'പോരാട്ടത്തില്‍ ഒറ്റയ്ക്കാവില്ല'; ഗവര്‍ണറെ പിന്തുണച്ച് കോണ്‍ഗ്രസ്

ഗവര്‍ണര്‍ പദവിയുടെ അന്തസ് ഉയര്‍ത്തിപിടിക്കുന്ന നടപടിയാണിതെന്ന് സുധാകരന്‍ പറഞ്ഞു
കെ സുധാകരന്‍ / ഫയല്‍
കെ സുധാകരന്‍ / ഫയല്‍


തിരുവനന്തപുരം: സര്‍വകലാശാലകളിലെ ബന്ധു നിയമനങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കാനുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ സ്വാഗതം ചെയ്ത് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഗവര്‍ണര്‍ പദവിയുടെ അന്തസ് ഉയര്‍ത്തിപിടിക്കുന്ന നടപടിയാണിതെന്ന് സുധാകരന്‍ പറഞ്ഞു. സര്‍വകലാശാലകളുടെ വിശ്വാസ്യത തകര്‍ത്ത ക്ഷുദ്രശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ ഗവര്‍ണര്‍ ഒറ്റയ്ക്കാവില്ല. കേരളീയ സമൂഹത്തിന്റെ എല്ലാ പിന്തുണയും അദ്ദേഹത്തിനുണ്ട്. വൈകിയെങ്കിലും ധീരമായ നിലപാട് സ്വീകരിച്ച ഗവര്‍ണറെ ഹൃദയത്തിന്റെ ഭാഷയില്‍ അഭിനന്ദിക്കുന്നതായും സുധാകരന്‍ പറഞ്ഞു.

എല്‍ഡിഎഫ് ഭരണത്തിലെ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ബന്ധുനിയമനങ്ങള്‍ അന്വേഷിക്കാനാണ് തീരുമാനമെങ്കിലും കഴിഞ്ഞ ആറുവര്‍ഷം നടന്ന എല്ലാ ചട്ടവിരുദ്ധ നിയമനങ്ങളെ കുറിച്ചും വിശദമായ അന്വേഷണത്തിന് ഗവര്‍ണര്‍ തയാറാകണം. കണ്ണൂര്‍, കേരള, കാലിക്കറ്റ്, സംസ്‌കൃത സര്‍വകലാശാലകളില്‍ ഇക്കാലയളവില്‍ നിയമനങ്ങളുമായി ബന്ധപ്പെട്ട് അര്‍ഹതയും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികളെ മറികടന്ന് സിപിഎമ്മിന് വേണ്ടി നിരവധി ക്രമക്കേടുകളാണ് നടത്തിയത്. സിപിഎം നടത്തിയ സ്വജനപക്ഷപാത നിയമനങ്ങള്‍ക്കെല്ലാം വിസിമാരുടെ പിന്തുണയും ഉണ്ടായിരുന്നെന്നും സുധാകരന്‍ പറഞ്ഞു. 

സിപിഎം നടത്തുന്ന വഴിവിട്ട നിയമനങ്ങള്‍ക്ക് കുടപിടിക്കുന്ന വിസിമാര്‍ക്ക്, എല്ലാ ഭരണസംവിധാനങ്ങളെയും നോക്കുകുത്തിയാക്കി പുനര്‍നിയമനം വരെ നല്‍കി. കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനത്തില്‍ ഗവര്‍ണറെ പോലും ചോദ്യം ചെയ്താണ് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചത്. അധ്യാപക നിയമനത്തിലെ സംവരണം വരെ വിസിമാരെ ഉപയോഗിച്ച് അട്ടിമറിച്ചു. സര്‍വകലാശാല ചാന്‍സലറായ ഗവര്‍ണറുടെ അധികാരം കവരുന്ന ബില്ലുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നത് തന്നെ അധികാരത്തിന്റെ തണലില്‍ സിപിഎം നടത്തിയ ബന്ധുനിയമനങ്ങള്‍ അസാധുവാകാതിരിക്കാനാണ്. സര്‍വകലാശാലകളില്‍ രാഷ്ട്രീയ അതിപ്രസരം ഇനിയും വര്‍ധിപ്പിച്ച് ഭരണവും നിയമനങ്ങളും കൈപിടിയിലൊതുക്കാനുള്ള വളഞ്ഞ വഴിയാണ് സര്‍ക്കാര്‍ നോക്കുന്നത്.

വൈസ് ചാന്‍സലറെ ഇറക്കി ഗവര്‍ണര്‍ക്കെതിരെ നിഴല്‍ യുദ്ധം നടത്തുന്നതും സര്‍ക്കാരാണ്. ഇത്രയും നാള്‍ചെയ്ത അഴിമതിയും ക്രമക്കേടും പിടിക്കപ്പെടുമോയെന്ന ഭയം കൊണ്ടാണ് ഗവര്‍ണര്‍ക്കെതിരെ ശക്തമായ ആക്രമണം സിപിഎം നേതാക്കള്‍ നടത്തുന്നത്. കണ്ണൂര്‍ വിസിക്കും, കേരള കലാമണ്ഡലം വിസിക്കും ഗവര്‍ണര്‍ക്കെതിരെ നിയമനടപടിയെ കുറിച്ച് ആലോചിക്കാന്‍ പോലും ധൈര്യം നല്‍കിയത് പിന്നില്‍ സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും പിന്‍ബലമാണ്. ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്‍മ സിപിഎം തകര്‍ത്ത് 'ഈജിയന്‍ തൊഴുത്താ'ക്കി മാറ്റി. സര്‍വകലാശാലകളുടെ വിശ്വാസ്യതയും സ്വയംഭരണവും നിലനിര്‍ത്തുന്നതിന് ഗവര്‍ണര്‍ സ്വീകരിക്കുന്ന എല്ലാ സുതാര്യവും ധീരവുമായ നടപടികള്‍ക്ക് കോണ്‍ഗ്രസിന്റെ പിന്തുണ ഉണ്ടാകുമെന്നും സുധാകരന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com