'ഉദ്യോഗസ്ഥര്‍ വിശ്വാസത്തിന്റെ കണ്ണട വെക്കണം'; കണ്ണൂരിലെ അടച്ചുപൂട്ടിയ സ്ഥാപനം തുറക്കാന്‍ അനുമതിയായെന്ന് പി രാജീവ്

ചില ഉദ്യോഗസ്ഥര്‍ സംശയത്തിന്റെ കണ്ണട ഉറപ്പിച്ചുവച്ചിരിക്കുകയാണ്. കുഴപ്പങ്ങളാണ് ആദ്യം നോക്കുന്നത്. 
പി രാജീവ്‌
പി രാജീവ്‌

കൊച്ചി: കണ്ണൂരിലെ അടച്ചുപൂട്ടിയ ഫര്‍ണീച്ചര്‍ കട തുറക്കാന്‍ അനുമതിയായെന്ന് വ്യവസായ മന്ത്രി പി രാജീവ്. താക്കോലുമായി ഇന്നലെതന്നെ അധികൃതര്‍ ഉടമയുടെ വീട്ടിലെത്തിയതായും സംരംഭകരെ സഹായിക്കാനാണ് ഉദ്യോഗസ്ഥര്‍ നോക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ചില ഉദ്യോഗസ്ഥര്‍ സംശയത്തിന്റെ കണ്ണട ഉറപ്പിച്ചുവച്ചിരിക്കുകയാണ്. കുഴപ്പങ്ങളാണ് ആദ്യം നോക്കുന്നത്. സംശയത്തിന്റെ കണ്ണടമാറ്റി വിശ്വാസത്തിന്റെ കണ്ണട വെക്കണമെന്നും രാജീവ് പറഞ്ഞു. ഭൂമി കയ്യേറിയതിന്റെ അടിസ്ഥാനത്തില്‍ നഗരസഭ നാല് ലക്ഷത്തിലധികം രൂപ പിഴ ചുമത്തി ഡിമാന്‍ഡ് നോട്ടീസ് നല്‍കിയിരുന്നു. അടയ്ക്കാതെ വന്നപ്പോള്‍ അടച്ചുപൂട്ടാന്‍ നഗരസഭ ഉത്തരവിട്ടു. 15 ദിവസം കഴിഞ്ഞിട്ടും ഉടമകള്‍ ബന്ധപ്പെട്ടില്ലെന്നാണ് നഗരസഭ പറയുന്നത്. പിന്നീട് ഉടമകള്‍ കോടതിയെ സമീപിക്കുകയായിരുന്നു. അവിടെയുണ്ടായ ചെറിയ ചില തര്‍ക്കമാണ് ഇത്തരം പ്രശ്‌നങ്ങളിലേക്ക് നയിച്ചത്. ഇക്കാര്യവുമായി തദ്ദേശസ്വയം ഭരണവകുപ്പ് മന്ത്രിയുമായി സംസാരിച്ചതായും പി രാജീവ് പറഞ്ഞു.

നല്ല രീതിയില്‍ മുന്നോട്ടു പോകുന്ന സംരംഭമാണത്. നേരത്തെയും അവര്‍ക്ക് എല്ലാ വിധ പിന്തുണയും നല്‍കിയിട്ടുണ്ട്. ഇനിയും അവര്‍ക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ പിന്തുണ നല്‍കുമെന്ന് രാജീവ് പറഞ്ഞു. നഗരസഭാ അധികൃതര്‍ 24ാം തിയതി തന്നെ താക്കോലുമായി സംരംഭകരുടെ വീട്ടില്‍ പോയിരുന്നു. എന്നാല്‍ അവിടെ ആരും ഉണ്ടായിരുന്നില്ലെന്നാണ് അവര്‍ പറഞ്ഞതെന്നും രാജീവ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com