3303 പേര്‍ക്ക് സൗജന്യ ചികിത്സ, കാരിത്താസ് ആശുപത്രിയുടെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം നാളെ; ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

കാരിത്താസ് ആശുപത്രിയുടെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം തിങ്കളാഴ്ച രാവിലെ  11ന് ഗവര്‍ണര്‍  ആരിഫ്  മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും
കാരിത്താസ് ആശുപത്രി, ഫെയ്‌സ്ബുക്ക്‌
കാരിത്താസ് ആശുപത്രി, ഫെയ്‌സ്ബുക്ക്‌

കോട്ടയം: കാരിത്താസ് ആശുപത്രിയുടെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം തിങ്കളാഴ്ച രാവിലെ  11ന് ഗവര്‍ണര്‍  ആരിഫ്  മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും. കോട്ടയം അതിരൂപത മെത്രാപോലീത്താ  മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിക്കും. 

ഡയമണ്ട്  ജുബിലിയുടെ  ഭാഗമായി വിവിധ  വിഭാഗങ്ങളിലായി  3303 പേര്‍ക്ക്    സൗജന്യ  ആരോഗ്യ  സേവനങ്ങള്‍    നല്‍കാന്‍ കഴിഞ്ഞു എന്നത്  ചാരിതാര്‍ഥ്യം നല്‍കുന്ന ഒരു  അനുഭവമാണെന്ന് കാരിത്താസ് ആശുപത്രി ഡയറക്ടര്‍ ഫാ. ഡോ. ബിനു കുന്നത്ത് പറഞ്ഞു.  വിവിധ ആരോഗ്യ ചികിത്സകള്‍ക്കായി മൂന്നു കോടി രൂപയിലധികമാണ് സൗജന്യമനുവദിച്ചത്.

കാരിത്താസ്  ആശുപത്രി  എക്കാലത്തും നടത്തിവരുന്ന  ചാരിറ്റി  പ്രവര്‍ത്തങ്ങള്‍ക്ക്  പുറമെയാണ്  ഈ ചികിത്സാ  സഹായങ്ങള്‍  ലഭ്യമാക്കിയതെന്നും ഫാ. ഡോ ബിനു കുന്നത്ത് പറഞ്ഞു. 15165 ഡയാലിസിസുകള്‍, 2288 മാമ്മോഗ്രാം, 1255  ആന്‍ജിയോഗ്രാം തുടങ്ങി  വിവിധ ആരോഗ്യ ചികിത്സകള്‍  സൗജന്യമായി  അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കുവാന്‍  കഴിഞ്ഞു. 45  കിടക്കകള്‍  ഉള്ള  അത്യാധുനിക  ഡയാലിസിസ്  യൂണിറ്റ്, കാരിത്താസ്  ആശുപത്രിയുടെ  പേരിലുള്ള   ബ്ലഡ്  ഡോണേഴ്‌സ്  മൊബൈല്‍  ആപ്പ്, പാര്‍ക്കിന്‍സണ്‍സ്  ആന്റ്  മൂവ്‌മെന്റ് ഡിസോഡര്‍  ക്ലിനിക്ക് ,  പ്രകൃതി  ദുരന്തം  നേരിട്ട  കൂട്ടിക്കലില്‍  100  ദിവസം  നീണ്ട  സൗജന്യ  മെഡിക്കല്‍  ക്യാമ്പ് , സ്‌പോര്‍ട്‌സ്  ഇഞ്ചുറി ആന്‍ഡ്  അഡ്വാന്‍സ് ആര്‍ത്രോസ്‌കോപ്പി സെന്റര്‍ ,'സി  പെ ' കാരിത്താസ്  ആശുപത്രിയില്‍ ബില്ല് അടക്കുന്നതിനുള്ള  പ്രത്യേക   സൗകര്യം, 'വിരല്‍ തുമ്പില്‍  കാരിത്താസ് 'കാരിത്താസ്  ആശുപത്രിയിലെ  ചികിത്സകള്‍ക്കായി പ്രത്യേക   സൗകര്യം, കേരള സ്റ്റാര്‍ട്ടപ്പ്  മിഷന്‍, കേരള  ആരോഗ്യ  വകുപ്പ്, എന്നിവരോടൊത്ത്    കേരളത്തില്‍ ഇദംപ്രദമായി  ഹെല്‍ത്ത് ടെക്ക്  സമ്മിറ്റ്  2022, സ്‌പെഷ്യലിറ്റി മെഡിസിനില്‍ തുടര്‍ച്ചയായ ഹെല്‍ത്ത് കോണ്‍ക്ലെവുകള്‍ തുടങ്ങി  നിരവധി  പരിപാടികളാണ് ഡയമണ്ട് ജുബിലിയുടെ  ഭാഗമായി നടപ്പാക്കിയതെന്നും ഫാ. ഡോ. ബിനു കുന്നത്ത് അറിയിച്ചു.

കോട്ടയം ജില്ലയില്‍ ആദ്യമായി ഒരു ഡിമെന്‍ഷ്യഹോം സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍  പൂര്‍ത്തിയായികഴിഞ്ഞു. ഓര്‍മ്മശക്തി കുറയുകയും നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുകയും ചെയ്യുന്ന വീടുകളിലെ മുതിര്‍ന്നവരെ സംരക്ഷിക്കുന്നതിനും ശുശ്രൂഷിക്കുന്നതിനും വേണ്ടിയാണ് ഡിമെന്‍ഷ്യഹോം സ്ഥാപിക്കുന്നത്.

കഴിഞ്ഞവര്‍ഷം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി 24.86 കോടി രൂപയുടെ സൗജന്യ ചികിത്സാ സഹായം നല്‍കാന്‍ കാരിത്താസ്  ആശുപത്രിക്ക് സാധിച്ചു. പാവപ്പെട്ട ഹൃദയസംബന്ധ രോഗികള്‍ക്കായി കാരിത്താസ് ഹാര്‍ട്ട് ഫൗണ്ടേഷനും, സുശക്തമായ പാലിയേറ്റീവ് കെയര്‍ യൂണിറ്റും നിലവില്‍ പ്രവര്‍ത്തനക്ഷമമാണ്. നിര്‍ദ്ധനരായ ക്യാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ കിടക്കകളും സൗജന്യ ഭക്ഷണവും നല്‍കിവരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ 1962ലാണ് കാരിത്താസ് ആശുപത്രി സ്ഥാപിതമായത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com