ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണം; രണ്ടു മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th August 2022 08:21 PM  |  

Last Updated: 24th August 2022 08:21 PM  |   A+A-   |  

mob_attack

മര്‍ദ്ദനത്തിന് ഇരയായ ജിഷ്ണു

 


കോഴിക്കോട്: ബാലുശ്ശേരിയിലെ ആള്‍ക്കൂട്ട ആക്രമണ കേസില്‍ ഒളിവിലായിരുന്ന രണ്ട് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കെഎംസിസി ബാലുശ്ശേരി മണ്ഡലം ഭാരവാഹിയും ലീഗ് പ്രവര്‍ത്തകനുമായ പാലോളി പുതിയോട്ടില്‍ നസീര്‍ (45), പാലോളി പെരിഞ്ചേരി സവാദ് (40) എന്നിവരാണ് അറസ്റ്റിലായത്. പേരാമ്പ്ര കോടതി ഇരുവരെയും റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ ജൂണ്‍ 23നാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ജിഷ്ണുരാജിനെ മര്‍ദിച്ചവശനാക്കി തോട്ടില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ചത്. ഇതിന്റെ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. കേസില്‍ എസ്ഡിപിഐ, മുസ്ലിം ലീഗ് പ്രവര്‍ത്തകരായ 12 പേര്‍ റിമാന്‍ഡിലായിരുന്നു. നസീറും സവാദും രണ്ട് മാസമായി ഒളിവിലായിരുന്നു. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതിനെ തുടര്‍ന്ന് രണ്ടുപേരും  ബാലുശ്ശേരി പൊലീസില്‍ കീഴടങ്ങുകയായിരുന്നു.

പാലൊളിമുക്കില്‍ ഡിവൈഎഫ്‌ഐ ത്രിക്കുറ്റിശ്ശേരി ബ്ലോക്ക് കമ്മിറ്റി അംഗമായ ജിഷ്ണുവിനെ 30 ഓളം പേര്‍ വളഞ്ഞ് ആക്രമിക്കുകയായിരുന്നു. എസ്ഡിപിഐ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം. തന്റെ പിറന്നാളാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജിഷ്ണുവിനെ സംഘം തടഞ്ഞു നിര്‍ത്തി. ഫ്‌ലസ്‌ക് ബോര്‍ഡ് നശിപ്പിക്കാന്‍ വന്നതാണെന്നും പാര്‍ട്ടി നേതാക്കള്‍ ആയുധം കൊടുത്തു വിട്ടെന്നും കഴുത്തില്‍ കത്തിവച്ച് പറയിച്ച് വീഡിയോയും ചിത്രീകരിച്ചു. രണ്ടുമണിക്കൂര്‍ നേരത്തെ ക്രൂര മര്‍ദനത്തിനു ശേഷമാണ് ആള്‍ക്കൂട്ടം ജിഷ്ണുവിനെ പൊലീസിന് കൈമാറിയത്.  

ഈ വാര്‍ത്ത കൂടി വായിക്കൂ തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കില്ലെന്ന് മന്ത്രിമാര്‍; പിന്നോട്ടില്ലെന്ന് സമരസമിതി, വിഴിഞ്ഞത്ത് സമവായമായില്ല

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ