ഓണത്തിന് തട്ടിപ്പ് തടയാന്‍ പ്രത്യേക സംഘം; പരിശോധന ശക്തമാക്കുമെന്ന് മന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th August 2022 10:07 PM  |  

Last Updated: 24th August 2022 10:07 PM  |   A+A-   |  

g r anil

മന്ത്രി ജി ആര്‍ അനില്‍ /ഫെയ്സ്ബുക്ക്

 

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് ലീഗല്‍ മെട്രോളജി വകുപ്പിന്റെ പരിശോധന ഊര്‍ജ്ജിതമാക്കാന്‍ ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി ആര്‍  അനിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ഓണ വിപണിയുടെ ഭാഗമായി എല്ലാ ജില്ലകളിലും പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കും. 

തിരുവോണത്തിന് ഏഴ് ദിവസം മുമ്പ് മുതല്‍ സ്‌ക്വാഡ് പ്രവര്‍ത്തനം ആരംഭിക്കും. മുദ്ര പതിക്കാത്ത അളവ് തൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുക, അളവിലും തൂക്കത്തിലും കുറച്ച് വില്‍പ്പന നടത്തുക, നിര്‍മാതാവിന്റെ വിലാസം, ഉത്പന്നം പാക്ക് ചെയ്ത തീയതി, അളവ്, തൂക്കം, പരാമവധി വില്‍പ്പന വില, പരാതി പരിഹാര നമ്പര്‍ തുടങ്ങിയവ ഇല്ലാത്ത പാക്കറ്റുകള്‍ വില്‍പ്പന നടത്തുക, എം.ആര്‍.പി യെക്കാള്‍ അധിക വില ഈടാക്കുക, വില തിരുത്തുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ കണ്ടെത്തി പാക്കറ്റുകള്‍ പിടിച്ചെടുത്ത് പിഴ ഈടാക്കുകയോ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുകയോ ചെയ്യും.

റവന്യൂ, സിവില്‍ സപ്ലൈസ് ലീഗല്‍ മെട്രോളജി വകുപ്പുകള്‍ ചേര്‍ന്ന് സംയുക്ത മിന്നല്‍ പരിശോധന നടത്തി വെട്ടിപ്പുകള്‍ തടയുന്നതിനുള്ള നടപടി സ്വീകരിക്കും. നേരത്തെ നടന്ന ക്ഷമത പദ്ധതിയുടെ ഭാഗമായി ന്യൂനതകള്‍ കണ്ടെത്തിയ പെട്രോള്‍ പമ്പുകളില്‍ വീണ്ടും പരിശോധന നടത്തും. പരിശോധനകളുടെ ഭാഗമായി വ്യാപാരികളെ മനഃപൂര്‍വ്വം ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള നടപടികള്‍ സ്വീകരിക്കാന്‍ പാടില്ലെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സപ്ലൈകോ ഓണം ഫെയര്‍ വെള്ളിയാഴ്ച മുതല്‍; തുച്ഛമായ വിലയ്ക്ക് 17 ഇനങ്ങളുള്ള കിറ്റ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ