ഫെഡറല്‍ തത്വങ്ങള്‍ നിലനിര്‍ത്തി മാത്രമേ വൈവിധ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന രാഷ്ട്രസ്വപ്‌നങ്ങള്‍ സാഷാത്കരിക്കാനാകൂ; മുഖ്യമന്ത്രി
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th August 2022 12:45 PM |
Last Updated: 15th August 2022 12:49 PM | A+A A- |

പിണറായി വിജയന്‍
തിരുവനന്തപുരം: നാനാത്വത്തില്‍ ഏകത്വമെന്ന നിലപാട് ഉയര്‍ത്തി മുന്നോട്ടുപോകാനാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബഹുസാംസ്‌കാരികത പോറലേല്‍ക്കാതെ മുന്നോട്ടുകൊണ്ടുപോവുകയെന്നതു പ്രധാനമാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനം എല്ലാ മത വിശ്വാസികളും അല്ലാത്തവരും ഉള്‍ക്കൊള്ളുന്ന ജനമുന്നേറ്റമായിരുന്നു. ആ മുന്നേറ്റത്തിന്റെ കരുത്താണ് മതനിരപേക്ഷതയുടെ അടിസ്ഥാന കാഴ്ചപ്പാടുകള്‍ ഭരണഘടനയ്ക്കു സംഭാവനചെയ്തത്. ഈ യാഥാര്‍ഥ്യത്തെ മറന്നു സ്വീകരിക്കുന്ന ഏതു നിലപാടും രാജ്യത്തിനായി പൊരുതിയവരുടെ സ്വപ്നങ്ങളെ തല്ലിക്കെടുത്തുന്നതിനു തുല്യമാണെന്ന് ഓര്‍ക്കണം. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ സമ്പത്ത് ഇന്ത്യക്കാരുടെ ജീവിതത്തിന്റെ മുന്നോട്ടുപോക്കിന് ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യംകൂടി മുന്നോട്ടുവച്ചാണ് ഇന്ത്യന്‍ സ്വാതന്ത്യ പ്രസ്ഥാനം ഉയര്‍ന്നുവന്നത്. ആ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനായി സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ നിരവധി ഗവേഷണ, സാംസ്‌കാരിക സ്ഥാപനങ്ങള്‍ ഉയര്‍ന്നുവന്നു. ഭരണഘടനാ സ്ഥാപനങ്ങളും ഇതിന്റെ തുടര്‍ച്ചയില്‍ രൂപപ്പെട്ടുവന്നു. ഇവ ഓരോന്നും രൂപപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ത്തന്നെ നിലനിര്‍ത്തുമ്പോള്‍ മാത്രമേ ഭരണഘടന മുന്നോട്ടുവച്ച കാഴ്ചപ്പാടുകള്‍ പ്രാവര്‍ത്തികമാകൂ. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളായ മതനിരപേക്ഷതയും ഫെഡറലിസവും സ്വാതന്ത്ര്യ സമര പോരാളികളുടെ സ്വപ്നങ്ങള്‍കൂടിയാണ്. വര്‍ഗീയ സംഘര്‍ഷങ്ങളുടേയും ധ്രുവീകരണങ്ങളുടേയും ശ്രമങ്ങളെ പ്രതിരോധിക്കാനും ഇല്ലാതാക്കാനും നമുക്കു കഴിയുന്നതു നവോത്ഥാന മൂല്യങ്ങളും സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളും നല്‍കിയ ഈ കാഴ്ചപ്പാടിന്റെകൂടി അനന്തരഫലമാണ്. ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കാനും അവ പ്രാവര്‍ത്തികമാക്കാനുമുള്ള ശ്രമങ്ങളാണു സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. മതനിരപേക്ഷതയുടെ മഹത്തായ സന്ദേശം നിലനിര്‍ത്തുന്നതരത്തില്‍ വര്‍ഗീയ സംഘര്‍ഷങ്ങളില്‍നിന്നു വിമുക്തമായ നാടാക്കി കേരളത്തെ മാറ്റാന്‍ കഴിഞ്ഞിട്ടുണ്ടെന്നത് അഭിമാനാര്‍ഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനതല സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി ദേശീയ പതാക ഉയര്‍ത്തി. വിവിധ സേനാ വിഭാഗങ്ങള്‍ ഒരുക്കിയ പ്രൗഢമായ പരേഡില്‍ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു. മന്ത്രിമാരായ വി. ശിവന്‍കുട്ടി, ആന്റണി രാജു, ജി.ആര്‍. അനില്‍, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി, തിരുവനന്തപുരം ജില്ലയില്‍നിന്നുള്ള എംപിമാര്‍, എം.എല്‍.എമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ വീണ്ടും സുരക്ഷാവീഴ്ച; രക്ഷപെട്ടത് ദൃശ്യ വധക്കേസ് പ്രതി
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ