ചുമരില്‍ വര്‍ണവരകളായി 'കേശവീയം';നാളെ ഗുരുവായൂര്‍ കേശവന്റെ ഓര്‍മ്മദിനം  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st December 2022 08:35 PM  |  

Last Updated: 01st December 2022 09:42 PM  |   A+A-   |  

guruvayur

കേശവീയം ചുമര്‍ചിത്ര മതില്‍

 


ഗുരുവായൂര്‍: ഗജരാജന്‍ ഗുരുവായൂര്‍ കേശവന്റെ ജീവിതകഥയെ ആസ്പദമാക്കിയുള്ള ചുമര്‍ചിത്ര മതില്‍ 'കേശവീയം ' നാളെ ഭക്തര്‍ക്ക് സമര്‍പ്പിക്കും. ഗുരുവായൂര്‍ ദേവസ്വം ചുമര്‍ചിത്ര പഠനകേന്ദ്രം ആഭിമുഖ്യത്തിലാണ് 'കേശവീയം' ചുമര്‍ചിത്ര മതില്‍ ഒരുക്കിയത്. ഏകാദശിയുടെ ഭാഗമായി നാളെ നടക്കുന്ന കേശവന്‍ അനുസ്മരണ ചടങ്ങിനു ശേഷമാകും കേശവീയം ചിത്ര ചുമരിന്റെ നേത്രോന്മീലനം. ദേവസ്വം ചെയര്‍മാന്‍ ഡോ. വികെ വിജയനും ഭരണ സമിതി അംഗങ്ങളും ചടങ്ങില്‍ സന്നിഹിതരാകും.

പരമ്പരാഗത കേരളീയ ചുമര്‍ചിത്ര ശൈലിയിലാണ് കേശവീയം ചുമര്‍ചിത്ര മതില്‍ ചിത്രീകരിച്ചത്. കേശവന്‍ നിലമ്പൂര്‍ കാട്ടില്‍ മേഞ്ഞു നടക്കുന്നത്,  വാരികുഴിയില്‍ വീഴുന്നത്, നിലമ്പൂര്‍ കോവിലകത്തു കേശവന് സ്വീകരണം, ഗുരുവായൂര്‍ ഷേത്രത്തില്‍ നടയിരുത്തുന്നത്, മാപ്പിള കലാപം, ആനയോട്ടത്തില്‍ കേശവന്‍ വിജയിക്കുന്നത്, മദപാടില്ലുള്ള കേശവന്‍, തടി പിടിക്കുന്നത്, കുട്ടികള്‍ക്ക് മുമ്പില്‍ കേശവന്‍ വഴി മാറുന്നത്, കേശവന്‍ ചെരിഞ്ഞു ഭഗവാനില്‍ ലയിക്കുന്നത് തുടങ്ങിയ ജീവിത രംഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്.

50 അടി നീളവും 4 അടി ഉയരവുമുള്ള ചുമരിലാണ് ചിത്രീകരണം. അക്രിലിക് നിറങ്ങളിലാണ് വര. ചുമര്‍ച്ചിത്ര പഠനകേന്ദ്രത്തിന്റെ പ്രിന്‍സിപ്പാള്‍ കെ. യു. കൃഷ്ണകുമാറിന്റെയും ചീഫ് ഇന്‍സ്ട്രക്ടര്‍ എം. നളിന്‍ബാബുവിന്റെയും നേതൃത്വത്തില്‍ പഠനകേന്ദ്രത്തിലെ നാലാം വര്‍ഷ വിദ്യാര്‍ഥികളായ അഭിനവ്, ഗോവിന്ദദാസ്, രോഹന്‍, ആരോമല്‍, കാര്‍ത്തിക്, അശ്വതി, ശ്രീജ,അമൃത എന്നിവരും രണ്ടാം വര്‍ഷ വിദ്യാര്‍ഥികളായ കരുണ്‍, അഭിജിത്,വിഷ്ണു അഖില,ഐശ്വര്യ, കവിത, സ്‌നേഹ, അപര്‍ണ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നടത്തുന്നത്.

ഈ വാർത്ത കൂടി വായിക്കൂ‌ അബ്ദുറഹിമാന്‍ എന്ന പേരിന് എന്താണ് കുഴപ്പം;ഏത് വേഷത്തില്‍ വന്നാലും ഒന്നും നടക്കില്ല; വിഴിഞ്ഞം പദ്ധതി നിര്‍ത്തിവെക്കില്ല; മുഖ്യമന്ത്രി

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ