കിഫ്ബിയിലെ ഇഡി ഇടപെടല്‍: തോമസ് ഐസക്കും ഇടത് എംഎല്‍എമാരും നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കിഫ്ബി സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് തോമസ് ഐസക്കിനോട് ഇഡി ആവശ്യപ്പെട്ടിരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ മുന്‍മന്ത്രി തോമസ് ഐസക്കും ഇടതു എംഎല്‍എമാരും നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കിഫ്ബിയിലെ ഇഡി ഇടപെടല്‍ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്നാണ് ഹര്‍ജിയിലെ ആരോപണം.

മുന്‍ മന്ത്രിമാരായ കെ കെ ശൈലജ, ഇ ചന്ദ്രശേഖരന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എല്‍ഡിഎഫ് എംഎല്‍എമാരായ ഐ ബി സതീഷ്, എം മുകേഷ്  എന്നിവരാണ് പൊതു താല്‍പര്യ ഹര്‍ജി നല്‍കിയത്. കിഫ്ബി വഴി നടത്തുന്ന 73000 കോടി രൂപയുടെ വികസന പദ്ധതികളെ തകര്‍ക്കാന്‍ മസാല ബോണ്ടിന്റെ പേര് പറഞ്ഞ് ഇഡി ശ്രമിക്കുന്നു.  

ഇഡിയുടേത് അനാവശ്യമായ കടന്നുകയറ്റമാണെന്നും ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നു. ഇഡിയുടെ സമന്‍സ് പിന്‍വലിക്കണമെന്നും, തുടര്‍ നടപടികള്‍ വിലക്കണമെന്നും ആവശ്യപ്പെട്ടാണ് മുന്‍ ധനമന്ത്രി തോമസ് ഐസക്ക് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്. സര്‍ക്കാര്‍ പദ്ധതികളെ ഇല്ലാതാക്കാനാണ് ശ്രമമെന്നും കിഫ്ബിക്കെതിരായ ഇഡി നീക്കം ഇതിന്റെ ഭാഗമെന്നും ഹര്‍ജിയില്‍ തോമസ് ഐസക് കുറ്റപ്പെടുത്തുന്നു. 

തോമസ് ഐസക്ക് ഇന്ന് ഹാജരാകില്ല

കിഫ്ബി സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് തോമസ് ഐസക്കിനോട് ഇഡി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് തോമസ് ഐസക്ക് ഇഡിക്ക് മറുപടി നല്‍കിയിട്ടുണ്ട്. കിഫ്ബിയോ താനോ ചെയ്ത ഫെമ കുറ്റം എന്താണെന്ന് നിര്‍വചിച്ചിട്ടില്ല. കുറ്റമെന്തെന്ന് വ്യക്തമാക്കാത്ത അന്വേഷണം ഇഡിയുടെ അധികാരപരിധിക്ക് പുറത്താണെന്ന് തോമസ് ഐസക്ക് ആരോപിക്കുന്നു. 

വ്യാഴാഴ്ച രാവിലെ പതിനൊന്നിന് കൊച്ചിയിലെ ഓഫീസിൽ എത്താനാവശ്യപ്പെട്ടാണ് തോമസ് ഐസകിന് ഇഡി നോട്ടീസ് നൽകിയത്. ഇത് രണ്ടാം തവണയാണ് എൻഫോഴ്സ്മെന്‍റ് ഐസകിനോട് ഹാജരാകാൻ ആവശ്യപ്പെടുന്നത്. കിഫ്ബിക്ക് പണം സമാഹരിക്കുന്നതിനായി വിദേശത്ത് നിന്ന് ഫണ്ട്  സ്വീകരിച്ചതിൽ അടക്കം കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ ലംഘിച്ചെന്നാണ് തോമസ് ഐസകിനെതിരായ ആരോപണം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com