ത് ജാ​ഗ്രതാ നിർദേശം

ആശങ്കപ്പെടേണ്ടതില്ലെങ്കിലും പെരിയാര്‍ തീരത്ത് ജാഗ്രത അനിവാര്യമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തൊടുപുഴ: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാമിൽ നിന്നും കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കും. നിലവിൽ തുറന്നിരിക്കുന്ന 13 ഷട്ടറുകളിൽ കൂടി ഒഴുക്കുന്ന ജലം കൂടാതെ  നിലവിൽ തുറന്നിരിക്കുന്ന അണക്കെട്ടിന്റെ 3 ഷട്ടറുകൾ (R1, R2, R3 )  കൂടി 60 സെന്റിമീറ്ററായി ഉയർത്താനാണ് തീരുമാനം. ആകെ 9237.00 ക്യുസെക്സ് ജലമാണ് പുറത്തേക്കൊഴുക്കുക. ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.  

ജലനിരപ്പ് ഉയർന്ന പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിലെ ഇടമലയാര്‍ അണക്കെട്ടും തുറന്നു. ഡാമിന്റെ നാലു ഷട്ടറുകളില്‍ രണ്ടെണ്ണമാണ് തുറന്നത്. രണ്ടും മൂന്നും ഷട്ടറുകള്‍ ഉയര്‍ത്തിയാണ് വെള്ളം പുറത്തേക്ക് വിടുന്നത്. ആദ്യം 50 ക്യുമെക്‌സ് ജലവും തുടര്‍ന്ന് 100 ക്യുമെക്‌സ് ജലവുമാണ് തുറന്നു വിടുക. നീരൊഴുക്ക് ശക്തമായതിനാൽ കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കേണ്ടി വന്നേക്കാമെന്ന് ജില്ലാ കലക്ടർ സൂചിപ്പിച്ചു.

ഇടുക്കിക്ക് പിന്നാലെ ഇടമലയാര്‍ അണക്കെട്ടില്‍ നിന്നും ജലമൊഴുക്കുന്ന സാഹചര്യത്തില്‍ ഉച്ചയോടെ പെരിയാറിലെ ജലനിരപ്പ് ചെറിയ തോതില്‍ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍. ആശങ്കപ്പെടേണ്ടതില്ലെങ്കിലും പെരിയാര്‍ തീരത്ത് ജാഗ്രത അനിവാര്യമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 

പെരിയാറിലെ നിലവിലെ ജലനിരപ്പ് 2.305 മീറ്ററാണ്. വെള്ളപ്പൊക്ക മുന്നറിയിപ്പ് നില 2.50 മീറ്ററാണ്. മംഗലപ്പുഴയിലും ജലനിരപ്പ് ഉയരുകയാണ്. നിലവിലെ ജലനിരപ്പ് 1.97 മീറ്ററാണ്. വെള്ളപ്പൊക്ക മുന്നറിയിപ്പ് നില 3.30 മീറ്ററാണ്. കാലടിയില്‍ നിലവിലെ ജലനിരപ്പ് 4.855 മീറ്ററാണ്. വെള്ളപ്പൊക്ക മുന്നറിയിപ്പ് നില 5.50 മീറ്ററാണ്.

അതേസമയം മൂവാറ്റുപുഴയില്‍ ജലനിരപ്പ് താഴുകയാണ്. നിലവിലെ ജലനിരപ്പ് 8.315 മീറ്ററാണ്. വെള്ളപ്പൊക്ക മുന്നറിയിപ്പ് നില 10.015 മീറ്ററാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ഡാമുകളില്‍ നിന്നുള്ള ജലപ്രവാഹം ശക്തിയാര്‍ജിക്കുന്ന സാഹചര്യത്തില്‍ പെരിയാര്‍ നദിയിലും കൈ വഴികളിലും ഇറങ്ങരുത്. ജല നിരപ്പ് സാരമായി ഉയര്‍ന്നില്ലെങ്കിലും വെള്ളം ഒഴുകുന്ന ശക്തി കൂടുതലായിരിക്കും.  വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയതായും കലക്ടര്‍ അറിയിച്ചു. 

നീരൊഴുക്ക് വര്‍ദ്ധിച്ചതിനാല്‍ ചുള്ളിയാര്‍ ഡാമിന്റെ ഒരു സ്പില്‍വേ ഷട്ടര്‍ തുറന്നിട്ടുണ്ട്. ഗായത്രി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശമുണ്ട്. പാലക്കാട് വാളയാര്‍ ഡാമിന്റെ  സ്പില്‍വേ ഷട്ടറുകള്‍ നാളെ 
(ഓഗസ്റ്റ് 10) രാവിലെ ഏട്ടിന് തുറക്കുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. വാളയാര്‍ പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com