'നിരാലംബരായ മനുഷ്യരെ ശുശ്രൂഷിക്കുന്നത് ദൈവത്തെ ശുശ്രൂഷിക്കുന്നത് പോലെ'; കാരിത്താസ് ആശുപത്രി ഡയമണ്ട് ജൂബിലി ആഘോഷങ്ങള്‍ പൂര്‍ത്തിയായി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th August 2022 09:28 PM  |  

Last Updated: 29th August 2022 10:23 PM  |   A+A-   |  

governor

ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തപ്പോള്‍

 

കോട്ടയം: നിരാലംബരായ മനുഷ്യരെ ശുശ്രൂഷിക്കുന്നത് ദൈവത്തെ ശുശ്രൂഷിക്കുന്നത് പോലെയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കാരിത്താസ്  ആശുപത്രിയുടെ ഒരു വര്‍ഷം നീണ്ടു നിന്ന ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

സേവന പാതയില്‍  മുന്നേറുന്ന  കാരിത്താസ് പോലുള്ള  ആതുരാലയങ്ങളാണ് ഇന്ത്യന്‍ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട്  മുന്നേറുന്നത്.മനുഷ്യനന്മയ്ക്കും സാന്ത്വനത്തിനുമായി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുവാന്‍ ലോകത്തെ പഠിപ്പിക്കുകയാണ്   കാരിത്താസ്  ആശുപത്രിയെന്ന് നിസംശ്ശയം  പറയാമെന്നും അദ്ദേഹം  പറഞ്ഞു .

നിരാലംബരായ രോഗികളെ  മരുന്ന് കൊണ്ട്  മാത്രമല്ല സ്നേഹം കൊണ്ട് കൂടിയാണ്  ചികിത്സിക്കേണ്ടത്. അങ്ങനെ  പ്രവര്‍ത്തിക്കാന്‍ മിഷണറി  സ്ഥാപനങ്ങള്‍ക്ക്  മാത്രമേ സാധിക്കുകയുള്ളൂ. ആ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നവരാണ് കാരിത്താസ്  ആശുപ്രതിയുടെ  നേതൃത്വത്തിലുള്ളത് . സ്നേഹത്തോടെയും കരുണയോടെയും മറ്റുള്ളവരെ കാണാനും  പെരുമാറാനും പഠിപ്പിക്കുക എന്നതാണ്  ഇന്നത്തെ കാലത്തിന്റെ  ആവശ്യമെന്നും  അദ്ദേഹം  പറഞ്ഞു .

ചടങ്ങില്‍  കോട്ടയം അതിരൂപത മെത്രാപോലീത്താ ആര്‍ച് ബിഷപ്പ്  മാര്‍ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷത വഹിച്ചു .കോട്ടയം അതിരൂപത സഹായ മെത്രാന്‍  മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, തോമസ് ചാഴിക്കാടന്‍ എം.പി, അഡ്വ മോന്‍സ്  ജോസഫ്    എം.എല്‍.എ, പി  യു  തോമസ് (നവജീവന്‍ ട്രസ്‌ററ്) , കാരിത്താസ് ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ബോബി എന്‍. എബ്രഹാം,  കാരിത്താസ് ആശുപത്രി ഡയറക്ടര്‍ ഫാ. ഡോ. ബിനു കുന്നത്ത്, അസി. ഡയറക്ടര്‍ ഫാ. ജിനു കാവില്‍ എന്നിവര്‍ സംസാരിച്ചു.

ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ  സ്മരണ നിലനിറുത്തുന്നതിനായി  നിര്‍മ്മിക്കപ്പെട്ട ഡയമണ്ട് ജൂബിലി ഗേറ്റിന്റെ ഉദ്ഘാടനവും ഗവര്‍ണര്‍  ആരിഫ്  മുഹമ്മദ് ഖാന്‍ നിര്‍വഹിച്ചു .ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ  സ്മരണക്കായി  കാരിത്താസ്  കാമ്പസില്‍  ഒരു മാവിന്‍ തൈ കൂടി ഗവര്‍ണര്‍ നട്ടു .കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ 1962ലാണ് കാരിത്താസ് ആശുപത്രി സ്ഥാപിതമായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ബഫര്‍സോണ്‍: ഉപഗ്രഹ സര്‍വേയ്ക്ക് പുറമേ നേരിട്ടുള്ള പരിശോധന, വിദഗ്ധ സമിതി രൂപീകരിക്കും 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ