വിഴിഞ്ഞം തുറമുഖ നിർമാണത്തിന് സംരക്ഷണം വേണം; അദാനിയുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ; സമരം തുടരും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th August 2022 07:19 AM  |  

Last Updated: 29th August 2022 07:19 AM  |   A+A-   |  

vizhinjam_strike

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിന് സംരക്ഷണം ആവശ്യപ്പെട്ട് അദാനിയും തുറമുഖ നിർമാണ കരാർ കമ്പനിയായ ഹോവെ എഞ്ചിനിയറിങും നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിശദമായ വാദം കേൾക്കും. അദാനി ഗ്രൂപ്പിന് പിന്നാലെ ലത്തീൻ അതിരൂപതയും ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. 

വിഴിഞ്ഞത്ത് കേന്ദ്ര സേനയെയോ പൊലീസിനെയോ സുരക്ഷക്കായി നിയോഗിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. കേന്ദ്ര സേനയുടെ ആവശ്യമില്ലെന്നും സംസ്ഥാന പൊലീസ് സുരക്ഷയൊരുക്കാമെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ക്രമസമാധാന പ്രശ്നം ഉണ്ടെങ്കിൽ സർക്കാർ സിഐഎസ്എഫ് സുരക്ഷ ആവശ്യപ്പെടണമെന്നായിരുന്നു കേന്ദ്രം കോടതിയെ അറിയിച്ചത്. വിഴിഞ്ഞത്ത് ക്രമസമാധാന നില ഉറപ്പാക്കാൻ നേരത്തെ പൊലീസിന് കോടതി നിർദ്ദേശം നൽകിയിരുന്നു. 

കേസിൽ കക്ഷി ചേർക്കാൻ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പും വൈദികരുമടക്കമുള്ളവരും കോടതിയെ സമീപിക്കും. അദാനി ഗ്രൂപ്പ് നൽകിയ ഹർജിയിൽ കക്ഷി ചേർക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് ലത്തീൻ അതിരൂപതയുടെ തീരുമാനം. അദാനി നൽകിയ ഹര്‍ജിയിൽ തങ്ങളെ കൂടി കോടതി കേൾക്കണം എന്നതാണ് ആവശ്യം. വിഴിഞ്ഞം തുറമുഖം നിർമാണം മത്സ്യത്തൊഴിലാളി സമൂഹത്തിനാകെ ആപത്താണെന്ന് കാട്ടിയാണ് ലത്തീൻ അതിരൂപതയുടെ നീക്കം.

അതിനിടെ വിഴിഞ്ഞത്ത് സമരം ഇന്ന് വീണ്ടും ശക്തമാകും. കടൽ സമരം ഇന്ന് വീണ്ടും നടത്താനാണ് പ്രതിഷേധക്കാരുടെ തീരുമാനം. മുതലപ്പൊഴിയിൽ നിന്നുള്ള വള്ളങ്ങൾ ആണ് കടൽ മാർഗം തുറമുഖം വളയുക. കരമാർ​ഗവും തുറമുഖം ഉപരോധിക്കും. ഉപരോധ സമരത്തിന്റെ 14ാം ദിവസമാണ് ഇന്ന്. സമരക്കാരുമായി ഇന്ന് മൂന്നാംവട്ട മന്ത്രിതല ചർച്ചയും നിശ്ചയിച്ചിട്ടുണ്ട്. ഇന്നലെ ലത്തീൻ അതിരൂപത പ്രതിനിധികൾ എത്താത്തതിനെ തുടർന്ന് മന്ത്രിമാരുമായുള്ള ചർച്ച നടന്നിരുന്നില്ല.

ഈ വാർത്ത കൂടി വായിക്കൂ 

ചക്രവാതച്ചുഴി; സെപ്റ്റംബർ ഒന്ന് വരെ സംസ്ഥാനത്ത് വ്യാപക മഴ; മലയോര മേഖലയിൽ ജാ​ഗ്രതാ നിർദ്ദേശം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ