'സ്വത്തു വിവരം തേടുന്നത് എന്ത് അടിസ്ഥാനത്തില്‍? സ്വകാര്യത മാനിക്കണം'; ഇഡിയോട് വിശദീകരണം തേടി ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th August 2022 11:43 AM  |  

Last Updated: 11th August 2022 11:43 AM  |   A+A-   |  

thomas issac

തോമസ് ഐസക്ക്/ ഫയൽ ചിത്രം

 

കൊച്ചി: കിഫ്ബി കേസില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ വ്യക്തിവിവരങ്ങള്‍ ചോദിച്ചുകൊണ്ട് നല്‍കിയ സമന്‍സിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് (ഇഡി) വിശദീകരണം ആരാഞ്ഞ് ഹൈക്കോടതി. തോമസ് ഐസക്കിന്റെ സ്വകാര്യത മാനിക്കണമെന്ന് ഇഡിയോട് കോടതി നിര്‍ദേശിച്ചു. സ്വത്തു വിവരങ്ങള്‍ ഉള്‍പ്പെടെയുള്ളവ ആരാഞ്ഞുകൊണ്ടുള്ള നോട്ടീസിനെക്കുറിച്ച് പ്രതികരണം അറിയിക്കാന്‍ ഇഡി അഭിഭാഷകന്‍ സമയം തേടിയതിനെത്തുടര്‍ന്ന് ഹര്‍ജി ബുധനാഴ്ച പരിഗണിക്കാന്‍ മാറ്റി.

കിഫ്ബി മസാല ബോണ്ട് ഇറക്കിയതുമായി ബന്ധപ്പെട്ട കേസില്‍ ഇഡി നല്‍കിയ സമന്‍സ് ചോ്ദ്യം ചെയ്താണ് തോമസ് ഐസക്ക് ഹൈക്കോടതിയെ സമീപിച്ചത്. ആദ്യം നല്‍കിയ സമന്‍സില്‍നിന്നു വ്യത്യസ്തമായാണ് രണ്ടാം സമന്‍സ് നല്‍കിയിരിക്കുന്നതെന്നും തന്റെ സ്വത്തു വിവരങ്ങള്‍ ഉള്‍പ്പെടെയുള്ളവ ആരാഞ്ഞിട്ടുണ്ടെന്നും തോമസ് ഐസക്ക് കോടതിയെ അറിയിച്ചു. താന്‍ ചെയ്ത തെറ്റ് എന്തെന്നു നോട്ടീസില്‍ പരാമര്‍ശിച്ചിട്ടില്ല. എന്തു കാര്യം വിശദീകരിക്കാനാണ് താന്‍ ഹാജരാവേണ്ടതെന്നും വ്യക്തമാക്കിയിട്ടില്ലെന്ന് തോമസ് ഐസക്ക് പറഞ്ഞു. 

എന്ത് അടിസ്ഥാനത്തിലാണ് തോമസ് ഐസക്കിനെ വിളിപ്പിച്ചതെന്ന് കോടതി ആരാഞ്ഞു. പ്രതിയായല്ല, സാക്ഷിയായും ചോദ്യം ചെയ്യലിനു വിളിപ്പിക്കാമെന്ന് ഇഡി മറുപടി നല്‍കി. സാക്ഷിയായി വിളിപ്പിക്കുന്നതിന് സ്വത്തു വിവരങ്ങള്‍ ആരായുന്നത് എന്തിനെന്ന് ജസ്റ്റിസ് വിജി അരുണ്‍ പ്രതികരിച്ചു. 

ഇപ്പോള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ള രേഖകള്‍ എന്ത് അടിസ്ഥാനത്തിലാണ് ചോദിച്ചിട്ടുള്ളതെന്ന് ഇഡി വ്യക്തമാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. പ്രതിയുടെയോ സംശയിക്കപ്പെടുന്ന ആളുടെയോ ആണെങ്കില്‍ സമ്മതിക്കാം. എന്നാല്‍ ഇതൊന്നും അല്ലാത്ത ഒരാളോട് രേഖകള്‍ ഹാജരാക്കാന്‍ പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്? ഇതില്‍ വ്യക്തത വരേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

ഐസക്കിനെ പിന്തുണച്ച് വി ഡി സതീശന്‍; കിഫ്ബി കേസ് ഇഡിയുടെ പരിധിയില്‍ വരില്ല

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ