'ഇഎംഎസിനെ പറപ്പിച്ചവരാണ്, പിന്നല്ലേ എസ്എഫ്‌ഐ'; ബാനര്‍ പോര് വ്യാപിക്കുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th August 2022 05:29 PM  |  

Last Updated: 13th August 2022 05:29 PM  |   A+A-   |  

sfi-ksu banner

 

തിരുവനന്തപുരം: എസ്എഫ്‌ഐ-കെഎസ്‌യു ബാനര്‍ പോര് മറ്റു ക്യാമ്പസുകളിലും വ്യാപിക്കുന്നു. തിരുവനന്തപുരം ലോ കോളജിലും എറണാകുളം മഹാരാജാസ് കോളജില്‍ സ്ഥാപിച്ച ബാനറിന് സമാനമായ ബാനര്‍ കെട്ടി. 'ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല. പിന്നല്ലേ ഈഡന്' എന്ന ബാനര്‍ എസ്എഫ്‌ഐയാണ് ആദ്യം കെട്ടിയത്. തൊട്ടുപിന്നാലെ 'ഇംഎംഎസിനെ പറപ്പിച്ചവരാണ്, പിന്നല്ലേ എസ്എഫ്‌ഐ' എന്ന ബാനര്‍ കെഎസ്‌യു ഉയര്‍ത്തി. 

പാര്‍ലമെന്റില്‍ എസ്എഫ്‌ഐയെ നിരോധിക്കണം എന്നാവശ്യപ്പെട്ട ഹൈബി ഈഡന്‍ എംപിക്ക് എതിരെ മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ ബാനര്‍ കെട്ടിയതോടെയാണ് പുതിയ പോര് ആരംഭിച്ചത്. ഇതിന് മറുപടിയുമായി കെഎസ്യു 'ജനഹൃദയങ്ങളിലാണ് ഇന്ദിരയും ഈഡനും' എന്ന് ബാനര്‍ കെട്ടി.

ഇതിന് മുകളില്‍, 'അതേ, ജനഹൃദയങ്ങളിലുണ്ട് അടിയന്തരവാസ്ഥയുടെ നെറികേടുകളിലൂടെ' എന്ന് എസ്എഫ്ഐ അടുത്ത ബാനര്‍ കെട്ടി. 'വര്‍ഗീയതയും കമ്മ്യൂണിസവും ഒരുമിച്ച് ശ്രമിച്ചിട്ടും ഇന്ത്യ പറഞ്ഞത് ഇന്ത്യ ഇസ് ഇന്ദിര, ഇന്ദിര ഈസ് ഇന്ത്യ' എന്ന് കെഎസ്യു മറുപടി ബാനര്‍ കെട്ടി.

തിരുവനന്തപുരം ലോ കോളജില്‍ കെഎസ്യു പ്രവര്‍ത്തകയെ മര്‍ദിച്ചത് ചൂണ്ടിക്കാട്ടിയാണ് ഹൈബി ഈഡന്‍ പാര്‍ലമെന്റില്‍ എസ്എഫ്ഐയെ നിരോധിക്കണം എന്നാവശ്യപ്പെട്ടത്. ക്രമസമാധാനം സംബന്ധിച്ച വിഷയം സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്നതാണെന്നായിരുന്നു കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവിന്റെ മറുപടി. ഹൈബിയുടെ ആവശ്യം കേരള ചീഫ് സെക്രട്ടറിക്ക് കൈമാറി. ചീഫ് സെക്രട്ടറിയോടും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയോടും വിഷയം പരിശോധിച്ച് നടപടി എടുക്കാന്‍ നിര്‍ദേശിച്ചതായും നിയമമന്ത്രി അറിയിച്ചു.

 ഈ വാര്‍ത്ത കൂടി വായിക്കൂ 'വരികൾ ദുർവ്യാഖ്യാനം ചെയ്തു; നാടിന്റെ നന്മയ്ക്ക് പിൻവലിക്കുന്നു'- വിവാദ പരാമർശം ഒഴിവാക്കി ജലീൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ