കെഎസ്ആർടിസി; പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ യോ​ഗം വിളിച്ച് സർക്കാർ, ശമ്പള പ്രതിസന്ധിയിൽ ജീവനക്കാരുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ 

അംഗീകൃത യൂണിയൻ പ്രതിനിധികളേയും മാനേജ്മെന്റ് പ്രതിനിധികളേയുമാണ് ചർച്ചയ്ക്ക് വിളിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം : കെഎസ്ആ‍ർടിസിയിലെ പ്രശ്നങ്ങൾ ച‍‍ർച്ച ചെയ്യാൻ സർക്കാർ വിളിച്ച യോഗം ഇന്ന്. ചർച്ചയിൽ ഗതാഗത തൊഴിൽ മന്ത്രിമാർ പങ്കെടുക്കും. അംഗീകൃത യൂണിയൻ പ്രതിനിധികളേയും മാനേജ്മെന്റ് പ്രതിനിധികളേയുമാണ് ചർച്ചയ്ക്ക് വിളിച്ചത്. അതിനിടെ ശമ്പളം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസി ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. 

സർക്കാർ വിളിച്ച യോ​ഗത്തിൽ തൊഴിലാളികളുടെ ആവശ്യങ്ങൾക്ക് ചർച്ചയിൽ പ്രാമുഖ്യം നൽകുമെന്നാണ് മന്ത്രി അറിയിച്ചത്. കെഎസ്ആർടിസിയിലെ പ്രതിസന്ധി മറികടക്കാൻ മുഖ്യമന്ത്രിയോടും ധനമന്ത്രിയോടും നടത്തിയ ആശയ വിനിമയത്തിൽ ഉരുത്തിരി‌‌ഞ്ഞ ആശയങ്ങൾ മന്ത്രിമാർ ഇന്ന് തൊഴിലാളികൾക്കും മാനേജ്മെന്റിനും മുന്നിൽ വയ്ക്കും. എല്ലാമാസവും അഞ്ചാം തീയതിയ്ക്കകം ശമ്പളം നൽകണം, 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി അടിച്ചേൽപ്പിക്കരുത് തുടങ്ങിയ ആവശ്യങ്ങളാണ് യൂണിയനുകൾ മുന്നോട്ട് വെക്കുന്നത്. 

കെഎസ്ആർടിസിയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. 90% തൊഴിലാളികളും ജൂലൈ മാസത്തെ ശമ്പളം ലഭിച്ചിട്ടില്ല. ശമ്പള കാര്യത്തിൽ ഹൈക്കോടതിക്ക് നൽകിയ വാക്ക് പാലിക്കാൻ ആവാത്ത മാനേജ്മെന്‍റിനേയും  സർക്കാരിനെയും രൂക്ഷമായ ഭാഷയിലാണ് കോടതി കഴിഞ്ഞ ദിവസം വിമർശിച്ചത്. ജൂലൈ മാസത്തെ ശമ്പളം നൽകാനായി 10 ദിവസം കൂടി സാവകാശം വേണമെന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞ ബുധനാഴ്ച്ച കെ എസ് ആർ ടി സി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.

കഴിഞ്ഞ മാസത്തെ ശമ്പളം ഈ മാസം 10 നകം നൽകണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ട സാഹചര്യത്തിലായിരുന്നു ഇത്. ഉത്തരവ് നടപ്പിലാക്കാതിരുന്നാൽ ,സി എം ഡിക്ക് എതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കെ എസ്‌ ആർ ടി സിക്ക് മുന്നറിയിപ്പും നൽകിയിരുന്നു. സിംഗിൾ ഡ്യൂട്ടി പരിഷ്കരണവുമായി ബന്ധപ്പെട്ട ഹർജിയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com