'ഇത് സ്റ്റാലിന്റെ റഷ്യയല്ല, കേരളമാണ്; ആ കളി ഞങ്ങളോട് വേണ്ട': വി ഡി സതീശന്‍

സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും മുഖം രക്ഷിക്കാനുള്ള വ്യഗ്രതയാണ് ഇതിനു പിന്നിലെന്നും കെ സുധാകരന്‍ പറഞ്ഞു
വി ഡി സതീശന്‍ / ഫയല്‍ ചിത്രം
വി ഡി സതീശന്‍ / ഫയല്‍ ചിത്രം

കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത കേസില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം. എംഎല്‍എമാരായ ടി സിദ്ദിഖ്, ഐ സി ബാലകൃഷ്ണന്‍ എന്നിവര്‍ കല്‍പ്പറ്റ പൊലീസ് സ്റ്റേഷനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പൊലീസ് നടപടി സിപിഎം തീരുമാനപ്രകാരമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 

മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പൊലീസ് നടപ്പാക്കുകയാണ്. സിസിടിവി ദൃശ്യം പോലും പൊലീസ് പരിശോധിച്ചില്ലെന്നും ടി സിദ്ദിഖ് പറഞ്ഞു. നാലു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അറസ്റ്റിനെ കെപിസിസി പ്രസിഡന്റ് കെ സുധാകരനും വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടന്ന ഗൂഢാലോചനയുടെ ഫലമാണ് പൊലീസ് നടപടിയെന്ന് സുധാകരന്‍ പറഞ്ഞു.

പൊലീസിന്റെ നടപടി രാഷ്ട്രീയപ്രേരിതമാണ്. സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും മുഖം രക്ഷിക്കാനുള്ള വ്യഗ്രതയാണ് ഇതിനു പിന്നിലെന്നും കെ സുധാകരന്‍ പറഞ്ഞു. വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഫര്‍സീന്‍ മജീദിനെ നാടുകടത്താനുള്ള പൊലീസ് ശുപാര്‍ശയെയും സുധാകരന്‍ വിമര്‍ശിച്ചു. 

പരാതിക്കാരനെതിരെ കാപ്പ ചുമത്തുന്ന ആഭ്യന്തര വകുപ്പ് രാജ്യത്തിന് തന്നെ നാണക്കേടാണ്. കാപ്പ ചുമത്തി നാടു കടത്തേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനേയും ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജനേയുമാണ്. അക്രമരാഷ്ട്രീയത്തിന്റെ ഉപാസകരാണ് ഇരുവരുമെന്നും സുധാകരന്‍ പറഞ്ഞു. 

മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ചതിന് ഫര്‍സീന്‍ മജീദിനെ കാപ്പ ചുമത്തി ജയിലില്‍ അടയാക്കാനുള്ള തീരുമാനത്തെ ശക്തിയായി പ്രതിരോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഫര്‍സീനെതിരെ 19 കേസുകളുണ്ടെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ ഇതില്‍ 12 കേസുകളും കോവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ ലംഘിച്ച് സമരം നടത്തിയതിനുള്ള നിസാര കേസുകളാണ്. അതില്‍ പലതും അവസാനിച്ചു.

 അങ്ങനെയെങ്കില്‍ 40 ക്രിമിനല്‍ കേസുകളുള്ള എസ്എഫ്ഐ നേതാവിനെതിരെ കാപ്പ ചുമത്താന്‍ സര്‍ക്കാര്‍ തയാറാകുമോയെന്നും അദ്ദേഹം ചോദിച്ചു. കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധിച്ചതിന്റെ പേരില്‍ കാപ്പ ചുമത്തി അകത്തിടുമെങ്കില്‍, ഇത് സ്റ്റാലിന്റെ റഷ്യയല്ല, കേരളമാണെന്ന് മുഖ്യമന്ത്രിയെ ഓര്‍മിപ്പിക്കുന്നു. ആ കളി ഞങ്ങളോട് വേണ്ടെന്നും സതീശൻ പറഞ്ഞു.

അതേസമയം വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ മഹാത്മ ഗാന്ധി ചിത്രം തകര്‍ത്ത സംഭവത്തില്‍ അറസ്റ്റിലായ  നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. രാഹുല്‍ ഗാന്ധിയുടെ പി എ കെ ആര്‍ രതീഷ് കുമാര്‍, വി നൗഷാദ്, എസ് ആര്‍ രാഹുല്‍, കെ എ മുജീബ് എന്നിവരാണ് അറസ്റ്റിലായത്. വി നൗഷാദും എസ് ആര്‍ രാഹുലും രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫുമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com