ഐഎസില്‍ ചേര്‍ന്ന മലയാളി ചാവേര്‍ ആര്?; അന്വേഷണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st August 2022 12:51 PM  |  

Last Updated: 21st August 2022 12:51 PM  |   A+A-   |  

ISIS3

പ്രതീകാത്മക ചിത്രം


ന്യൂഡല്‍ഹി: ലിബിയയില്‍ ഐഎസ് ചാവേറായി കൊല്ലപ്പെട്ട മലായാളിയെ പറ്റി അന്വേഷിച്ച് ഇന്ത്യന്‍ ഏജന്‍സികള്‍. കേരളത്തില്‍ നിന്ന് ഐഎസില്‍ ചേര്‍ന്നവരുടെ വിവരങ്ങളാണ് പരിശോധിക്കുന്നത്. ഐഎസ് ഔദ്യോഗിക പ്രസിദ്ധീകരണത്തിലാണ് മലയാളി ചാവേറിനെ കുറിച്ച് വിവരമുള്ളത്. അബൂബക്കര്‍ അല്‍ഹിന്ദി എന്നാണ് ഇയാളുടെ പേരെന്നും ലേഖനത്തില്‍ പറയുന്നു.

കേരളത്തില്‍ നിന്ന് നിരവധി പേർ ഐഎസിൽ ചേർന്നതായാണ് ഇന്ത്യൻ ഏജൻസികളുടെ കണക്കുകൾ. സിര്‍ത്തില്‍ നടന്ന ഏറ്റുമുട്ടില്‍ ചാവേറായി പൊട്ടിത്തെറിച്ച് മലയാളി കൊല്ലപ്പെട്ടുവെന്നുവാണ് ലേഖനത്തില്‍ പറയുന്നത്. ഇദ്ദേഹത്തെ പറ്റി മറ്റുകൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ ലേഖനത്തില്‍ ഇല്ല. ഇയാള്‍ ഐഎസില്‍ ചേരാനുണ്ടായ സാഹചര്യവും ലേഖനത്തിലുണ്ട്

കേരളത്തില്‍ നിന്നുള്ള ക്രിസ്ത്യന്‍ യുവാവാണ് ഇദ്ദേഹമെന്നും എന്‍ജിനിയറിങ് ബിരുദധാരിയാണെന്നും ലേഖനത്തില്‍ പറയുന്നു. ബംഗളൂരുവിലെ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഇയാള്‍ക്ക് ദുബായില്‍ ജോലി ലഭിച്ചത്. അതിനിടെ കൈയില്‍ കിട്ടിയ ലഘുലേഖയില്‍ നിന്ന് നബിയുടെ ചില വചനങ്ങള്‍ മനസിലാക്കാന്‍ കഴിഞ്ഞു. അതില്‍ ആകൃഷ്ടനായ ഇയാള്‍ ഇസ്ലാമിനെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് ഇന്റര്‍നെറ്റ് വഴി പഠനം തുടങ്ങി. അതിനിടെയാണ് ജിഹാദിനെ കുറിച്ച് അറിഞ്ഞത്. തുടര്‍ന്ന് ഐഎസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ദുബായിയില്‍ ഐഎസ് പ്രവര്‍ത്തനം നടത്തുന്നവരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഐഎസില്‍ ചേരാന്‍ തീരുമാനിച്ചു. എന്നാല്‍ അന്ന് അയാള്‍ക്ക് യമനിലേക്ക് പോകാന്‍ അവസരം ഒത്തുവന്നില്ല. 

പിന്നീട് യുവാവ് നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഐഎസില്‍ പോകാന്‍ അവസരം ഉണ്ടെന്നറിയിപ്പ് ലഭിച്ചു. ഇത് അറിഞ്ഞ് അയാള്‍ വീട്ടില്‍ നിന്ന് മുങ്ങി ലിബിയയിലേക്ക് പോകുകയായിരുന്നു. ഐഎസിന്റെ ശക്തികേന്ദ്രമായ സിര്‍ത്തില്‍ വച്ചാണ് ഇയാള്‍ക്ക് ആയുധ പരിശീലനം കിട്ടിയത്. സിര്‍ത്തില്‍ ഐഎസിന് നേരെയുണ്ടായ മിലിട്ടറി ഓപ്പറേഷനെ തടയാന്‍ വേണ്ടി ചാവേര്‍ ആക്രമം ആസൂത്രണം ചെയ്യുമ്പോള്‍ സ്വയം സന്നദ്ധനായി ഇയാള്‍ മുന്നോട്ടുവരികയായിരുന്നെന്ന് ലേഖനത്തില്‍ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'കണ്ണൂര്‍ വിസി ക്രിമിനല്‍; തന്നെ കയ്യേറ്റം ചെയ്യാന്‍ ഒത്താശ ചെയ്തു; പ്രവര്‍ത്തിക്കുന്നത് സിപിഎം കേഡറായി'; രൂക്ഷമായ വിമര്‍ശനവുമായി ഗവര്‍ണര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ