12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുമെന്ന് മന്ത്രി, എട്ടു മണിക്കൂറില്‍ കൂടുതല്‍ പറ്റില്ലെന്ന് കെഎസ്ആര്‍ടിസി യൂണിയനുകള്‍; മൂന്നാം വട്ട ചര്‍ച്ചയും പരാജയം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd August 2022 08:10 PM  |  

Last Updated: 22nd August 2022 09:08 PM  |   A+A-   |  

ksrtc

ഫയല്‍ ചിത്രം

 

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തൊഴിലാളി സംഘടനകളുമായി ഗതാഗതമന്ത്രി ആന്റണി രാജു മൂന്നാം വട്ടം നടത്തിയ ചര്‍ച്ചയും പരാജയം. സിംഗിള്‍ ഡ്യൂട്ടിയുടെ സമയക്രമവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് നിലനില്‍ക്കുന്നത്. നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കാനുള്ള തീരുമാനത്തോട് സഹകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍ എട്ട് മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി മതിയെന്ന നിലപാടില്‍ യൂണിയനുകള്‍ ഉറച്ചുനിന്നതോടെയാണ് ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞത്.

സുശീല്‍ ഖന്ന റിപ്പോര്‍ട്ട് അനുസരിച്ച് കെ എസ് ആര്‍ ടി സിയിലെ പ്രതിസന്ധി പരിഹരിച്ച് ലാഭകരമാക്കാന്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കണമെന്നാണ് മാനേജ്‌മെന്റ് നിലപാട്. എട്ടു മണിക്കൂര്‍ സ്റ്റിയറിംഗ് ഡ്യൂട്ടിയും നാലുമണിക്കൂര്‍ വിശ്രമവും അടങ്ങുന്നതാണ് സമയക്രമം. വിശ്രമസമയത്തിന് അധിക വേതനം വേണ്ടെന്ന നിയമോപദേശം സര്‍ക്കാര്‍ തൊഴിലാളി യൂണിയനുകളെ അറിയിച്ചു. എന്നാല്‍ എട്ടുമണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യില്ലെന്ന് സിഐടിയു അടക്കമുള്ള തൊഴിലാളി യൂണിയനുകള്‍ നിലപാടെടുത്തു. ഇതോടെയാണ് ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞത്.  കെ എസ് ആര്‍ ടി സിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ചര്‍ച്ച വീണ്ടും തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

1961ലെ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ആക്ട് പ്രകാരമുള്ള 8 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി മാത്രമേ അംഗീകരിക്കൂ എന്നാണ് അംഗീകൃത തൊഴിലാളി യൂണിയനുകള്‍ പറയുന്നത്. നിയമവും ചട്ടവും പറഞ്ഞുള്ള തര്‍ക്കത്തിലാണ് കഴിഞ്ഞ രണ്ട് ചര്‍ച്ചകളും തീരുമാനമാകാതെ പിരിഞ്ഞത്. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി അംഗീകരിച്ചാലേ എല്ലാ മാസവും 5ന് ശന്പളമെന്ന കാര്യത്തില്‍ ഉറപ്പ് നല്‍കാനാകൂ എന്നതാണ് സര്‍ക്കാര്‍ നിലപാട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ലോകായുക്ത നിയമഭേദഗതി ബില്‍ നാളെ നിയമസഭയില്‍; സിപിഎം-സിപിഐ ചര്‍ച്ച തുടരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ