ജോലിക്കെന്ന വ്യാജേന സമീപിച്ചു; യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചു, പണവും സ്വര്‍ണവും കവര്‍ന്നു; യുവതി അടക്കം മൂന്നുപേര്‍ പിടിയില്‍

By സമകാലികമലയാളം ഡെസ്‌ക്  |   Published: 24th August 2022 11:25 AM  |  

Last Updated: 24th August 2022 11:25 AM  |   A+A-   |  

hassena

അറസ്റ്റിലായ പ്രതികള്‍


 

കൊച്ചി : യുവാവിനെ ലോഡ്ജ് മുറിയില്‍ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തില്‍ യുവതി അടക്കം മൂന്നുപേര്‍ അറസ്റ്റില്‍. കൊല്ലം ഉമയനല്ലൂര്‍ തഴുത്തല ഷീലാലയത്തില്‍ ജിതിന്‍ (28), ഭാര്യ ഹസീന (28), കൊട്ടാരക്കര ചന്ദനത്തോപ്പ് അന്‍ഷാദ് (26) എന്നിവരാണ് അറസ്റ്റിലായത്.

തൃപ്പൂണിത്തുറയില്‍ ഹോം നഴ്‌സിങ് സര്‍വീസ് നടത്തുന്ന വൈക്കം സ്വദേശിയായ യുവാവിനെ കേസിലെ ഒന്നാം പ്രതി ഹസീന ജോലി വേണമെന്ന വ്യാജേന സമീപിച്ചു. ചില സ്ഥലങ്ങളില്‍ ജോലിയുണ്ടെന്നു കാണിച്ചു യുവാവ് വാട്‌സാപ് സന്ദേശങ്ങള്‍ അയച്ചു. പിന്നീട് തനിക്കു കുറച്ചു പണം വേണമെന്ന് ഹസീന ആവശ്യപ്പെട്ടു.

ഓണ്‍ലൈനില്‍ പണം അയക്കാമെന്ന് യുവാവ് പറഞ്ഞപ്പോള്‍, വായ്പ എടുത്തിട്ടുള്ളതിനാല്‍ അക്കൗണ്ടില്‍ പണം വന്നാല്‍ ബാങ്കുകാര്‍ എടുക്കുമെന്നും നേരിട്ടു തന്നാല്‍ മതിയെന്നും ഹസീന പറഞ്ഞു. ഇതേത്തുടര്‍ന്ന് യുവാവ് ഹസീന പറഞ്ഞ ലോഡ്ജിലെത്തി. ഇരുവരും സംസാരിക്കുന്നതിനിടെ, ഹസീനയുടെ ഭര്‍ത്താവ് ജിതിനും സുഹൃത്തുക്കളായ അന്‍ഷാദും അനസും മുറിയിലെത്തി.

യുവാവിനെ കസേരയില്‍ കെട്ടിയിട്ടു മര്‍ദ്ദിച്ചു. യുവാവ് ധരിച്ചിരുന്ന മാല, കൈ ചെയിന്‍, മോതിരം എന്നിവ ഊരിയെടുത്തു. കൈവശമുണ്ടായിരുന്ന 30,000 രൂപയും കവര്‍ന്നു. എടിഎം കാര്‍ഡിന്റെ പിന്‍ നമ്പര്‍ വാങ്ങി എടിഎം വഴി 10,000 രൂപ പിന്‍വലിച്ചു. ഫോണ്‍ തട്ടിയെടുത്ത് കടയില്‍ വിറ്റു.

ഇതിനു പുറമേ യുവാവിനെ ഭീഷണിപ്പെടുത്തി 15,000 രൂപ ഗൂഗിള്‍ പേ വഴിയും ഹസീന കൈക്കലാക്കി. വിവരം പുറത്തു പറഞ്ഞാല്‍ സമൂഹ മാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. ആദ്യം പരാതിപ്പെടാന്‍ മടിച്ച യുവാവ് പിന്നീട് പൊലീസിനെ സമീപിക്കുകയായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ അനസ് ഒളിവിലാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ സംശയനിവാരണത്തിന് വിളിച്ചുവരുത്തി; സ്‌കൂളില്‍ വിദ്യാര്‍ഥിനിയ്‌ക്കെതിരെ ലൈംഗികാതിക്രമം; നിലവിളിച്ച് ഓടി പെണ്‍കുട്ടി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ