മുന്‍ മാനേജര്‍ തട്ടിയെടുത്തു; കോര്‍പ്പറേഷന് പഞ്ചാബ് നാഷണല്‍ ബാങ്ക് 2.53 കോടി തിരിച്ചുകൊടുത്തു

റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ് ശാഖയിലെ മുന്‍ മാനേജര്‍ റെജീല്‍ തട്ടിയെടുത്ത തുകയാണ് ബാങ്ക് തിരികെ നല്‍കിയത്.
കോഴിക്കോട് കോര്‍പ്പറേഷന്‍
കോഴിക്കോട് കോര്‍പ്പറേഷന്‍

കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്കിലുള്ള അക്കൗണ്ടുകളില്‍നിന്ന് തങ്ങള്‍ ആവശ്യപ്പെടാതെ 2.53 കോടി രൂപ ക്രമവിരുദ്ധമായി പിന്‍വലിച്ചെന്ന കോഴിക്കോട്  കോര്‍പ്പറേഷന്റെ പരാതിയെ തുടര്‍ന്ന് ബാങ്ക് ഈ തുക തിരികെ നല്‍കി. റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ് ശാഖയിലെ മുന്‍ മാനേജര്‍ റെജീല്‍ തട്ടിയെടുത്ത തുകയാണ് ബാങ്ക് തിരികെ നല്‍കിയത്. ആഭ്യന്തര ഓഡിറ്റില്‍ ക്രമക്കേട് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ബാങ്കിന്റെ നടപടി. 

കോര്‍പ്പറേഷന്റെ 13 അക്കൗണ്ടുകളാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപമുള്ള പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ശാഖയിലുള്ളത്. ഇതില്‍ പൂരക പോഷകാഹാര പദ്ധതിയില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കഴിഞ്ഞ മാസം കോര്‍പ്പറേഷന്‍ ചെക്ക് സമര്‍പ്പിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ടെന്ന് മനസിലായത്. ആവശ്യമായ തുകയില്ലെന്ന് കാട്ടി ബാങ്ക് ചെക്ക് മടക്കി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നാലു തവണകളായി 98ലക്ഷം രൂപ കോര്‍പ്പറേഷന്റെ അക്കൗണ്ടില്‍ നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തി. എന്നാല്‍ 98 ലക്ഷം രൂപമാത്രമാണ് നഷ്ടമായതെന്നായിരുന്നു ബാങ്ക് മാനേജരുടെ വിശദീകരണം. അതിന് ശേഷം ബാങ്കില്‍ നടത്തിയ ആഭ്യന്തര ഓഡിറ്റിലാണ് കോര്‍പ്പറേഷന്‍ പറഞ്ഞ അതേ തുക നഷ്ടപ്പെട്ടതായി കണ്ടെത്തിയതും ആ തുക തിരികെ കൊടുക്കാന്‍ നല്‍കാന്‍ തീരുമാനിച്ചു.

ഇന്നലെ കോര്‍പ്പറേഷന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ന് വൈകീട്ടിന് മുന്‍പ് പണം കൈമാറാനാണ് നിര്‍ദേശിച്ചിരുന്നത്. 2,53 കോടി രൂപ കോര്‍പ്പറേഷന്റെ അക്കൗണ്ടില്‍ എത്തിയതായി കോര്‍പ്പറേഷന്‍ സെക്രട്ടറി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com